നെടുമ്പാശ്ശേരി: പരിശോധനസമയത്ത് വിമാനത്താവള ജീവനക്കാരിയുടെ ചോദ്യത്തിൽ പ്രകോപിതനായി ബാഗിൽ ബോംബൊന്നുമല്ലെന്ന് പറഞ്ഞയാൾ പിടിയിൽ. ഭാര്യയുമൊത്ത് ദുബൈയിലേക്കുള്ള എമിറേറ്റ്സ് വിമാനത്തിൽ പോകാനെത്തിയ ആലുവ സ്വദേശി എൻ.എ. ദാസ് ജോസഫാണ് (67) പിടിയിലായത്. ആസ്ട്രേലിയയിലുള്ള മകളുടെ അടുത്തു പോകാനാണ് ഇവർ വിമാനത്താവളത്തിലെത്തിയത്.
സുരക്ഷ പരിശോധനയിൽ ഭാരക്കൂടുതൽ കണ്ടപ്പോഴാണ് ജീവനക്കാരി ബാഗേജിലെന്താണെന്ന് രണ്ടു തവണ ആവർത്തിച്ചത്. തന്നെ കളിയാക്കിയതായി തോന്നിയ അദ്ദേഹം ബാഗേജിൽ ബോംബൊന്നുമല്ലെന്ന് ക്ഷുഭിതനായി പ്രതികരിക്കുകയായിരുന്നു.
ബോംബ് എന്ന് കേട്ടതോടെ ഭയന്ന ജീവനക്കാരി സുരക്ഷ വിഭാഗത്തെ വിവരം ധരിപ്പിക്കുകയായിരുന്നു. പിന്നാലെ സി.ഐ.എസ് എഫിന്റെ നേതൃത്വത്തിൽ ദമ്പതികളെയും ബാഗേജും പരിശോധിച്ചു. ഉടൻതന്നെ ദാസ് ജോസഫിന് യാത്രാവിലക്കേർപ്പെടുത്തി പൊലീസിന് കൈമാറി. ഇതേത്തുടർന്ന് ഭാര്യക്ക് യാത്ര റദ്ദാക്കേണ്ടിവന്നു.
നെടുമ്പാശ്ശേരി പൊലീസ് കേസെടുത്തു. പിന്നീട് ജാമ്യം ലഭിച്ചെങ്കിലും ഞായറാഴ്ചയും സ്റ്റേഷനിലെത്തണം. കേസ് കോടതിയിലെത്തുമ്പോൾ വിചാരണയും നേരിടണം. ഇത്തരം കേസുകളിൽ പിഴശിക്ഷയാണ് കോടതി വിധിക്കാറുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.