കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിൽ മുതിർന്ന നേതാക്കൾക്കും പുതുമുഖങ്ങൾക്കും ഒരേപോലെ അവസരം നൽകാൻ മുസ്ലിം ലീഗ് ഒരുങ്ങുന്നു. പാർട്ടിയുടെ അഞ്ചംഗ ഉന്നതാധികാര സമിതിയിലെ മൂന്നു നേതാക്കളും മത്സര രംഗത്തുണ്ടാവുമെന്നാണ് അറിയുന്നത്.
സംസ്ഥാന പ്രസിഡൻറ് പാണക്കാട് ഹൈദരലി തങ്ങളും ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീറും മാത്രമായിരിക്കും മാറിനിൽക്കുക. ദേശീയ ജനറൽ സെക്രട്ടറി പി.െക. കുഞ്ഞാലിക്കുട്ടി, ദേശീയ ട്രഷറർ പി.വി. അബ്ദുൽ വഹാബ്, സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് എന്നിവർ സ്ഥാനാർഥികളാവുമെന്നാണ് സൂചന. കുഞ്ഞാലിക്കുട്ടി എം.പി സ്ഥാനം രാജിവെച്ച് മത്സരിക്കുന്നതിൽ പാർട്ടിയിലും മുന്നണിയിലും മുറുമുറുപ്പുയർന്ന സാഹചര്യത്തിൽ ഒന്നുകൂടി ആലോചിച്ച ശേഷമാവും അന്തിമ തീരുമാനം കൈക്കൊള്ളുക എന്നാണറിയുന്നത്. അബ്ദുൽ വഹാബ് എം.പിയുടെ രാജ്യസഭാ കാലാവധി ഏപ്രിലിൽ കഴിയുന്നതിനാൽ അദ്ദേഹത്തിന് മത്സരിക്കുന്നതിന് മറ്റു തടസ്സങ്ങളില്ല.
മുതിർന്ന നേതാക്കൾ മത്സരിക്കുന്നതിൽ പാർട്ടിയിൽ ഉയർന്നേക്കാവുന്ന എതിർപ്പ് മറികടക്കാൻ കൂടുതൽ പുതുമുഖങ്ങൾക്ക് അവസരം നൽകാനാണ് നേതൃത്വത്തിെൻറ നീക്കം. യു.എ. ലത്തീഫ്, പി.കെ. ഫിറോസ്, ടി.പി. അഷ്റഫലി, ടി.ടി. ഇസ്മയിൽ, സി.പി. ചെറിയമുഹമ്മദ്, സി.കെ. കാസിം, കരീം ചേലേരി, പി.എം.എ. സലാം, സി.എച്ച്. റഷീദ്, കെ.പി. മുസ്തഫ, എം.എ. സമദ്, കുറുക്കോളി മൊയ്തീൻ തുടങ്ങിയവരെ നേതൃത്വം പരിഗണിക്കുന്നുണ്ട്. തുടർച്ചയായി എം.എൽ.എമാരായ ടി. അഹമ്മദ് കബീർ (മങ്കട), പി.കെ. അബ്ദുറബ്ബ് (തിരൂരങ്ങാടി), അഡ്വ. എ. ഉമർ (മഞ്ചേരി), സി. മമ്മുട്ടി (തിരൂർ), കെ.എൻ.എ. ഖാദർ (വേങ്ങര) എന്നിവർ ഇത്തവണ മത്സര രംഗത്തുണ്ടാവാൻ സാധ്യത കുറവാണ്. നിയമനടപടി നേരിടുന്ന എം.സി. കമറുദ്ദീൻ, വി.കെ. ഇബ്രാഹീംകുഞ്ഞ്, കെ.എം. ഷാജി എന്നിവരും മാറിനിന്നേക്കും.
ലീഗ് മെമ്പർമാരിൽ പകുതിയും വനിതകളാണ്. എന്നാൽ, നിയമസഭ-പാർലമെൻറ് െതരഞ്ഞെടുപ്പുകളിൽ അടുത്ത കാലത്തൊന്നും പാർട്ടി വനിതകൾക്ക് പരിഗണന നൽകിയിട്ടില്ല. 1996ലെ നിയമസഭ തെരഞ്ഞെടുപ്പിൽ വനിത ലീഗ് അധ്യക്ഷയായിരുന്ന ഖമറുന്നീസ അൻവറിന് കോഴിക്കോട് സൗത്തിൽ സീറ്റ് നൽകിയത് മാത്രമാണ് അപവാദം. തുടർന്ന് 25 വർഷമായി വനിതകളെ ഒരിടത്തും പരിഗണിച്ചിരുന്നില്ല. സമസ്തയുടെ എതിർപ്പാണ് ഇതിന് പ്രധാന കാരണമായി പറയുന്നത്. എന്നാലിത്തവണ രണ്ടു സീറ്റെങ്കിലും വേണമെന്ന് വനിതാലീഗ് ആവശ്യമുന്നയിച്ചതായാണ് അറിവ്.
കഴിഞ്ഞ തവണ 24 മണ്ഡലങ്ങളിലാണ് ലീഗ് മത്സരിച്ചത്. കേരള കോൺഗ്രസ് എമ്മും എൽ.ജെ.ഡിയും യു.ഡി.എഫ് വിട്ട പശ്ചാത്തലത്തിൽ മുന്നണിയിൽനിന്ന് കൂടുതൽ സീറ്റുകൾ ലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്. 30 സീറ്റെങ്കിലും നേടിയെടുക്കാനാണ് ലീഗ് നേതൃത്വത്തിെൻറ ശ്രമം. ഇതിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ മണ്ഡലങ്ങളും ഉൾപ്പെടും. നേരത്തേ മത്സരിച്ച ഇരവിപുരം, കഴക്കൂട്ടം സീറ്റുകളിലാണ് ലീഗിെൻറ കണ്ണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.