പനങ്ങാട്: ദേശീയപാതയിൽ മാടവന ജങ്ഷനിൽ ദീർഘദൂര ബസ് അപകടത്തിൽപ്പെടാനുണ്ടായ കാരണം അമിതവേഗതയെന്ന് മോട്ടോർ വാഹന വകുപ്പ്.
സിഗ്നലിനെ അതിവേഗം മറികടക്കാനുള്ള താല്പര്യത്തിൽ പാഞ്ഞെത്തിയ ബസ്, സിഗ്നൽ മാറിയതോടെ പെട്ടെന്ന് ബ്രേക്ക് ചെയ്തത് അപകടകാരണമായി. ബസിന്റെ പിന്നിലെ ഇടതുവശത്തെ രണ്ടു ടയറുകൾ തേഞ്ഞതും റോഡിലെ വെള്ളവും അപകടത്തിന്റെ ആഘാതം കൂട്ടി. സ്പീഡ് ഗവർണർ പ്രവർത്തനക്ഷമമല്ലാതിരുന്ന ബസിൽ ആറു സീറ്റുകൾ അധികമായി പിടിപ്പിച്ചിട്ടുണ്ടായിരുന്നു. നീല ഹാലൊജൻ ബൾബുകളും ബസിൽ പിടിപ്പിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
കൂടാതെ തമിഴ്നാട്ടിലെ ബസ് വിഷയത്തിൽ വാഹനങ്ങൾ മൈസൂര് വഴി വന്നതിനാൽ സമയം വൈകിയതും കാരണമായിട്ടുണ്ടെന്നും എറണാകുളം ആർ.ടി.ഒ. കെ. മനോജ് പറഞ്ഞു.
ബംഗളൂരുവിൽനിന്ന് വർക്കലക്ക് പോവുകയായിരുന്ന കല്ലട ബസ്സാണ് ഞായറാഴ്ച്ച രാവിലെ പത്തുമണിയോടെ മാടവന സിഗ്നൽ ജങ്ഷനിൽ ബൈക്കിന് മുകളിലേക്ക് മറിഞ്ഞത്. അപകടത്തിൽ ബൈക്ക് യാത്രികൻ മരിക്കുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഗതാഗത മന്ത്രി ഗണേഷ് കുമാറിന്റെ നിർദേശാനുസരണം ആർ.ടി.ഒ ജോയിന്റ് ആർ.ടി.ഒ മാരുടെ നേതൃത്വത്തിൽ അപകടത്തിൽപ്പെട്ട ബസിൽ നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്. എറണാകുളം ആർ.ടി.ഒ. കെ. മനോജ്, തൃപ്പൂണിത്തുറ ജോയിന്റ് ആർ.ടി.ഒ അബ്ദുൽ റഹ്മാൻ, തൃപ്പൂണിത്തുറ എം.വി.ഐ നൗഫൽ, എറണാകുളം എം.വി.ഐ രാജേഷ് എ.ആർ, എറണാകുളം എ.എം.വി.ഐ. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.