കൊച്ചി: പി.വി. അൻവർ എം.എൽ.എ ക്രഷർ യൂനിറ്റിൽ പാർട്‌ണർഷിപ് നൽകാമെന്ന് വാഗ്ദാനം നൽകി പണം തട്ടിയ കേസ് സിവിൽ സ്വഭാവത്തിലുള്ളതാണെന്ന റിപ്പോർട്ട് സ്വീകരിച്ച മജിസ്ട്രേറ്റ് കോടതി നടപടിക്കെതിരായ ഹരജി ഹൈകോടതി വിധി പറയാൻ മാറ്റി.
കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സമർപ്പിച്ച റിപ്പോർട്ട് മഞ്ചേരി സി.ജെ.എം കോടതി സ്വീകരിച്ചതിനെതിരെ പരാതിക്കാരനായ മലപ്പുറം സ്വദേശി നടുത്തൊടി സലീം നൽകിയ ഹരജിയിൽ വാദം പൂർത്തിയാക്കിയാണ് ജസ്റ്റിസ് കെ. ബാബു വിധി പറയാൻ മാറ്റിയത്. നവംബർ 19ന് വിധി പറഞ്ഞേക്കും.
മംഗളൂരു ബൽത്തങ്ങാടിയിലെ അഞ്ചുകോടി രൂപ വരുന്ന കെ.ഇ സ്റ്റോൺ ക്രഷറും മെഷിനുകളും വാഹനങ്ങളും തന്‍റെ ഉടമസ്ഥതയിലുള്ളതാണെന്നും പാർട്‌ണർഷിപ് നൽകാമെന്നും പി.വി. അൻവർ ഉറപ്പു നൽകിയതിനെ തുടർന്ന് 2012 ഫെബ്രുവരി 17ന് 50 ലക്ഷം രൂപ നൽകി പാർട്‌ണർഷിപ് കരാറിൽ ഏർപ്പെട്ടതായി ഹരജിയിൽ പറയുന്നു. പ്രതിമാസം 50,000 രൂപ നൽകാമെന്നും വ്യവസ്ഥയുണ്ടായിരുന്നു.
എന്നാൽ, ഇതു പാലിക്കാതിരുന്നതിനെ തുടർന്ന് നൽകിയ പരാതിയിൽ ഹൈകോടതി ഉത്തരവിനെത്തുടർന്ന് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി. പരാതി സിവിൽ സ്വഭാവത്തിലുള്ളതാണെന്ന് ചൂണ്ടിക്കാട്ടി കോടതിയിൽ റിപ്പോർട്ടും നൽകി. ഇത് തള്ളിയ കോടതി തുടരന്വേഷണം നടത്താൻ നിർദേശിച്ചതിനെ തുടർന്ന് വീണ്ടും ഇതേ റിപ്പോർട്ട് തന്നെ നൽകി. ഈ റിപ്പോർട്ടാണ് കോടതി സ്വീകരിച്ചത്. ഇതിനെതിരെയാണ് ഹരജിക്കാരൻ ഹൈകോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.