മുനമ്പത്തേത് സിവിൽ കേസ്; വഖഫ് ബോർഡിന്‍റെ നോട്ടീസിന് താൽകാലിക സ്റ്റേ നൽകാം -ഹൈകോടതി

കൊച്ചി: മുനമ്പം വഖഫ് ഭൂമിയിൽ താമസക്കാർക്കെതിരെ പുറപ്പെടുവിച്ച നോട്ടീസിൽ താൽകാലിക സ്റ്റേ പുറപ്പെടുവിക്കാമെന്ന് ഹൈകോടതി. ഹരജിക്കാർക്ക് സിവിൽ കോടതിയെ സമീപിക്കാമെന്നും അതുവരെയുള്ള സംരക്ഷണത്തിന്‍റെ ഭാഗമായി സ്റ്റേ നൽകാമെന്നും കോടതി വാക്കാൻ പരാമർശിച്ചു.

കേന്ദ്ര വഖഫ് നിയമത്തിലെ വിവിധ വകുപ്പുകൾ ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ജോസഫ് ബെന്നി അടക്കം മുനമ്പത്തെ ഭൂമി കൈവശക്കാർ നൽകിയ ഹരജിയാണ് ഹൈകോടതി പരിഗണിച്ചത്. മുനമ്പത്തേത് സിവിൽ കേസിന്‍റെ പരിധിയിൽ വരുന്നതാണ്. ഉടമസ്ഥാവകാശ തർക്കത്തിൽ ഇടപെടാനില്ലെന്നും കോടതി വ്യക്തമാക്കി.

ഫറൂഖ് കോളജിൽ നിന്ന് ഭൂമി വാങ്ങിയതാണ്. അതിനാൽ ഹരജിക്കാർക്ക് സിവിൽ കോടതിയെ സമീപിക്കാവുന്നതാണ്. വഖഫ് ബോർഡ് നൽകിയ നോട്ടീസിന് താൽകാലിക സ്റ്റേ പുറത്തിറക്കാമെന്നും ജസ്റ്റിസുമാരായ അമിത് റാവൽ, ജയകുമാർ എന്നിവരുടെ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

അതേസമയം, മുനമ്പം വഖഫ് ഭൂമി വിഷയത്തില്‍ ബന്ധ​പ്പെട്ട കക്ഷികളിൽ നിന്ന് സർക്കാർ നിയോഗിച്ച ജുഡീഷ്യൽ കമീഷൻ ആക്ഷേപങ്ങളും അഭിപ്രായങ്ങളും ക്ഷണിച്ചിട്ടുണ്ട്. ഉടമസ്ഥത സംബന്ധിച്ച് ശാശ്വത പരിഹാരം കണ്ടെത്തി, സര്‍ക്കാര്‍ സ്വീകരിക്കേണ്ട നടപടികള്‍ ശിപാര്‍ശ ചെയ്യാന്‍ കമീഷന്‍ ഓഫ് എന്‍ക്വയറീസ് ആക്ട് പ്രകാരം നിയോഗിക്കപ്പെട്ട ഹൈകോടതി മുന്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ കമീഷൻ മുമ്പാകെയാണ് ഇവ സമർപ്പിക്കേണ്ടത്.

ആക്ഷേപങ്ങള്‍, പരാതികള്‍, അഭിപ്രായങ്ങള്‍, നിര്‍ദേശങ്ങള്‍ തുടങ്ങിയവ തപാല്‍ മുഖേനയും പ്രവൃത്തിദിനങ്ങളില്‍ കാക്കനാട് ഓഫിസില്‍ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെ നേരിട്ടും സമര്‍പ്പിക്കാം. തപാല്‍ വിലാസം - 1 ബി, ഭവാനി, കുന്നുംപുറം, കാക്കനാട്, പിന്‍-682030.

മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ ഒരാഴ്ച മുമ്പാണ് ജുഡീഷ്യൽ കമീഷനെ നിയോഗിച്ച് സംസ്ഥാന സർക്കാർ വിജ്ഞാപനമിറക്കിയത്. രാജഭരണമുണ്ടായിരുന്ന ഭൂമിയുടെ നിലവിലെ അവസ്ഥ, താമസക്കാരുടെ അവകാശങ്ങൾ എങ്ങനെ സംരക്ഷിക്കാം, സർക്കാർ സ്വീകരിക്കേണ്ട നടപടികൾ എന്നിങ്ങനെ മൂന്ന് വിഷയങ്ങളാണ് കമീഷൻ പരിഗണിക്കുക.

മൂന്നു മാസത്തിനുള്ളിൽ കമീഷൻ റിപ്പോർട്ട് സമർപ്പിക്കണം. ഇതിനായി ജുഡിഷ്യൽ കമീഷന് വിവര ശേഖരണത്തിന് കൊച്ചി താലൂക്ക് ജൂനിയർ സൂപ്രണ്ട് ജോസഫ് ആന്റണി ഹെർട്ടിസിനെ നോഡൽ ഓഫിസറായി ഉദ്യോഗസ്ഥ സംഘത്തെ നിയമിച്ചിരുന്നു. ഇവർ ഈ മാസം 17നകം വിവരങ്ങൾ കൈമാറണം.

Tags:    
News Summary - The Munambam Land issue is a civil case; Temporary stay on Waqf Board's notice - High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.