ഫോർട്ട്കൊച്ചി: ലോകത്ത് ഒരു മൈതാനത്തിനും അവകാശപ്പെടാനാകാത്ത ചരിത്രമാണ് ഫോർട്ട്കൊച്ചി പരേഡ് മൈതാനത്തിനുള്ളത്. നാല് രാജ്യങ്ങളുടെ സൈനിക പരേഡുകൾക്ക് വേദിയായ ലോകത്തിലെ ഏക മൈതാനം. ഇന്ത്യ സ്വതന്ത്രമായ വേളയിൽ മൈതാനിയിൽ പാറിക്കളിച്ചിരുന്ന ബ്രിട്ടീഷുകാരുടെ യൂനിയൻ ജാക്ക് പതാക ബ്രിട്ടീഷ് ഉദ്യോഗസ്ഥർ തന്നെ ഇറക്കി. തുടർന്ന് ത്രിവർണ പതാക അതേ കൊടിമരത്തിൽ ഉയർത്തി.
അന്നത്തെ ഫോർട്ട്കൊച്ചി മുനിസിപ്പൽ ചെയർമാനും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന കെ.ജെ ബേർലിയാണ് ത്രിവർണ പതാക ഉയർത്തിയത്. പരേഡ് ഗ്രൗണ്ടിന് പടിഞ്ഞാറുള്ള കൊച്ചിൻ ക്ലബിൽനിന്ന് താളമേളങ്ങളോടെ പതാക കൊണ്ടുവന്നത് പഴമക്കാർ ഇന്നും ഓർക്കുന്നു.
വിദേശ അധിനിവേശത്തിന് തുടക്കം കുറിച്ച് കൊച്ചിയിലെത്തിയ പോർച്ചുഗീസുകാർ തങ്ങളുടെ നാവിക പടയുടെ മാർച്ചിനും ഡ്രില്ലിനുമായി കണ്ടെത്തിയത് പരേഡ് മൈതാനമായിരുന്നു. സേനാ വിഭാഗത്തിന്റെ താവളമെന്ന നിലയിൽ പോർച്ചുഗീസുകാർ മൈതാനത്ത് കൊടിമരം പണിത് തങ്ങളുടെ പതാക ഉയർത്തി.
1663 ജനുവരി ആറിന് പോർച്ചുഗീസുകാരെ തുരുത്തി ഡച്ചുകാർ അധികാരമേറ്റപ്പോൾ പോർച്ചുഗീസ് പതാക ഇറക്കി ഡച്ച് പതാക ഉയർത്തി. 1795ൽ ഡച്ചുകാരെ അടിയറവ് പറയിച്ച് ബ്രിട്ടീഷുകാർ ഭരണം കൈയാളിയപ്പോൾ ഡച്ച് പതാക താഴെയിറക്കി യൂനിയൻ ജാക്ക് ഉയർത്തി. ഈ പതാക രാജ്യം സ്വതന്ത്രമായതോടെ ഇറക്കുകയും ത്രിവർണ പതാക ഉയർത്തുകയുമായിരുന്നു.ചരിത്രമുറങ്ങുന്ന പരേഡ് മൈതാനം അവഗണനയിലാണ്. മൈതാനം കല്ല് വിരിച്ച് സൗന്ദര്യവത്കരിക്കാനുള്ള അധികൃതരുടെ നീക്കം നാട്ടുകാർ തടഞ്ഞിരിക്കയാണ്. ചരിത്രം നിലനിർത്തി മൈതാനം സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.