'മിനിമം ദൂരം' മാറ്റിയില്ല, ചെറുയാത്രകൾക്കും ചെലവേറും

തിരുവനന്തപുരം: മിനിമം നിരക്കിൽ സഞ്ചരിക്കാവുന്ന ദൂരം 2.5 കിലോമീറ്റർ ആയി നിലനിർത്തിയതോടെ ഓര്‍ഡിനറി ബസിലെ പുതിയ ടിക്കറ്റ് നിരക്ക് പല ഫെയര്‍ സ്റ്റേജുകളിലും നിലവിലെ ഫാസ്റ്റ് പാസഞ്ചർ നിരക്കിെനക്കാൾ കൂടും. കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് ബസ് ചാർജ് വർധിപ്പിച്ചപ്പോൾ മിനിമം ചാർജ് കൂട്ടാതെ, മിനിമം നിരക്കിൽ സഞ്ചരിക്കാവുന്ന ദൂരം അഞ്ച് കിലോമീറ്ററിൽ നിന്ന് 2.5 ആയി താഴ്ത്തുകയായിരുന്നു. ഇതാണ് നിലനിർത്തിയത്. ഫലത്തിൽ ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ്, വോള്‍വോ ഉള്‍പ്പെടെയുള്ള സൂപ്പര്‍ക്ലാസ് ബസുകളുടെ നിരക്കും ഇതിന് അനുസൃതമായി ഉയര്‍ത്തേണ്ടിവരും. തത്ത്വത്തിൽ കാര്യമായ വര്‍ധനക്കാണ് സര്‍ക്കാര്‍ അനുവാദം നൽകിയിരിക്കുന്നത്.

ഫെയര്‍‌സ്റ്റേജിലെ അപാകം പരിഹരിക്കാന്‍ തയാറാകാത്തത് യാത്രക്കാര്‍ക്ക് ബാധ്യതയാകും. ഓര്‍ഡിനറി ബസ് യാത്രക്കാരില്‍ 60 ശതമാനത്തില്‍ അധികവും പത്തുകിലോമീറ്ററിനുള്ളില്‍ യാത്ര ചെയ്യുന്നവരാണ്. ഒരു ബസില്‍ ഏറ്റവും കൂടുതല്‍ ചെലവാകുന്നത് മിനിമം ടിക്കറ്റാണ്. ഈ സ്റ്റേജിലെ യാത്രാദൂരം പകുതിയായി കുറച്ചിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങള്‍ മാറിയിട്ടും ഇത് പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. രണ്ടര കിലോമീറ്ററിന്‍റെ ഫെയര്‍‌സ്റ്റേജ് കോവിഡിനുമുമ്പുവരെ നിരക്ക് കണക്കാക്കാന്‍ പരിഗണിച്ചിരുന്നില്ല.


രാത്രി യാത്രക്ക് 40 ശതമാനം അധിക നിരക്ക് ഈടാക്കാമെന്ന രാമചന്ദ്രന്‍ കമീഷന്‍ ശിപാര്‍ശ എല്‍.ഡി.എഫ് നിരസിച്ചത് മാത്രമാണ് യാത്രക്കാര്‍ക്ക് ഏക ആശ്വാസം. ബസ് ചാര്‍ജ് വര്‍ധനക്കൊപ്പം രാത്രി യാത്രക്ക് പ്രത്യേക നിരക്ക് കൂടി ഏര്‍പ്പെടുത്തിയാല്‍ വലിയ പ്രതിഷേധം ഉണ്ടാകുമെന്നുകണ്ടാണ് പിന്മാറ്റം. ഈ നിര്‍ദേശം നടപ്പായെങ്കില്‍ രാത്രി മിനിമം ചാര്‍ജ് 14 രൂപയാകുമായിരുന്നു. ദിവസവേതനക്കാരായ സാധാരണക്കാരെയാകും ഇത് ബാധിക്കുക. ഈ സമയം തിരക്ക് കുറവായതിനാല്‍ നിരക്ക് കൂട്ടണമെന്നായിരുന്നു ബസുടമകളുടെ ആവശ്യം.

ശരാശരി 4000-4500 ബസ് നിരത്തിലുണ്ടായിരുന്ന ഘട്ടങ്ങളിൽ നിരക്ക് വർധനയുണ്ടാകുമ്പോൾ 25 ലക്ഷം രൂപ പ്രതിദിന വരുമാനത്തിൽ കെ.എസ്.ആർ.ടി.സിക്ക് വർധിക്കുമായിരുന്നു. എന്നാൽ സർവിസുകളുടെ എണ്ണം 3500 ലേക്ക് താഴ്ന്നതോടെ 15-18 ലക്ഷം വർധനയേ കെ.എസ്.ആർ.ടി.സി പ്രതീക്ഷിക്കുന്നുള്ളൂ.

Tags:    
News Summary - The ‘minimum distance’ has not changed, and short trips are expensive

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.