പയ്യന്നൂർ: കണ്ണൂർ ജില്ല സ്കൂൾ കലോത്സവത്തിന് എത്തിയ വിദ്യാർഥിനിയെ തെരുവുനായ് കടിച്ചു. ഇരിക്കൂറിലെ സ്കൂളിൽ നിന്നെത്തിയ സനക്കാണ് കാലിന് കടിയേറ്റത്. ഹൈസ്കൂൾ വിഭാഗം അറബി പ്രസംഗം മത്സരത്തിൽ പങ്കെടുത്തശേഷം ഭക്ഷണം കഴിക്കാൻ പോകുന്നതിനിടയാണ് കടിയേറ്റത്. ഇരിക്കൂർ ഗവ. ഹയർസെക്കൻഡറി സ്കൂൾ പത്താംതരം വിദ്യാർഥിനിയും കിണാക്കൂൽ അബ്ദുല്ലയുടെ മകളുമാണ്.
വെള്ളിയാഴ്ച ഉച്ചക്ക് 1.30 ഓടെ മീഡിയ ആൻഡ് പബ്ലിസിറ്റി ഓഫിസിന് മുന്നിൽ നിന്നാണ് നായ കടിച്ചത്. കുട്ടിയെ രക്ഷിതാവും സംഘാടകരും ചേർന്ന് ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി.
കഴിഞ്ഞ ദിവസം ചെവി വേദനയ്ക്ക് തിരൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലെത്തിയ യുവാവിനെ നായ് കടിച്ചിരുന്നു. ജില്ലാ ആശുപത്രിയുടെ ഫാർമസി വരാന്തയിൽ നിന്ന പരപ്പനങ്ങാടി സ്വദേശി അജ്മലിനാണ് നായുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഡോക്ടറെ കണ്ട ശേഷം മരുന്നു വാങ്ങാൻ ഫാർമസിയിൽ എത്തിയ അജ്മലിനെ പിന്നിലൂടെ വന്ന നായ ആക്രമിക്കുകയായിരുന്നു. നായുടെ കടിയേറ്റ ഉടനെ അജ്മൽ ജില്ലാ ആശുപത്രിയിൽ തന്നെ ചികിത്സ തേടി. കാലിന് പിറകുവശത്താണ് കടിയേറ്റത്.
സംഭവത്തിൽ ആശുപത്രി സൂപ്രണ്ടിന് പരാതി നൽകിയിട്ടും നായയെ പിടികൂടാനുള്ള നടപടി സ്വീകരിച്ചില്ലെന്ന് ആക്ഷേപം ഉയർന്നിരുന്നു. നായയെ ഓടിച്ചു കൊള്ളാം എന്നും സൗജന്യ ചികിത്സ നൽകാമെന്നുമായിരുന്നു സൂപ്രണ്ടിന്‍റെ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.