കൊച്ചി: ദുരൂഹതകളും സംശയങ്ങളും ബാക്കിനിൽക്കെ കളമശ്ശേരി ബോംബ് സ്ഫോടനത്തിന് മൂന്നുമാസം പൂർത്തിയാകുന്നു. കഴിഞ്ഞ ഒക്ടോബർ 29ന് രാവിലെയാണ് നാടിനെ നടുക്കി സംറ കൺവെൻഷൻ സെന്ററിൽ യഹോവയുടെ സാക്ഷികളുടെ വാർഷിക സമ്മേളനത്തിനിടെ ബോംബ് സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ എട്ടുപേർ കൊല്ലപ്പെടുകയും 52 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് തമ്മനം സ്വദേശി ഡൊമിനിക് മാർട്ടിൻ സംഭവദിവസം തന്നെ പൊലീസിൽ കീഴടങ്ങി. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ദുരന്തംവിതച്ച ബോംബ് സ്ഫോടനമായിരുന്നെങ്കിലും പ്രതി പിടിയിലായതോടെ അന്വേഷണം തണുത്തു.
കേസിലെ ഏക പ്രതിയായ മാർട്ടിൻ ജുഡീഷ്യൽ കസ്റ്റഡിയിലാണിപ്പോൾ. സിറ്റി പൊലീസ് കമീഷണറുടെ മേൽനോട്ടത്തിൽ ഡി.സി.പിക്കാണ് അന്വേഷണച്ചുമതല. യു.എ.പി.എ കേസായതിനാൽ ഇതുവരെ കുറ്റപത്രം നൽകിയിട്ടില്ല. 180 ദിവസമാണ് കുറ്റപത്രം നൽകുന്നതിനുള്ള കാലാവധി. സ്ഫോടനത്തിന്റെ ദുരൂഹതയും പങ്കാളിത്തവും സംബന്ധിച്ച കൂടുതൽ അന്വേഷണം നടക്കുകയാണെന്നാണ് ഉദ്യോഗസ്ഥ വിശദീകരണം.
ബോംബ് സ്ഫോടനം നടന്ന് നിമിഷങ്ങൾക്കകം പ്രത്യേക സമുദായത്തെ പ്രതിസ്ഥാനത്ത് നിർത്തി നിരവധി വാർത്തകളും പ്രചാരണങ്ങളും നടന്നു. ഇസ്രായേൽ ഫലസ്തീനിൽ നടത്തുന്ന വംശഹത്യക്കെതിരെ ശക്തമായ പ്രതിഷേധമുയർന്ന വേളയായതിനാൽ സ്ഫോടനത്തിന് ആ മാനം നൽകാനും ശ്രമമുണ്ടായി. മാർട്ടിൻ കുറ്റമേറ്റെടുത്ത് സ്വയം കീഴടങ്ങിയതോടെയാണ് ആ ആരോപണങ്ങളുടെ മുനയൊടിഞ്ഞത്.
യഹോവയുടെ സാക്ഷിയായിരുന്ന തനിക്ക് പിന്നീട് അവരുടെ നയങ്ങളോട് തോന്നിയ വിരോധമാണ് സ്ഫോടനത്തിന് കാരണമായി പ്രതി പറഞ്ഞത്. അതേസമയം ഇയാളുടെ തീവ്ര ആശയങ്ങൾക്ക് പിന്നിൽ സമീപകാലത്ത് സമൂഹമാധ്യമങ്ങളിലടക്കം സജീവമായ ചില വർഗീയസംഘടനകൾക്ക് പങ്കുണ്ടെന്ന ആരോപണം യൂത്ത് കോൺഗ്രസ് നേതാക്കളും വിവിധ സംഘടനകളും ഉന്നയിച്ചിരുന്നു. എന്നാൽ, ഇതുസംബന്ധിച്ച് അന്വേഷണം ഉണ്ടായില്ല.
സംഘടനയോടുള്ള വിരോധത്തിന്റെ പേരിൽ മാത്രം രണ്ടായിരത്തോളം പേർ പങ്കെടുത്ത കൺവെൻഷനിൽ മാർട്ടിൻ തനിയെ ആക്രമണം ആസൂത്രണം ചെയ്തു എന്ന വാദത്തെ യഹോവയുടെ സാക്ഷി കൂട്ടായ്മയും വിശ്വാസത്തിലെടുത്തിട്ടില്ല. സ്ഫോടനത്തിൽ മരണപ്പെട്ടവർക്കും പരിക്കേറ്റവർക്കുമായി ചികിത്സയടക്കം കാര്യങ്ങൾക്ക് ഏകദേശം ഒന്നരക്കോടി രൂപയോളം സംഘടന ഇതുവരെ ചെലവഴിച്ചതായും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.