പാലക്കാട്: വാളയാർ അമ്മ നയിക്കുന്ന നീതിയാത്ര മാർച്ച് ഒമ്പത് മുതൽ ആരംഭിക്കും. മാർച്ച് ഒമ്പതിന് രാവിലെ കാസർകോട്ടെ ഒപ്പുമരത്തിന്‍റെ ചുവട്ടിൽ നിന്നും ആരംഭിക്കുന്ന യാത്ര ഏപ്രിൽ നാലിന് പാറശാലയിൽ സമാപിക്കും. സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷയില്ലെങ്കിൽ എന്തിനാണ് ഭരണം, എന്തിനാണ് തെരഞ്ഞെടുപ്പ് എന്നീ ചോദ്യങ്ങൾ ഉയർത്തിയാണ് വാളയാർ അമ്മ യാത്ര നടത്തുന്നതെന്ന് വാളയാർ നീതി സമരസമിതി ഭാരവാഹികൾ വാർത്താകുറിപ്പിൽ അറിയിച്ചു.
സുഹൃത്തുക്കളെ,
കുഞ്ഞുങ്ങളുടെ മാതാപിതാക്കൾ ചില സമുദായ നേതാക്കളുടെ പിന്തുണയോടെ മുഖ്യമന്ത്രിയെ നേരിൽ കണ്ട് കാലുപിടിച്ചു സങ്കടം ബോധിപ്പിച്ചു. കുറ്റവാളികളെ ശിക്ഷിക്കുമെന്നും കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി. എന്നാൽ, പിന്നീട് നടന്നത് ഞെട്ടിക്കുന്ന കാര്യങ്ങളായിരുന്നു. കേസിന്‍റെ മുഴുവൻ അന്വേഷണച്ചുമതല ഉണ്ടായിരുന്ന സോജൻ എന്ന ഡി.വൈഎസ്.പിക്ക് സ്ഥാനക്കയറ്റം നൽകി എസ്.പിയാക്കി. ഇതറിഞ്ഞപ്പോൾ കുഞ്ഞുങ്ങളുടെ അമ്മ പൊട്ടിത്തെറിച്ചു. അവർ ഗവർണറെയും മറ്റും വീണ്ടും പോയിക്കണ്ടു. അട്ടപ്പള്ളത്തെ വീട്ടിനു മുന്നിൽ ഒരാഴ്ചത്തെ സത്യഗ്രഹവും നടത്തി. കോടതി പ്രതികളെ വെറുതെവിട്ടതിന്‍റെ ഒന്നാം വാർഷികമായ 2020 ഒക്ടോബർ 25 മുതൽ മുഖ്യമന്ത്രിയെ നേരിൽ കണ്ട് കാലുപിടിച്ചതിന്‍റെ ഒന്നാം വാർഷികമായ ഒക്ടോബർ 31 വെര ആയിരുന്നു സത്യഗ്രഹം. പിന്നീട് നിരവധി സമരങ്ങൾ നടത്തി. തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിനു മുമ്പ് സോജൻ, ചാക്കോ മുതലായ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന ആവശ്യം അംഗീകരിക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ താൻ തല മുണ്ഡനം ചെയ്തു ജനങ്ങളോട് നേരിൽ സംസാരിക്കാൻ ഇറങ്ങുമെന്ന് അമ്മ പ്രഖ്യാപിച്ചു. കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥരെ ഇപ്പോഴും സംരക്ഷിക്കുകയാണ് സർക്കാർ. വിചാരണകോടതിയും ഹനീഫ കമീഷനും ഹൈകോടതിയിൽ സർക്കാർ നൽകിയ സത്യവാങ്മൂലവും ഹൈകോടതി വിധി തന്നെയും കുറ്റക്കാരൻ എന്ന് കണ്ടെത്തിയ ചാക്കോ എന്ന ഉദ്യോഗസ്ഥൻ പ്രമോഷനോടെ സർവീസിൽ തുടരുന്നു. ഈ കേസിലെ എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യുന്നത് മുതൽ എല്ലാ ചുമതലയും ഉണ്ടായിരുന്ന സോജൻ എന്ന ഉദ്യോഗസ്ഥന് ഐ.പി.എസ് നൽകാൻ ശിപാർശ ചെയ്തിരിക്കുകയാണ് സർക്കാർ. തന്നെയുമല്ല പൊതു മാധ്യമത്തിൽ ഈ പെൺകുട്ടികളെ കുറിച്ച് വളരെ മോശമായും നിയമവിരുദ്ധമായും സംസാരിച്ച ഉദ്യോഗസ്ഥൻ കൂടിയാണ് സോജൻ. വിചാരണകോടതി വിധിക്കെതിരെ അമ്മയും സർക്കാരും ഹൈകോടതിയിൽ നൽകിയ അപ്പീലുകൾ പരിഗണിച്ചു കൊണ്ട് പ്രസ്താവിച്ച വിധിയിൽ ഈ കേസിന്‍റെ അന്വേഷണത്തിലും വിചാരണയിലും ഉണ്ടായ പിഴവുകൾ അക്കമിട്ടു നിരത്തി. പക്ഷെ ആ കേസിൽ സർക്കാറിന്‍റെ ഭാഗത്തു നിന്നുള്ള സത്യവാങ്മൂലം സമർപ്പിച്ചത് സോജൻ ആയതിനാൽ അദ്ദേഹത്തിന്‍റെ പിഴവുകൾ കോടതിയുടെ മുന്നിൽ വന്നില്ല. കേസ് വീണ്ടും അന്വേഷണത്തിന് വിചാരണകോടതി അനുവദിച്ചു. അമ്മയുെട ആവശ്യപ്രകാരം സി.