സി.സി.ടി.വി ദൃശ്യങ്ങളിലുള്ളത് കാപ്പാട് സ്വദേശി; അതല്ല പ്രതിയെന്ന് പൊലീസ്

കോഴിക്കോട്: ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിൽ യാത്രക്കാരെ പെട്രോളൊഴിച്ച് തീ കൊളുത്തിയ പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്. അതെസമയം, സി.സി.ടി.വി ദൃശ്യങ്ങളിലുള്ള വ്യക്തിയല്ല പ്രതിയെന്നും ദൃശ്യങ്ങളിലുള്ള കാപ്പാട് സ്വദേശിയായ വിദ്യാർഥിയാണെന്നും പൊലീസ് വ്യക്തമാക്കി. വിദ്യാർഥി പ്രതിയുടെതിന് സമാനമായ ഷർട്ട് ധരിച്ചതാണ് സംശയത്തിനിടയാക്കിയത്. എന്നാൽ അക്രമം നടന്നത് കഴിഞ്ഞ ദിവസം രാത്രി 9.30നും. സി.സി.ടി.വി ദൃശ്യങ്ങൾ രാത്രി 11.30ലേതുമാണ്. ഇതിൽ ദുരൂഹത തോന്നി പരിശോധിച്ചപ്പോഴാണ് ദൃശ്യങ്ങൾ മറ്റൊരാളുതാണെന്ന് പൊലീസ് കണ്ടെത്തിയത്.

മുഖ്യസാക്ഷി റാസിഖ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയുടെ രേഖ ചിത്രം പൊലീസ് പുറത്തുവിട്ടിരുന്നു. പ്രതി ഇതരസംസ്ഥാന തൊഴിലാളിയാണെന്ന നിഗമനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടിവ് ട്രെയിനിന്റെ ഡി1 കമ്പാർട്മെന്റിൽ ഞായറാഴ്ച രാത്രി 9.15ഓടെയാണ് ആക്രമണമുണ്ടായത്. കോഴിക്കോട് പിന്നിട്ട് ട്രെയിൻ എലത്തൂർ സ്റ്റേഷനും കഴിഞ്ഞ് കോരപ്പുഴ പാലത്തിലെത്തിയപ്പോൾ പെട്രോളുമായി കമ്പാർട്മെന്റിൽ കയറിയ ആക്രമി യാത്രക്കാർക്കു നേരെ സ്പ്രേ ചെയ്ത ശേഷം കത്തിക്കുകയായിരുന്നു.

ടോയ്‍ലറ്റിന്റെ ഭാഗത്തു നിന്നു കമ്പാർട്മെന്റിലേക്ക് രണ്ടു കുപ്പികളുമായി വന്ന ആക്രമി പെട്രോൾ വീശിയൊഴിച്ച ശേഷം തീ കൊളുത്തുകയായിരുന്നുവെന്ന് കമ്പാർട്മെന്റിലുണ്ടായിരുന്ന യാത്രക്കാരൻ മാധ്യമങ്ങളോട് പറഞ്ഞു. മറ്റു യാത്രക്കാർ ചങ്ങല വലിച്ച് ട്രെയിൻ നിർത്തി. ട്രെയിനിന് തീപിടിച്ചുവെന്ന് ആദ്യം പ്രചരിച്ചത് വലിയ പരിഭ്രാന്തി സൃഷ്ടിച്ചു. ട്രെയിൻ നിന്നത് പാലത്തിനു മുകളിലായതിനാൽ പൊള്ളലേറ്റവരെ പുറത്തെത്തിക്കാനും ഏറെ പണിപ്പെടേണ്ടിവന്നു. ഡി1 കമ്പാർട്മെന്റിൽ നിന്ന് മറ്റു കമ്പാർട്മെന്റിനുള്ളിലൂടെയാണ് ഇവരെ പുറത്തെത്തിച്ചത്.

Tags:    
News Summary - The person in the CCTV footage is a native of Kappad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.