തിരുവനന്തപുരം: മുൻ സംസ്ഥാന ധനമന്ത്രിയും കേരള കോൺഗ്രസിന്‍റെ അന്തരിച്ച നേതാവുമായ കെ.എം മാണി അഴിമതിക്കാരനായിരുന്നുവെന്ന സുപ്രീംകോടതിയിലെ സർക്കാർ അഭിഭാഷകന്‍റെ വാദം ഇന്ന് ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ചർച്ചചെയ്യുമെന്ന് പാർട്ടി സംസ്ഥാന ആക്ടിങ് സെക്രട്ടറി എ. വിജയരാഘവൻ. യോഗത്തിന് ശേഷം ഇക്കാര്യത്തിൽ അഭിപ്രായം പറയാമെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സുപ്രീംകോടതിയിലെ സർക്കാർ അഭിഭാഷകന്‍റെ നിലപാടിൽ കേരള കോൺഗ്രസ് ജോസ് വിഭാഗം അതൃപ്തി രേഖപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിയേയും ഇടതുമുന്നണി കൺവീനറേയും അവർ ഫോണിൽ ബന്ധപ്പെട്ട് പ്രതിഷേധം അറിയിച്ചതായി സൂചനയുണ്ട്. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ ഇടതുമുന്നണിക്കും സർക്കാറിനും നിലപാട് വ്യക്തമാക്കേണ്ടത് ആവശ്യമായി വന്നിരിക്കുകയാണ്.
കേരള കോൺഗ്രസ് ജോസ് വിഭാഗം യു.ഡി.എഫ് വിട്ട് ഇടതു മുന്നണിയുടെ ഭാഗമായതോടുകൂടി കെ.എം. മാണിക്കെതിരായ മുൻ നിലപാടിൽ നിന്ന് ഇടതു മുന്നണി ചുവടുമാറ്റിയിരുന്നു. മാണി മരിച്ചതോടെ അദ്ദേഹത്തിനെതിരായ ചർച്ചകൾ പ്രസക്തമല്ലെന്ന നിലപാടാണ് ഇടതുപക്ഷം സ്വീകരിച്ചിരുന്നത്. അതിനിടെയാണ് മാണി അഴിമതിക്കാരനായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതിയിൽ സർക്കാർ അഭിഭാഷകൻ സത്യവാങ്മൂലം നൽകിയത്.
നിയമസഭ കൈയാങ്കളി കേസിൽ എം.എൽ.എമാർക്കെതിരായ ക്രിമിനൽ കേസ് ഒഴിവാക്കി കിട്ടുന്നതിനുള്ള വാദത്തിനിടെയാണ് എൽ.ഡി.എഫ് ഘടകകക്ഷിയായ കേരള കോൺഗ്രസ് (എം) ന്‍റെ സമ്മുന്നത നേതാവ് കെ.എം. മാണി അഴിമതിക്കാരനായിരുന്നെന്ന് സർക്കാർ കോടതിയിൽ വാദിച്ചത്.
മുൻ ധനമന്ത്രി കെ.എം മാണി അഴിമതിക്കാരനായിരുന്നുവെന്നും അദ്ദേഹത്തെ രക്ഷിക്കാൻ ശ്രമിച്ചതിനാലാണ് അക്രമമുണ്ടായതെന്നുമാണ് സംസ്ഥാന സർക്കാറിന് വേണ്ടി ഹാജരായ അഡ്വ. രഞ്ജിത് കുമാർ വാദിച്ചത്. എന്നാൽ, ധനമന്ത്രിയുടെ സ്വഭാവം എന്തായിരുന്നാലും അന്നത്തെ പ്രതിപക്ഷ എം.എൽ.എമാരുെട പെരുമാറ്റം പൊറുക്കാനാവാത്തതാണെന്ന് സുപ്രീംകോടതി ഇൗ വാദത്തോട് പ്രതികരിച്ചു.കേസ് പിൻവലിക്കണമോയെന്ന് സംസ്ഥാന സർക്കാരിന് തീരുമാനിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
നേരത്തെ കെ.എം മാണി യു.ഡി.എഫിന്‍റെ ഭാഗമായിരിക്കുന്ന സമയത്ത് അദ്ദേഹത്തിനെതിരായ പ്രതിഷേധമായാണ് നിയമസഭയിൽ അക്രമ സംഭവങ്ങൾ അരങ്ങേറിയത്. എന്നാൽ, കെ.എം. മാണിയുടെ മരണ ശേഷം, അദ്ദേഹത്തിന്‍റെ കേരള കോൺഗ്രസ് എൽ.ഡി.എഫിലെത്തി. ഇപ്പോൾ കേരള കോൺഗ്രസ് മാണി വിഭാഗം എൽ.ഡി.എഫിന്‍റെ ഭാഗമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.