ബി.ഐക്കു വിടാമെന്ന് സമ്മതിച്ചു സർക്കാർ ഉത്തരവിറക്കി. എന്നാൽ, അതിലും മൂത്തകുട്ടിയുടെ മരണം മാത്രം അന്വേഷിക്കാനാണ് വിജ്ഞാപനം ഇറക്കിയത്. അങ്ങനെ വന്നാൽ കേസിലെ അട്ടിമറി ഉൾപ്പെടാതെ പോകും. ഇതറിഞ്ഞ അമ്മയും സമരസമിതിയും ഹൈകോടതിയെ സമീപിച്ചു. ഉടനെ തന്നെ സർക്കാർ ആ വിജ്ഞാപനം ഒരു അബദ്ധമായിരുന്നുവെന്ന് പറഞ്ഞു കൊണ്ട് തിരുത്തി, രണ്ട് കുട്ടികളുടെ മരണം ഉൾപ്പെടുത്താൻ തയ്യാറായി. പക്ഷെ ഇപ്പോഴും വിജ്ഞാപനം തുടർ അന്വേഷണത്തിനായാണ് ഇറക്കിയിരിക്കുതെന്ന് കണ്ട് അക്കാര്യത്തിൽ വ്യക്തത വേണമെന്ന്് സി.ബി.ഐ ആവശ്യപ്പെട്ടിരിക്കുകയാണ്. പുനരന്വേഷണമില്ലെങ്കിൽ കേസിൽ പൊലീസ് തയ്യാറാക്കിയ രേഖകളും തെളിവുകളും സാക്ഷിമൊഴികളും അടിസ്ഥാനമാക്കിയ അന്വേഷണമാകും നടക്കുക. കൊലപാതകം എന്ന സാധ്യത ഇതിലൂടെ ഒഴിവാക്കാൻ ശ്രമിക്കുകയാണ് സർക്കാർ എന്ന് വ്യക്തമാണ്. കള്ളസാക്ഷികളെയും തെളിവകളും ഉപയോഗിച്ച് കേസ് അട്ടിമറിച്ചവരെ രക്ഷിക്കാൻ തന്നെയാണ് ഇപ്പോഴും ശ്രമിക്കുന്നത്. വാളയാർ സ്റ്റേഷനിൽ മാത്രം കഴിഞ്ഞ അഞ്ചു വർഷങ്ങൾക്കിടയിൽ 41 പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അതിൽ വിചാരണ പൂർത്തിയായി വിധി പറഞ്ഞ 12 കേസുകളിലും എല്ലാ പ്രതികളെയും കോടതി വെറുതേവിട്ടു എന്നും വിവരാവകാശരേഖകൾ പറയുന്നു. ഇത് കേരളത്തിലെ മറ്റു ഭാഗങ്ങളിലും കാണുന്ന രീതിയാണ്. രാഷ്ട്രീയവും പണവും സ്വാധീനം ചെലുത്തുന്നതിനാലാണ് ഇങ്ങനെ പ്രതികൾ രക്ഷപ്പെടുന്നത് എന്ന് വ്യക്തമാണ്. പക്ഷെ ആരുടെ സ്വാധീനമായാലും കേസുകൾ അട്ടിമറിക്കാൻ ഉദ്യോഗസ്ഥരുടെ ഇടപെടൽ ഉണ്ടായേ പറ്റൂ. ഇങ്ങനെ അട്ടിമറി നടത്തുന്ന ഉദ്യോഗസ്ഥർ നിയമപരമായി ശിക്ഷിക്കപ്പെടും എന്ന് ഉറപ്പുണ്ടായാൽ മാത്രമെ ഇനി ഒരു ഉദ്യോഗസ്ഥൻ ഇത്തരം സ്വാധീനത്തിനു കീഴ്പെടാതിരിക്കൂ എന്ന് ബോധ്യം ഉള്ളതിനാലാണ് വാളയാർ അമ്മ ഈ ആവശ്യവുമായി പൊതുസമൂഹത്തിൽ ഇറങ്ങുന്നത്.
2017 ജനുവരി 13നും മാർച്ച് നാലിനുമായി വാളയാർ അട്ടപ്പള്ളത്തെ ഒരു ദരിദ്ര ദലിത് കുടുംബത്തിലെ പതിമൂന്നും ഒമ്പതും വയസായ പെൺകുട്ടികൾ അതിഭീകരമായി പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്ത കേസിൽ എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കിക്കൊണ്ട് പാലക്കാട് പോക്സോ കോടതി 2019 ഒക്ടോബറിൽ നൽകിയ വിധി കേരളത്തെ ഞെട്ടിച്ചുവല്ലോ. ഈ കേസ് അതിസമർഥമായി അട്ടിമറിക്കപ്പെടുകയായിരുന്നുവെന്ന് വ്യക്തമാണ്. ഇളയകുട്ടിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തന്നെ പറയുന്നു, ആ മരണവും കൊലപാതകമാക്കാൻ സാധ്യതയുണ്ട്. പക്ഷെ അതെല്ലാം അവഗണിച്ചുകൊണ്ട് മുന്നോട്ടുപോയ അന്വേഷണസംഘവും പ്രതികളെ രക്ഷിക്കുകയായിരുന്നു. ഇതിനെതിരെ കേരള മനഃസാക്ഷി ഉണർന്നു. ശക്തമായ പ്രതിഷേധവും ഉണ്ടായി. ഹൈകോടതി മുതൽ സെക്രട്ടറിയേറ്റ് വരെ പദയാത്ര നടത്തി. രണ്ട് മാസത്തോളം സത്യഗ്രഹമിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ വന്നപ്പോൾ സത്യഗ്രഹം നിർത്തിവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.