നഞ്ചിയമ്മയുടെ കുടുംബഭൂമി വ്യാജരേഖ ചമച്ചാണ് തട്ടിയെടുത്തതെന്ന് പാലക്കാട് കലക്ടറുടെ കത്ത്

കോഴിക്കോട്: പാട്ടുകാരി നഞ്ചിയമ്മയുടെ അട്ടപ്പാടിയിലെ കുടുംബഭൂമി വ്യാജരേഖ ചമച്ചാണ് തട്ടിയെടുത്തതെന്ന് പാലക്കാട് കലക്ടറുടെ കത്ത്. അഗളി വില്ലേജ് ഓഫിസർക്ക് കലക്ടർ എഴുതിയ കത്താണ് മാധ്യമം ഓൺലൈന് ലഭിച്ചത് ഭൂമിയുടെ അവകാശികളായ നഞ്ചിയമ്മ, മാരുതി, കുമരപ്പൻ എന്നിവർ കലക്ടർക്ക് നൽകിയ അപ്പീൽ അപേക്ഷയുടെ വിചാരണയിൽ വ്യാജ നികുതി രസീത് നിർമിച്ചുവെന്ന് മാരിമുത്തു മൊഴി നൽകി.

അഗളി വില്ലേജിൽ 1167/1, 1167/6 എന്നീ സർവേ നമ്പറിലെ ഭൂമിക്കാണ് 2008 - 2010 വർഷം വ്യാജ നികുതി രസീത് ഉണ്ടാക്കിയതെന്നും മാരിമുത്തു പറഞ്ഞു. അഗളി എസ്.വി.ഒ ആയിരുന്ന എസ്. ഉഷാകുമാരി മണ്ണാർക്കാട് മുൻസിഫ് കോടതിയിൽ ഹാജരാക്കിയ നികുതി രസീത് വ്യാജമാണെന്ന് മൊഴി നൽകിയെന്നും കലക്ടർ ആഗസ്റ്റ് 23ന് വില്ലേജ് ഓഫിസർക്ക് എഴുതിയ കത്തിൽ ചൂണ്ടിക്കാട്ടി.




 


ഭൂമി കൈമാറ്റം ചെയ്തുവെന്ന് ഇപ്പോഴത്തെ ഉടമസ്ഥർ വാദിക്കുന്ന മാരിമുത്തുവാണ് വിചാരണക്ക് ഹാജരായി നിർണായക മൊഴി നൽകിയത്. അതിനാൽ വ്യാജ നികുതി രസീത് സംബന്ധിച്ച റിപ്പോർട്ടും എ ആൻഡ് ബി രജിസ്റ്ററിന്റെ പകർപ്പും അനുബന്ധ രേഖകളും കലക്ടറേറ്റിൽ എത്തിക്കണമെന്നും നിർദേശം നൽകി.

അതേസമയം, നിലവിൽ ഭൂമിയുടെ ഉടമസ്ഥത അവകാശപ്പെടുന്ന കല്ലുവേലി വീട്ടിൽ കെ.വി. മാത്യു ജൂൺ 18നും നിരപ്പത്ത് വീട്ടിൽ ജോസഫ് കുര്യൻ ജൂൺ 25നും ഭൂമിക്ക് അഗളി വില്ലേജിൽ നികുതി അടച്ചിരുന്നു. കെ.വി. മാത്യു 89 സെന്‍റ് ഭൂമിക്ക് 315 രൂപയാണ് നികുതി അടച്ചത്. എന്നാൽ, നികുതി രസീതിൽ കെ.വി. മാത്യു നൽകിയ തണ്ടപ്പേർ താൽക്കാലികമാണ് എന്നും മാത്യുവിന്റെ പേരിൽ ഉടൻതന്നെ തണ്ടപ്പേർ എടുക്കേണ്ടതാണെന്നും ബാധ്യതാ സർട്ടിഫിക്കറ്റ് ആധാരം, അടിയാധാരങ്ങൾ എന്നിവ സഹിതം വില്ലേജ് ഓഫിസറെ സമീപിക്കണമെന്നും സ്പെഷ്യൽ വില്ലേജ് ഓഫിസർ പ്രബിത നികുതി രസീതിൽ രേഖപ്പെടുത്തി.

