തിരുവനന്തപുരം: മരംകൊള്ള വിവാദത്തിൽ കുരുക്കുകൾ മുറുകുംതോറും തലയൂരാൻ റവന്യൂവകുപ്പും മന്ത്രിയും. 1964ലെ ഭൂമി പതിവ് ചട്ടങ്ങൾ പ്രകാരം പതിച്ചുനൽകിയ ഭൂമിയിൽ അനുമതിയില്ലാത്ത മരങ്ങൾ മുറിച്ചത് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയുടെ കഴിഞ്ഞ ഒക്ടോബർ 24ലെ ഉത്തരവ് പ്രകാരമായിരുന്നെന്ന് തെളിഞ്ഞതോടെയാണ് വിവാദത്തിെൻറ ഗൗരവം കുറക്കാനുള്ള തന്ത്രങ്ങളിലേക്ക് വകുപ്പും പുതിയ മന്ത്രിയും തിരിഞ്ഞത്.
മുറിക്കാൻ അനുമതിയില്ലാത്ത തേക്ക്, ഇൗട്ടി, എബണി, ചന്ദനം എന്നിവ മുറിക്കാൻ അരങ്ങൊരുക്കുകയും തടയുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായിരുന്നു എ. ജയതിലകിെൻറ ഉത്തരവ്.
രാഷ്ട്രീയ, ഉന്നത ഉദ്യോഗസ്ഥ പങ്ക് വെളിപ്പെട്ടതിനുപിന്നാലെയാണ് തെൻറ ഉത്തരവിലെ അവ്യക്തതയാണ് മരംകൊള്ളക്ക് കാരണമെന്ന് മയപ്പെടുത്തി റവന്യൂ സെക്രട്ടറി രംഗത്തെത്തിയത്.
സർക്കാറിലേക്ക് നിലനിർത്തിയിരുന്ന മരങ്ങളും മുറിക്കാവുന്നതാണെന്ന 2017 ആഗസ്റ്റ് 17നുള്ള സർക്കുലറിലെ പിശക് ഒഴിവാക്കി ഉത്തരവ് പുറപ്പെടുവിച്ചെന്നാണ് സെക്രട്ടറിയുടെ വിശദീകരണം.
എന്നാൽ, ഒക്ടോബർ 24 െല ഉത്തരവിലും അവ്യക്തത നിലനിൽക്കുന്നെന്ന് ബോധ്യപ്പെട്ടു. ഉത്തരവിെൻറ മറവിൽ സർക്കാറിലേക്ക് നിക്ഷിപ്തമാക്കിയ മരങ്ങൾ പോലും മുറിക്കുന്ന വാർത്ത ശ്രദ്ധയിൽപെട്ടപ്പോൾ റദ്ദ് ചെയ്തെന്നുമാണ് വിശദീകരിക്കുന്നത്. ലാൻഡ് റവന്യൂ കമീഷണർ കെ. ബിജുവിന് ജൂൺ 14ന് അയച്ച കത്തിലാണ് സ്വന്തം വീഴ്ചകളുടെ ഗൗരവം കുറച്ചുള്ള ജയതിലകിെൻറ വാദങ്ങൾ.
അന്വേഷണം നടക്കവേ തന്നെ റവന്യൂ വകുപ്പിന് തെറ്റുപറ്റിയിട്ടില്ലെന്ന നിലപാടാണ് മന്ത്രി കെ. രാജൻ സ്വീകരിക്കുന്നത്. ചന്ദനം ഒഴികെയുള്ള മരങ്ങൾ മുറിക്കാമെന്ന ഉത്തരവ് രണ്ട് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിമാരാണ് കഴിഞ്ഞ സർക്കാറിെൻറ കാലത്ത് പുറത്തിറക്കിയത്.
വി. വേണു ആദ്യമിറക്കിയ ഉത്തരവിനെ മരംകൊള്ളക്ക് കൂടുതൽ അവസരമൊരുക്കുന്ന നിലയിൽ പുതുക്കിയത് ജയതിലകാണ്. രണ്ട് ഉത്തരവും അന്നത്തെ റവന്യൂമന്ത്രിയുടെ അറിവോടെയോ രാഷ്ട്രീയ തീരുമാനമോ ഇല്ലാതെ പുറത്തിറക്കില്ലെന്ന് വ്യക്തമാണ്. വില്ലേജ് ഒാഫിസറിലും തഹസീൽദാറിലും ശിക്ഷാ നടപടി ഒതുക്കി രാഷ്ട്രീയ നേതൃത്വത്തെ രക്ഷിക്കാനുള്ള ശ്രമമാണ് റവന്യൂമന്ത്രി നടത്തുന്നതെന്ന് വിമർശനമുയർന്നിട്ടുണ്ട്.
