ഓണക്കാലം പരമ്പരാഗത കൈത്തൊഴിൽ മേഖലയുടെ സുവർണ കാലമാണ്. പപ്പടം മുതൽ വെങ്കലം വരെയുള്ള ഉൽപാദകർ വിപണിയിലെ മേളത്തിനൊപ്പം കൂടും. എന്നാൽ, ഈ ഉത്സാഹം കെടുത്തുംവിധം പ്രതിസന്ധി നിഴലിക്കുകയാണ് കൈത്തൊഴിൽ മേഖലയിൽ. വിലക്കുറവ് മേന്മയാക്കി പുറംനാട്ടിൽനിന്നുള്ള ഉൽപന്നങ്ങൾ വിപണി പിടിച്ചടക്കുന്നു. കൈത്തൊഴിൽ മേഖലകളിലെ ഉൽപന്നം, നിർമാണം, ഇവർ നേരിടുന്ന പ്രതിസന്ധി, പരിഹാരം തുടങ്ങിയവയെക്കുറിച്ച് മാധ്യമം ലേഖകർ തയാറാക്കിയ പരമ്പര.
ആലപ്പുഴ: തൊട്ടൊന്ന് നാവിൽ വെച്ചാൽ എരിപുളി രസത്തിന്റെ ഉറവ പൊട്ടിക്കും അച്ചാറുകൾ. അതൊന്ന് പരുവപ്പെടുത്താൻ പെടാപ്പാടാണ് വേണ്ടിവരുന്നതെന്ന് ഉൽപാദകർ പറയുന്നു. നിർമാണ വസ്തുക്കളുടെ വില അനുദിനം നുരഞ്ഞ് പൊന്തുകയാണ്. അതനുസരിച്ച് ഉൽപന്ന വിലയും കൂട്ടേണ്ടിവരുന്നതിനാൽ അച്ചാറിന്റെ തൊട്ടുകൂട്ടൽ രസം ‘വിലപിടിപ്പു’ള്ളതാകുന്നു. അച്ചാറില്ലാതെ എന്ത് ഓണസദ്യ എന്ന് കരുതുന്നവരാണ് ഏറെ പേരുമെന്നതിനാൽ അച്ചാറുകൾക്ക് വിപണിയിൽ രസം കുറഞ്ഞിട്ടില്ല.
രുചിക്കൂട്ടിന് എരിവേറ്റുന്ന മുളകുപൊടി കിലോക്ക് 700 രൂപക്ക് മുകളിലാണ് വില.മറ്റു ചേരുവളുടെ വിലയും ഉയർന്നുതന്നെ. അതുകൊണ്ടുതന്നെ കടകളിൽ കുപ്പികളിലും പാക്കറ്റുകളിലും വിലകുറച്ച് കിട്ടുന്ന അച്ചാറുകളോട് കിടപിടിക്കാൻ നാട്ടിലെ തനിമയും ശുദ്ധിയും കാത്ത് നിർമിക്കുന്നവർക്ക് കഴിയുന്നില്ല.
മാർക്കറ്റിൽനിന്ന് വാങ്ങുന്ന മാങ്ങ, നാരങ്ങ അടക്കമുള്ള സാധനങ്ങൾക്ക് തമിഴ്നാട്ടിൽ പകുതി വിലയാണ്. വിലക്കുറവ് കാട്ടി കൊതിപ്പിക്കുന്ന തമിഴ്നാടൻ അച്ചാറുകളാണ് പലരും വാങ്ങുന്നത്. പുറത്തുനിന്നെത്തുന്നവ മാസങ്ങൾ ഇരുന്നാലും രുചിമാറില്ലെന്നതും ആളുകളെ ആകർഷിക്കുന്നു. ദീർഘകാലമുള്ള ഇരുപ്പിന്റെ പിന്നിലെ രാസരസ ചേരുവകളുടെ കാര്യം വാങ്ങുന്നവർ ഗൗനിക്കുന്നില്ലെന്ന് മാത്രം. അവയിലെ മുളകുപൊടിക്ക് മുളകുമായുള്ള ബന്ധം എത്രയെന്ന് കണ്ടുപിടിക്കാൻ ഭക്ഷ്യ-ആരോഗ്യ വകുപ്പുകാർ മെനക്കെടുന്നുമില്ല. എന്നാൽ, നാടൻ അച്ചാറുകളുടെ ഗുണമേന്മയും രുചിയും അറിയുന്നവർ അത് തേടിയെത്തുന്നുണ്ട്. വെളിച്ചെണ്ണയിൽ ഉണ്ടാക്കുന്ന ഇത്തരം അച്ചാറുകൾക്ക് വിപണി വിലയുമായി ഒത്തുപോകാനാവില്ല. വെളിച്ചെണ്ണയുടെയും മറ്റ് സാധനങ്ങളുടെയും വിലമാറ്റമാണ് കാരണം.