ജോസഫ് കുര്യൻ 50 സെന്റ് ഭൂമിക്ക് 179 രൂപ നകുതി അടച്ച് നികുതി രസീത് നൽകിയപ്പോഴും തണ്ടപ്പേർ താൽക്കാലികമാണെന്ന് രേഖപ്പെടുത്തി. നഞ്ചിയമ്മയുടെ ഭൂമിക്കുമേൽ കോടതി ഉത്തരവ് വഴി അവകാശം സ്ഥാപിച്ച കല്ലുവേലി വീട്ടിൽ കെ.വി. മാത്യുവും പിന്നീട് ഇതേ ഭൂമിയിൽനിന്ന് 50 സെന്റ് വാങ്ങിയ നിരപ്പത്ത് ജോസഫ് കുര്യനും അഗളി വില്ലേജ് ഓഫിസിൽ ഭൂമിക്ക് നികുതി അടക്കുമ്പോൾ ആധാരവും അടിയാധാരവും ഹാജരാക്കിയിട്ടില്ലെന്നാണ് വില്ലേജ് ഓഫിസർ കുറിച്ചത്.


 



നഞ്ചിയമ്മയുടെ കുടുംബവും കന്തസ്വാമിയും തമ്മിലുള്ള ടി.എൽ.എ കേസ് നിലനിൽക്കുമ്പോഴാണ് 2022 ജൂണിൽ ഇവരും അഗളി വില്ലേജ് ഓഫിസിൽ നികുതി അടച്ചത്. വില്ലേജ് ഓഫിസർ കലക്ടർക്ക് നൽകിയ റിപ്പോർട്ട് പ്രകാരം ആഗസ്റ്റ് രണ്ടിന് കൈവശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് ജോസഫ് കുര്യൻ അപേക്ഷ നൽകിയിരുന്നു. സബ് രജിസ്റ്റാർ ഓഫിസിലെ 13 54/17 നമ്പർ ആധാര പ്രകാരമാണ് അപേക്ഷ നൽകിയത്. അപേക്ഷ നൽകിയ ദിവസം തന്നെ വില്ലേജ് ഓഫിസിൽ നിന്ന് 998/22 നമ്പറിൽ കൈവശ സർട്ടിഫിക്കറ്റ് നൽകി.

തുടരന്വേഷണത്തിൽ ഈ സർവേയിൽപെട്ട വസ്തുവിന് ടി.എൽ.എ കേസ് അപ്പീൽ കലക്ടറേറ്റിൽ നിലനിൽക്കുന്നതായി ബോധ്യപ്പെട്ടു. നിരാക്ഷേപമായ ഉടമസ്ഥത ഇല്ലാത്തതിനാൽ കൈവശ സർട്ടിഫിക്കറ്റ് ചെയ്തിരുന്നു. ഇക്കാര്യം കലക്ടർക്ക് റിപ്പോർട്ട് ചെയ്തതിനൊപ്പം പകർപ്പ് അഗളി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും ജോസഫ് കുര്യനും നൽകിയെന്നാണ് വില്ലേജ് ഓഫിസർ പറയുന്നത്. ഇതിൽനിന്ന് നഞ്ചിയമ്മയുടെ കുടുംബ ഭൂമിക്ക് വ്യാജ നികുതി രസീത് നിർമിച്ച് കോടതിയിൽ ഹാജരാക്കി ഉത്തരവ് വഴി തട്ടിയെടുക്കുകയായിരുന്നുവെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. 

Tags:    
News Summary - The Palakkad collector's letter said that Nanjiamma's family land was stolen by forging documents

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.