അന്വേഷണം വ്യാപിപ്പിക്കും; കൂടുതൽ കേസുകളെടുക്കാൻ തീരുമാനം
തൃശൂർ/വടക്കാഞ്ചേരി: മരംമുറിക്കൊള്ളയിൽ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്ത് വിപുലമായ അന്വേഷണത്തിന് തീരുമാനം. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എസ്. ശ്രീജിത്തിെൻറ നേതൃത്വത്തിൽ അന്വേഷണസംഘം വീണ്ടും തൃശൂരിൽ യോഗം ചേർന്നു. ഡി.എഫ്.ഒമാരായ എസ്. ജയശങ്കർ, ഫ്ലയിങ് സ്ക്വാഡ് ഡി.എഫ്.ഒ മാരായ പി. ധനേഷ് കുമാർ, രാജു കെ. ഫ്രാൻസിസ്, എ.സി.എഫ് എം.കെ. സുർജിത്ത്, മച്ചാട് റേഞ്ച് ഫോറസ്റ്റ് ഓഫിസർ ശ്രീദേവി മധുസൂദനൻ, വടക്കാഞ്ചേരി റേഞ്ച് ഫോറസ്റ്റ് ഓഫിസർ ഡെൽറ്റോ മറോക്കി, പട്ടിക്കാട് റേഞ്ച് ഫോറസ്റ്റ് ഓഫിസർ എം.പി. പ്രസാദ് എന്നിവർ പങ്കെടുത്തു. പട്ടിക്കാട്, മച്ചാട് റേഞ്ചുകളിലെ മരങ്ങൾ മുറിച്ചതുമായുള്ള കേസുകളെക്കുറിച്ചായിരുന്നു അവലോകനം.
വിവാദ ഉത്തരവിെൻറ മറവിൽ തൃശൂർ ജില്ലയിലാണ് വൻതോതിൽ മരം മുറിച്ചു കടത്തിയത്. മച്ചാട് റേഞ്ച് പരിധിയിൽ നിന്നും കണക്കില്ലാത്ത വിധത്തിലാണ് മരങ്ങൾ മുറിച്ചു കടത്തിയിരിക്കുന്നത്. പട്ടയഭൂമിയിൽ താമസിക്കുന്നവരിൽ നിന്ന് അന്വേഷണ സംഘം നേരിട്ട് തെളിവെടുക്കും.
മരംമുറിക്ക് പിന്നിൽ ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും ഗൂഢാലോചനയുണ്ടെന്നും പട്ടയ- വനഭൂമിയിൽ നിന്ന് മരം മോഷ്ടിച്ചിട്ടുണ്ടെന്നുമാണ് ക്രൈംബ്രാഞ്ച് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നത്.
മോഷണവും ഗൂഢാലോചനയും ചുമത്തി രജിസ്റ്റർ െചയ്ത കേസിൽ ആരെയും പ്രതി ചേർക്കാതെയാണ് നിലവിൽ എഫ്.ഐ.ആർ എങ്കിലും ഉദ്യോഗസ്ഥരുൾപ്പെടെ പ്രതിചേർക്കപ്പെടുമെന്ന സൂചനയാണ് അന്വേഷണസംഘം നൽകുന്നത്. ഇതിനിടെ കേസുമായി ബന്ധപ്പെട്ട് ആരംഭിച്ച കൺട്രോൾ റൂമിലേക്ക് മരംമുറിയുമായി ബന്ധപ്പെട്ട് പരാതികൾ എത്തുന്നുണ്ട്. വാഴാനി ഫോറസ്റ്റ് ഡിവിഷനിലും വടക്കാഞ്ചേരി ഡിവിഷനിലുമായി എട്ട് പട്ടയ ഭൂവുടമകളുടെ പേരിൽ കേസെടുത്തിട്ടുണ്ട്.
മരംമുറിച്ച ഭൂമിയുടെ പട്ടയത്തിെൻറ സ്വഭാവം, മരംമുറിക്കാനും കടത്താനും റവന്യൂ- വനം ഉദ്യോഗസ്ഥർ നൽകിയ അനുമതി തുടങ്ങിയവയെല്ലാം പരിശോധിച്ചാൽ മാത്രമേ ക്രമക്കേട് കൂടുതൽ വ്യക്തമാകൂവെന്നാണ് അന്വേഷണ സംഘത്തിെൻറ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.