മുനീറിന് പോക്കറ്റ് മണി നൽകിയത് യു.ഡി.എഫ് മുഖ്യമന്ത്രിയുടെ വീട്ടിൽ നിന്നല്ല; അന്നില്ലാത്ത ചൊറിച്ചിൽ ഇപ്പോൾ വേണ്ട-ജലീൽ

കോഴിക്കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വകമാറ്റിയ കേസിൽ ലോകായുക്ത തീരുമാനം വന്നതിന് പിന്നാലെ ഇക്കാര്യത്തിൽ പ്രതികരണവുമായി കെ.ടി ജലീൽ. ​സി.എച്ച് മുഹമ്മദ് കോയയുടെ മരണത്തെ തുടർന്ന് മകൻ ഡോ.എം.കെ മുനീറിനെ ബംഗളൂരുവിലെ സ്വകാര്യ മെഡിക്കൽ കോളജിൽ നിന്ന് കോഴിക്കോട് സർക്കാർ മെഡിക്കൽ കോളജിലേക്ക് തുടർ പഠനത്തിന് സൗകര്യമൊരുക്കി കൊണ്ടുവന്നതും പഠനം തീരുന്നത് വരെ പോക്കറ്റ് മണി നൽകിയതും സി.എച്ചിൻ്റെ ഭാര്യക്ക് പെൻഷൻ നൽകിയതും അന്നത്തെ യു.ഡി.എഫ് മുഖ്യമന്ത്രിയുടെ വീട്ടിൽ നിന്നെടുത്തിട്ടല്ലെന്ന് കെ.ടി ജലീൽ പറഞ്ഞു.

ഏത് സർക്കാരിന്റെ കാലത്താണെങ്കിലും പൊതുഖജനാവിൽ നിന്നാണ് പണം അനുവദിച്ചത്. ഭാവിയിലും അങ്ങനെത്തന്നെയാകും. അന്നൊന്നുമില്ലാത്ത ചൊറിച്ചിൽ ഇപ്പോൾ വേണ്ടെന്ന് ജലീൽ ഫേസ്ബുക്കിൽ കുറിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അർഹതപ്പെട്ടവർക്കേ സഹായം കൊടുത്തിട്ടുള്ളൂ. യു.ഡി.എഫും എൽ.ഡി.എഫും ബി.ജെ.പിയും നോക്കിയല്ല ദുരിതാശ്വാസ നിധിയിൽ നിന്ന് പണം അനുവദിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Full View

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അർഹതപ്പെട്ടവർക്കേ സഹായം കൊടുത്തിട്ടുള്ളൂ. UDF ഉം LDF ഉം BJP യും നോക്കിയല്ല CMDRF ൽ നിന്ന് പണം അനുവദിക്കുന്നത്. ഒന്നാം പിണറായി മന്ത്രിസഭ തന്നെയാണ് മുൻ എം.എൽ.എയും ലീഗ് നേതാവുമായ കളത്തിൽ അബ്ദുല്ലക്ക് ചികിൽസക്കായി 20 ലക്ഷം അനുവദിച്ചത്. കടലോരത്ത് സുനാമി ദുരന്തങ്ങൾക്ക് ഇരയായവർക്ക് വിതരണം ചെയ്യേണ്ട സുനാമി ഫണ്ട് ഒരു "പുഴ" പോലുമില്ലാത്ത കോട്ടയത്തെ പുതുപ്പള്ളിയിലെ നൂറുകണക്കിന് ആളുകൾക്കായി കോടികൾ വാരിക്കോരി നൽകിയപ്പോൾ ഈ ഹർജിക്കാരനും മാധ്യമങ്ങളും എവിടെയായിരുന്നു? തെരഞ്ഞെടുപ്പ് ലാക്കാക്കി പുതുപ്പള്ളിക്കാർക്ക് യഥേഷ്ടം പണം കൊടുത്തത് അന്നത്തെ UDF മുഖ്യമന്ത്രിയുടെ തറവാട്ടിൽ നിന്നെടുത്തിട്ടല്ല. ജനങ്ങളിൽ നിന്ന് ശേഖരിച്ച സുനാമി ഫണ്ടിൽ നിന്നാണെന്നോർക്കണം.

സി.എച്ച് മുഹമ്മദ് കോയ സാഹിബിൻ്റെ മരണത്തെ തുടർന്ന് മകൻ ഡോ: എം.കെ മുനീറിനെ ബാഗ്ലൂരിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ നിന്ന് കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജിലേക്ക് തുടർ പഠനത്തിന് സൗകര്യമൊരുക്കി കൊണ്ടുവന്നതും പഠനം തീരുന്നത് വരെ പോക്കറ്റ് മണി നൽകിയതും സി.എച്ചിൻ്റെ ഭാര്യക്ക് പെൻഷൻ നൽകിയതും അന്നത്തെ UDF മുഖ്യമന്ത്രിയുടെ വീട്ടിൽ നിന്നെടുത്തിട്ടല്ല.

എല്ലാം ഏത് സർക്കാരിൻ്റെ കാലത്താണെങ്കിലും പൊതുഖജനാവിൽ നിന്നാണ് അനുവദിച്ചത്. ഭാവിയിലും അങ്ങനെത്തന്നെയാകും.അന്നൊന്നുമില്ലാത്ത "ചൊറിച്ചിൽ"രാമചന്ദ്രൻ നായരുടെയും ഉഴവൂർ വിജയൻ്റെയും കുടുംബത്തെ സഹായിച്ചപ്പോൾ ഉണ്ടായിട്ടുണ്ടെങ്കിൽ അതങ്ങ് സഹിച്ചേര്. ഞങ്ങൾക്ക് വേറെ പണിയുണ്ട്. ''പാണ്ടൻ നായുടെ പല്ലിന് ശൗര്യം, പണ്ടേ പോലെ ഫലിക്കുന്നില്ല"

Tags:    
News Summary - The pocket money given to Muneer was not from the UDF Chief Minister's house-Jaleel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.