സീസണിൽ മാത്രമാണ് പല സാധനങ്ങളും കിട്ടുന്നത്. ഇത് ഉൽപാദനത്തിൽ വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നു. ഇതിനൊപ്പം പ്രാദേശികമായി വീടുകളിലും കുടുംബശ്രീ വഴിയും നിർമിക്കുന്ന അച്ചാറുകൾ വിപണിയിൽ 10 രൂപ മുതൽ കിട്ടും. അരക്കിലോ 80 രൂപ മുതൽ 100 രൂപ വരെ നൽകിയാൽ മതിയാവും. കോവിഡ് കാലത്ത് വരുമാനം നിലച്ചപ്പോഴാണ് പലരും സ്വന്തമായും അല്ലാതെയും അച്ചാർ ബിസിനസിലേക്ക് കൈവെച്ചത്. കൈപ്പുണ്യത്തിനൊപ്പം ഗുണമേന്മയുള്ള സാധനങ്ങൾ ഉപയോഗിച്ചാണ് മാറ്റത്തിന് ചുവടുവെച്ചത്.
ആലപ്പുഴ: പ്രാദേശികമായി നിർമിക്കുന്ന ഹോംമെയ്ഡ് അച്ചാറുകൾക്കും ബ്രാൻഡഡ് ലുക്ക്. ഇതിന് സഹായകരമാകുന്നത് കണ്ണാടി ചില്ലുപോലെ തിളങ്ങുന്ന പ്ലാസ്റ്റിക് പെറ്റ് ജാറുകളാണ്.
50ഗ്രാം മുതൽ ഒരുകിലോ വരെയുള്ള വിവിധ ജാറുകൾ വിപണിയിലുണ്ട്. ആപ്പിൾ, സിലിൻഡ്രിക്കൽ, ഓവൽ, ലോങ് തുടങ്ങിയ ഡിസൈനുകൾക്കാണ് പ്രിയം. യൂട്യൂബിലും ഇന്റർനെറ്റിലും പരതി വിവിധ കമ്പനികളുടെ അച്ചാറുകൾ നിറച്ച ജാറുകൾക്ക് പിന്നാലെയാണ് കുടുംബശ്രീ അടക്കമുള്ളവർ പായുന്നത്. കമ്പനി ലുക്ക് കൈവിടാതെ മനോഹരമായി ഉൽപന്നം വിപണിയിൽ എത്തിച്ചാണ് ഇവരുടെ വിൽപന.
നേരത്തേ, ഉടയുന്ന ഗ്ലാസുകളിലാണ് അച്ചാറുകൾ നിറച്ചിരുന്നത്. ഇത് കൈകാര്യം ചെയ്യാൻ ഏറെ ബുദ്ധിമുട്ടായിരുന്നു. കാലം മാറിയതോടെ എളുപ്പത്തിൽ ഉൽപന്നങ്ങൾ ആകർഷിക്കാനും താഴെവീണാൽ പൊട്ടാത്തതുമായ പെറ്റ് ജാറുകളെത്തി. ‘ഹോംമെയ്ഡ്’ അച്ചാർ വിൽപനക്കാർ ഉപയോഗിക്കുന്നത് ഇത്തരം കുപ്പികളാണ്. കാഴ്ചയിൽ കമ്പനി ലുക്ക് കിട്ടാൻ വ്യത്യസ്ത ഡിസൈനുകളിൽ സ്റ്റിക്കർ പതിക്കും. സീലിങ്ങിനായി അലുമിനിയം ഫോയിലാണ് ഉപയോഗിക്കുന്നത്.
അച്ചാറുകൾ ദീർഘകാലം കേടുകൂടാതെ സൂക്ഷിക്കാൻ 20കിലോ വരെ നിറക്കാൻ കഴിയുന്ന പെറ്റ് ജാറുകൾ തന്നെയാണ്. പ്രിസർവേറ്റിവ് ചേർക്കാത്തതിനാൽ നാടൻ അച്ചാറുകളോടാണ് ആളുകൾക്ക് താൽപര്യം. ഇത് തിരിച്ചറിഞ്ഞ് വിവിധ വലിപ്പത്തിലുള്ള ബോട്ടിലുകളിലാണ് അച്ചാർ നിറക്കുന്നത്. കുപ്പികളുടെ ഡിസൈനും വെയ്റ്റും മാറുന്നതരിനുസച്ചാണ് വിലവ്യത്യാസം.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.