കോഴിക്കോട്: സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. കോഴിക്കോട് ചാലപ്പുറം സ്വദേശി പി.പി. ഷബീറാണ് അറസ്റ്റിലായത്. ഒരു വർഷമായി ഒളിവിലായിരുന്ന ഷബീറിനെ വയനാട്ടിൽ വെച്ചാണ് ജില്ല ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്തത്.
വയനാട്ടിൽ ബിനാമി പേരിൽ നിർമിക്കുന്ന റിസോർട്ട് സന്ദർശിക്കാൻ ഷബീർ വേഷം മാറിയെത്താറുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. ഷമീർ എന്ന പേരിലാണ് എത്തിയിരുന്നത്. ഈ സാഹചര്യത്തിൽ ക്രൈംബ്രാഞ്ച് സംഘം ദിവസങ്ങളായി വേഷം മാറി റിസോർട്ടിന് സമീപം താമസിക്കുകയായിരുന്നു.
വെള്ളിയാഴ്ച രാത്രി ഹരിയാന രജിസ്ട്രേഷൻ കാറിൽ വയനാട് പൊഴുതനയിലെ റിസോർട്ടിന് സമീപമെത്തിയ പ്രതിയെ പൊലീസ് വാഹനം തടഞ്ഞ് പിടികൂടുകയായിരുന്നു. കേസ് എൻഫേഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കണമെന്ന് ശിപാർശ ചെയ്തിട്ടുണ്ട്.
2021 ജൂലൈ ഒന്നിനാണ് ഏഴിടത്ത് സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ കണ്ടെത്തിയത്. ഇവിടങ്ങളിൽ നിന്ന് സിംബോക്സടക്കം ഉപകരണങ്ങളും നൂറുകണക്കിന് സിം കാർഡുകളുമാണ് കണ്ടെത്തിയത്. പരിശോധനക്കിടെ ഇവിടത്തെ ജീവനക്കാരൻ കൊളത്തറ സ്വദേശി ജുറൈസിനെയാണ് ആദ്യം അറസ്റ്റുചെയ്തത്.
പിന്നീട് സമാന കേസിൽ ബംഗളൂരുവിൽ പിടിയിലായ മലപ്പുറം കാടാമ്പുഴ സ്വദേശി ഇബ്രാഹീം പുല്ലാട്ടിനെയും കേസിൽ പ്രതി ചേർത്ത് അറസ്റ്റുചെയ്തു. ഐ.ടി നിയമത്തിലെ വകുപ്പുകൾ ഉൾപ്പെടെ ചുമത്തിയാണ് കേസ്. ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കായാണ് സമാന്തര എക്സ്ചേഞ്ചുകൾ സ്ഥാപിച്ചത് എന്നാണ് പൊലീസ് കണ്ടെത്തൽ.
എക്സ്ചേഞ്ചുകൾ സ്ഥാപിച്ചവർ സർക്കാർ ഖജനാവിന് കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാക്കിയതായാണ് ടെലികമ്യൂണിക്കേഷൻ വിഭാഗം കണ്ടെത്തിയത്. രജിസ്ട്രേഷൻ ഇനത്തിൽ മാത്രം രണ്ടരക്കോടിയോളം രൂപയുടെ നഷ്ടമാണ് കണക്കാക്കിയത്. കേസിൽ ആറു മാസത്തോളമായി ഒളിവിൽ കഴിയുന്നവരാണ് ഷബീറും അബ്ദുൽ ഗഫൂറും കൃഷ്ണപ്രസാദും. ഇതിനിടെ ഒളിവിലിരുന്ന് അബ്ദുൽ ഗഫൂർ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.
ജനുവരി 25ന് ഒളിവിലുള്ള കോഴിക്കോട് ചാലപ്പുറം പുത്തൻപീടിയേക്കൽ പി.പി. ഷബീർ (45), ബേപ്പൂർ പാണ്ടികശാലക്കണ്ടി പി. അബ്ദുൽ ഗഫൂർ (45), പൊറ്റമ്മൽ മാട്ടായിപറമ്പ് ഹരികൃഷ്ണയിൽ എം.ജി. കൃഷ്ണപ്രസാദ് (34) എന്നീ പ്രതികൾക്കായി അന്വേഷണ സംഘം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
മറ്റൊരു പ്രതി മലപ്പുറം സ്വദേശി വാരങ്ങോട് നിയാസ് കുട്ടശ്ശേരിക്കായി (40) തിരച്ചിൽ സർക്കുലറും പുറപ്പെടുവിച്ചു. പ്രതികൾക്കെതിരെ കസബ സ്റ്റേഷനിൽ അഞ്ചും നല്ലളം സ്റ്റേഷനിൽ ഒന്നുമടക്കം ആറ് കേസാണ് രജിസ്റ്റർ ചെയ്തതത്. പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാനും നടപടി തുടങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.