തിരുവനന്തപുരം: അടുത്ത മാസം ഒന്നു മുതല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ പിജി ഡോക്ടര്‍മാരുടെ സേവനം ഗ്രാമീണ മേഖലയിലും ലഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ കോളജുകളിലെ രണ്ടാം വര്‍ഷ പിജി ഡോക്ടര്‍മാരെ താലൂക്ക്, ജില്ല, ജനറല്‍ ആശുപത്രികളിലേക്കാണ് നിയമിക്കുന്നത്.
നാഷനല്‍ മെഡിക്കല്‍ കമ്മീഷന്റെ നിബന്ധനയനുസരിച്ച് പിജി വിദ്യാർഥികളുടെ ട്രെയിനിങ്ങിന്റെ ഭാഗമായാണ് ഇവരെ വിന്യസിപ്പിക്കുന്നത്. താലൂക്ക് തലം മുതലുള്ള ആശുപത്രികളില്‍ മെഡിക്കല്‍ കോളജുകളിലെ സ്‌പെഷാലിറ്റി വിഭാഗങ്ങളിലെ പിജി ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകുന്നതോടെ പൊതുജനങ്ങൾക്ക് ഏറെ സഹായകരമാകും. മെഡിക്കല്‍ കോളജുകളെ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിനായി മികച്ച ചികിത്സ ഉറപ്പാക്കുന്നതിനും റഫറല്‍, ബാക്ക് റഫറല്‍ സംവിധാനങ്ങള്‍ നടപ്പിലാക്കാന്‍ നടപടി സ്വീകരിച്ചു വരുന്നതായും മന്ത്രി വ്യക്തമാക്കി.
സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ 854, സ്വകാര്യ മെഡിക്കല്‍ കോളജുകളിലെ 430, എറണാകുളം അമൃത ഇന്‍സ്റ്റിറ്റ്യൂട്ടിലെ 98 എന്നിങ്ങനെ ആകെ 1382 പിജി ഡോക്ടര്‍മാരെയാണ് വിവിധ ആശുപത്രികളിലേക്ക് നിയമിക്കുന്നത്. ഒൻപത് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെയും ആര്‍സിസിയിലെയും 19 സ്വകാര്യ മെഡിക്കല്‍ കോളജുകളിലെയും പിജി ഡോക്ടര്‍മാര്‍ ഇതിലുള്‍പ്പെടും. മൂന്നു മാസം വീതമുള്ള നാല് ഗ്രൂപ്പുകളായിട്ടാണ് ഇവരുടെ സേവനം ലഭ്യമാകുന്നത്. പരമാവധി അതത് ജില്ലകളിലെ മെഡിക്കല്‍ കോളജുകളില്‍ നിന്നുള്ള പിജി ഡോക്ടര്‍മാരെയാണ് നിയമിക്കുന്നത്.
താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, ജില്ലാ, ജനറല്‍ ആശുപത്രി, മാനസികാരോഗ്യ കേന്ദ്രം, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, ടിബി സെന്റര്‍, പബ്ലിക് ഹെല്‍ത്ത് ലാബ് എന്നിവിടങ്ങളിലാണ് ഇവരുടെ സേവനം ലഭ്യമാക്കുക. പിജി വിദ്യാർഥികള്‍ക്കും ഈ പദ്ധതി ഏറെ ഗുണം ചെയ്യും. മികച്ച പരിശീലനം നേടാനും സംസ്ഥാനത്തെ ജില്ലാതല ആരോഗ്യ സംവിധാനങ്ങളെ അടുത്തറിയാനും ഈ പദ്ധതിയിലൂടെ കഴിയുമെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക് കൂട്ടൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.