കുട്ടികളിലെ മാനസികാരോഗ്യക്കുറവ് ക്രൂരകൃത്യങ്ങൾക്ക് വഴിവെക്കുമെന്ന് മന്ത്രി ആർ. ബിന്ദു

തിരുവനന്തപുരം: കുട്ടികളിലെ മാനസികാരോഗ്യക്കുറവ് ക്രൂരകൃത്യങ്ങൾക്ക് വഴിവെക്കുന്നതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു. ലിംഗ സമത്വം, ലിംഗ നീതി എന്നീ വിഷയങ്ങളിൽ വിദ്യാർഥികൾക്കിടയിൽ അവബോധം വർധിപ്പിക്കണം. ഈ വിഷയത്തിൽ ശാസ്ത്രീയമായ ക്ലാസുകൾ വിദ്യാർഥികൾക്ക് നൽകണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പാലാ സെന്‍റ് തോമസ് കോളജിൽ വിദ്യാർഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി.

പെൺകുട്ടികളുടെ ജനാധിപത്യപരമായ അവകാശങ്ങൾ സംരക്ഷിക്കുന്ന തരത്തിലുള്ള ഇന്‍റേണൽ കംപ്ലൈൻസ് കമ്മിറ്റി, ജെൻഡർ ജസ്റ്റിസ് ഫോറം അടക്കമുള്ളവ രൂപീകരിക്കണമെന്ന് യു.ജി.സി നിർദേശിച്ചിട്ടുണ്ട്. കോളജ് വിദ്യാർഥികൾക്ക് കൗൺസിലിങ് നൽകാനുള്ള കൗൺസിലിങ് സെല്ലുകൾ കാമ്പസിൽ വേണം. എന്നാൽ, എല്ലാ കോളജുകളിലും ഇത്തരം സെല്ലുകൾ ഉണ്ടെന്ന് പറയാൻ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു.

സർക്കാർ കോളജുകളിൽ നടപ്പാക്കിയിരുന്ന 'ജീവനി' പദ്ധതി മറ്റ് കോളജുകളിലും നടപ്പാക്കാൻ ഉദ്ദേശിക്കുന്നുണ്ട്. കോളജുകൾ തുറക്കുന്നതിന് മുന്നോടിയായി കുട്ടികളുടെ ആന്തരിക സംഘർഷങ്ങൾ ലഘൂകരിക്കാനുള്ള ക്ലാസുകൾ നൽകണമെന്ന് രണ്ടാഴ്ച മുമ്പ് വിളിച്ച സ്ഥാപന മേധാവികളുടെ യോഗത്തിൽ നിർദേശിച്ചിരുന്നതായും മന്ത്രി പറഞ്ഞു.

പാലായിലെ സംഭവം നിർഭാഗ്യകരമാണ്. കേരളം പോലുള്ള പ്രബുദ്ധ സംസ്ഥാനത്ത് ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നത് ആശങ്കാജനകമായ കാര്യമാണെന്നും മന്ത്രി ആർ. ബിന്ദു വ്യക്തമാക്കി.

Tags:    
News Summary - The mental illness of children can lead to atrocities says Minister R. Bindu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.