തിരുവനന്തപുരം : സംസ്ഥാന ന്യൂനപക്ഷ കമീഷന്‍ സംഘടിപ്പിച്ച തിരുവനന്തപുരം ജില്ലാതല സിറ്റിങ്ങില്‍ നിരവധി പരാതികള്‍ തീര്‍പ്പാക്കി. ആശുപത്രി അധികൃതര്‍ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ലെന്ന നെയ്യാറ്റിന്‍കര സ്വദേശിയുടെ പരാതി പരിഗണിച്ച് പരാതിക്കാരന് രണ്ടാഴ്ചക്കകം സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കമീഷന്‍ ഉത്തരവിട്ടു.
വീട്ടിലും പരിസരത്തും രാത്രികാലങ്ങളിലുണ്ടാകുന്ന സാമൂഹ്യവിരുദ്ധശല്യം പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വര്‍ക്കല സ്വദേശി സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച് കമീഷന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുവാന്‍ ജില്ലാ പൊലീസ് മേധാവിക്കും വര്‍ക്കല സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്കും നേരത്തേ നിർദേശം നല്‍കിയിരുന്നു. ഈ നിര്‍ദ്ദേശത്തിന്‍മേല്‍ പൊലീസ് കൈക്കൊണ്ട നടപടികള്‍ കാരണം സാമൂഹ്യവിരുദ്ധശല്യം അവസാനിച്ചുവെന്ന് പരാതിക്കാരന്‍ ബോധിപ്പിച്ചതിനെ തുടര്‍ന്ന് പരാതി തീര്‍പ്പാക്കി.
പള്ളിവേട്ട മുസ്ലിം ജമാ അത്ത് കമ്മിറ്റി വഖഫ് നിയമങ്ങള്‍ ലംഘിച്ചും ജമാ അത്തിന്റെ ബൈലോ ലംഘിച്ചും പ്രവര്‍ത്തിക്കുന്നുവെന്ന പരാതിയില്‍ പരാതിക്കാരോടും ജമാ അത്ത് കമ്മിറ്റിക്കാരോടും വിശദീകരണം ആവശ്യപ്പെടുകയും പരാതിക്കാര്‍ ഉന്നയിച്ച വിഷയങ്ങള്‍ പരിഹരിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതാണെന്ന ജമാ അത്ത് കമ്മിറ്റിയുടെ ഉറപ്പിന്‍മേല്‍ പരാതി തീര്‍പ്പുകല്‍പ്പിക്കുകയും ചെയ്തു.
കോടതിവിധി ഉണ്ടായിട്ടും അയല്‍വാസി വഴി തടസപ്പെടുത്തുന്നു എന്ന വര്‍ക്കല സ്വദേശിയുടെ പരാതിയിന്മേല്‍ കോടതിവിധി നടപ്പാക്കാനാവശ്യമായ പൊലീസ് സംരക്ഷണം നല്‍കാന്‍ ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി പരാതി തിര്‍പ്പാക്കി. സ്‌കൂളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുപോയ വിദ്യാർഥിയുടെ ഫോണ്‍ സ്‌കൂള്‍ അധികൃതര്‍ പിടിച്ചെടുക്കുകയും കുട്ടിയെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും ചെയ്‌തെന്ന കുട്ടിയുടെ രക്ഷാകര്‍ത്താവിന്റെ പരാതിയില്‍ ഫോണ്‍ വിട്ടു നല്‍കിയെന്ന ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇതിന്റെ പേരില്‍ കുട്ടിയെ പീഡിപ്പിക്കാന്‍ പാടില്ലെന്ന ഉത്തരവോടെ പരാതി തീര്‍പ്പാക്കി. മറ്റ് പരാതികള്‍ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.