തിരുവനന്തപുരം: സംസ്ഥാനത്ത് ന്യൂനപക്ഷ ക്ഷേമവകുപ്പിന് വകയിരുത്തിയ ബജറ്റ് വിഹിതത്തിൽ ഇതുവരെ വിനിയോഗിച്ചത് 14.2 ശതമാനം. ഒന്നര മാസത്തോളം മാത്രം ബാക്കിനിൽക്കെയാണ് ഫണ്ട് വിനിയോഗത്തിൽ ന്യൂനപക്ഷ വകുപ്പ് പിറകിൽ നിൽക്കുന്നത്. 2023-24 ബജറ്റിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പിനായി വകയിരുത്തിയത് 76.1 കോടി രൂപയാണ്. ഇതിൽ 10.79 കോടി രൂപയാണ് ഇതുവരെ ചെലവഴിച്ചതെന്ന് നിയമസഭയിൽ പി. ഉബൈദുല്ലയുടെ ചോദ്യത്തിന് മന്ത്രി വി. അബ്ദുറഹ്മാൻ നൽകിയ മറുപടിയിൽ പറയുന്നു.
പല പദ്ധതികൾക്കുമായി വകയിരുത്തിയതിൽ ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ല. ഐ.ടി.സി ഫീ റീ ഇംബേഴ്സ്മെന്റ് സ്കീം (4.82 കോടി), ന്യൂനപക്ഷ കേന്ദ്രീകൃത പ്രദേശങ്ങളിലെ കുടിവെള്ള പദ്ധതി (ഒരു കോടി), മൈനോറിറ്റി റിസർച് ഇൻസ്റ്റിറ്റ്യൂട്ട് (10 ലക്ഷം), പ്രധാനമന്ത്രി ജൻവികാസ് കാര്യക്രം (കേന്ദ്ര-സംസ്ഥാന വിഹിതം ചേർത്ത് 40 കോടി), ഓഫിസ് ആധുനികീകരണം (ഒരുകോടി) എന്നിവക്കായി നീക്കിവെച്ച തുകയിൽനിന്നാണ് ഒരു രൂപ പോലും ചെലവഴിക്കാത്തത്. ഇതിൽ ഐ.ടി.സി ഫീ റീ ഇംബേഴ്സ്മെന്റ് സ്കീമിനായി ഏതാനും ദിവസം മുമ്പാണ് അപേക്ഷ ക്ഷണിച്ചത്.
കൂടുതൽ തുക വിനിയോഗിച്ചത് പ്രഫ. ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്/ സിവിൽ സർവിസ് സ്കോളർഷിപ്/ വിദേശ പഠനത്തിനുള്ള സ്കോളർഷിപ് എന്നിവക്കായാണ്. ബജറ്റിൽ 6.52 കോടി നീക്കിവെച്ചതിൽ 4.72 കോടി രൂപ (72.4 ശതമാനം) ചെലവിട്ടു. മദർ തെരേസ സ്കോളർഷിപ്പിനായി നീക്കിവെച്ച 68 ലക്ഷം രൂപയിൽ 66.75 ലക്ഷം രൂപയും (98.2 ശതമാനം) ചെലവഴിച്ചു. എ.പി.ജെ. അബ്ദുൽ കലാം സ്കോളർഷിപ്പിന് 82 ലക്ഷം രൂപ വകയിരുത്തിയതിൽ 69.93 ലക്ഷം രൂപയും (85.3 ശതമാനം), കരിയർ ഗൈഡൻസ് പരിശീലന പരിപാടിക്കായുള്ള 1.2 കോടിയിൽ 25 ലക്ഷവും (21 ശതമാനം), വിവാഹ പൂർവ കൗൺസലിങ്ങിനുള്ള 90 ലക്ഷം രൂപയിൽ 25 ലക്ഷവും (28 ശതമാനം), ഇമ്പിച്ചി ബാവ ഭവന/ പുനരുദ്ധാരണ പദ്ധതിക്കുള്ള അഞ്ചു കോടിയിൽ 1.45 കോടിയും (29 ശതമാനം), ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷൻ ഷെയർ കാപിറ്റലിനായുള്ള 13 കോടിയിൽ 2.6 കോടിയും (20 ശതമാനം) ആണ് വിനിയോഗിച്ചത്.
വിഹിതം നഷ്ടപ്പെടുത്താതെ വിനിയോഗിക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രിയുടെ മറുപടിയിൽ പറയുന്നുണ്ടെങ്കിലും പല പദ്ധതികളുടെയും വിനിയോഗം പൂജ്യം ശതമാനമാണ്. സി.എ/സി.എം.എ സ്കോളർഷിപ്, സിവിൽ സർവിസ് സ്കോളർഷിപ്, സി.എച്ച്. മുഹമ്മദ്കോയ സ്കോളർഷിപ് എന്നിവക്ക് ഇനിയും അപേക്ഷ ക്ഷണിച്ചിട്ടില്ല. മറ്റെല്ലാ സ്കോളർഷിപ്പുകൾക്കും അപേക്ഷ ക്ഷണിക്കുകയും നാലെണ്ണത്തിന്റെ വിതരണം പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്. കേന്ദ്രാവിഷ്കൃത പദ്ധതിക്കായി ബജറ്റിൽ 40കോടി വകയിരുത്തിയിട്ടുണ്ടെങ്കിലും തുക ഇതുവരെ അനുവദിച്ചിട്ടില്ലെന്നും മറുപടിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.