കോഴിക്കോട്: ട്രെയിനിൽ യാത്രക്കാർക്ക് അകമ്പടി പോകുന്ന ആർ.പി.എഫ്, റെയിൽവേ പൊലീസ് അംഗങ്ങളുടെ എണ്ണം വർധിപ്പിക്കാനും റിസർവേഷൻ കമ്പാർട്ട്മെന്റും ജനറൽ കമ്പാർട്ട്മെന്റും തമ്മിൽ ബന്ധിപ്പിക്കുന്ന ഭാഗം പൂർണമായും അടക്കാനും റെയിൽവേ തീരുമാനിച്ചിട്ടുണ്ടെന്ന് റെയിൽവേ പാസഞ്ചേഴ്സ് അമിനിറ്റി ചെയർമാൻ പി.കെ. കൃഷ്ണദാസ്. ട്രെയിനിന് തീവെച്ച എലത്തൂർ സ്റ്റേഷൻ സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനറൽ കമ്പാർട്ട്മെന്റിൽനിന്നാണ് പലപ്പോഴും ആക്രമികൾ ഇത്തരത്തിൽ റിസർവേഷൻ കമ്പാർട്ട്മെന്റിലേക്ക് വരുന്നത്. ഏപ്രിൽ 18ന് പാസഞ്ചേഴ്സ് അമിനിറ്റി കമ്മിറ്റിയുടെ യോഗം ഡൽഹി റെയിൽ ഭവനിൽ ചേരുന്നുണ്ട്. ഈ കാര്യം ഗൗരവത്തിൽ അവിടെ ചർച്ചചെയ്യും. യാത്രക്കാർക്കാവശ്യമായ സുരക്ഷ ഉറപ്പാക്കാൻ നടപടി സ്വീകരിക്കാൻ റെയിൽവേ മന്ത്രിക്ക് ശിപാർശ നൽകും.
ഉത്തരേന്ത്യയിൽ റെയിൽവേ അട്ടിമറി സംഭവങ്ങൾ നേരത്തെ ഉണ്ടായിട്ടുണ്ട്. ലോക്കോ പൈലറ്റിനും യാത്രക്കാർക്കും നേരെ കല്ലെറിയൽ, ട്രാക്കിൽ കമ്പും കല്ലുംവെക്കൽ അടക്കമുള്ളവ നേരത്തെ വടക്കൻ കേരളത്തിലും ഉണ്ടായിട്ടുണ്ട്. ഇതിലൊക്കെ കേസെടുത്തെങ്കിലും കാര്യമായ അന്വേഷണം നടത്തിയിട്ടില്ല. അട്ടിമറികളുടെ തുടർച്ചയാണോ ഇതെന്ന് സംശയിക്കുന്നു. സത്യാവസ്ഥ ഉടൻ പുറത്തുവരട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബി.ജെ.പി ജില്ല പ്രസിഡൻറ് അഡ്വ. വി.കെ. സജീവനും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.