ന്യൂഡൽഹി: അയൽരാജ്യങ്ങളായ പാകിസ്താൻ, ബംഗ്ലദേശ്, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിൽ കുടിയേറിയവരിൽ മുസ്ലിം അല്ലാത്തവർക്ക് മാത്രം പൗരത്വം നൽകാൻ അപേക്ഷ ക്ഷണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കഴിഞ്ഞയാഴ്ച ഇറക്കിയ വിജ്ഞാപനം ഉടനടി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്ലിംലീഗ് സുപ്രീംകോടതിയിൽ.
മതാടിസ്ഥാനത്തിൽ പൗരത്വം അനുവദിക്കുന്നത് തുല്യതയുടെയും സമത്വത്തിെൻറയും ഭരണഘടന വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്ന് ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി അഡ്വ. ഹാരിസ് ബീരാൻ മുഖേന നൽകിയ ഹരജിയിൽ ചൂണ്ടിക്കാട്ടി. ഇപ്പോൾ പ്രാബല്യത്തിലുള്ള പൗരത്വ നിയമത്തിെൻറ വ്യവസ്ഥകൾ ദുരുപയോഗിക്കുകയാണ്.
2019ൽ പാസാക്കിയ വിവാദ പൗരത്വ ഭേദഗതി നിയമത്തിൽ മതം പൗരത്വത്തിന് മാനദണ്ഡമാക്കുന്നതിനാൽ, അതിനെതിരെ നൽകിയ ഹരജികൾ സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്. ഈ നിയമഭേദഗതി പ്രകാരം ചട്ടങ്ങൾ സർക്കാർ രൂപപ്പെടുത്തിയിട്ടില്ല. വിവാദ നിയമഭേദഗതി സ്റ്റേ ചെയ്യണമെന്ന ആവശ്യം സർക്കാർ സുപ്രീംകോടതിയിൽ എതിർത്തത് ഇക്കാരണം പറഞ്ഞാണ്.
കോടതിക്ക് നൽകിയ ഉറപ്പ് ലംഘിച്ച്, വളഞ്ഞ വഴിയിലൂടെ മതം പൗരത്വത്തിന് മാനദണ്ഡമാക്കുകയാണ് ഇപ്പോൾ. പൗരത്വ ഭേദഗതി നിയമം കോടതി അസാധുവാക്കിയാൽ, ഇപ്പോഴത്തെ ഉത്തരവ് പ്രകാരം കൊടുക്കുന്ന പൗരത്വം പ്രശ്ന വിഷയമാകുമെന്നും ഹരജിയിൽ പറഞ്ഞു.
കുടിയേറിയവരിൽ മുസ്ലിംകളെ ഒഴിവാക്കി അഞ്ചു സംസ്ഥാനങ്ങളിലെ 13 ജില്ലകളിലുള്ള ഹിന്ദു, ക്രൈസ്തവ, ജൈന, ബുദ്ധ, പാഴ്സി, സിഖ് സമുദായങ്ങളിൽപെട്ടവർക്ക് പൗരത്വം അനുവദിക്കാൻ ജില്ലാ കലക്ടർമാരെ അധികാരപ്പെടുത്തുന്നതാണ് മേയ് 28ന് ആഭ്യന്തര മന്ത്രാലയം ഇറക്കിയ ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.