തിരുവനന്തപുരം: പൊലീസിലെ ഉന്നതങ്ങളിൽ നിറഞ്ഞാടിയ അധികാരപ്പോരിന്റെ ഇരയായിരുന്നു പി. വിജയൻ. അർഹതപ്പെട്ട സ്ഥാനങ്ങളും അംഗീകാരങ്ങളും വെട്ടിനിരത്തിയപ്പോഴും പി. വിജയൻ ആരോടും പരാതി പറയാതെ ഏൽപിച്ച ജോലി തുടർന്നു. എന്നിട്ടും, എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതിയുടെ വിവരങ്ങൾ ചോർത്തി നൽകിയെന്ന എം.ആർ. അജിത് കുമാറിന്റെ റിപ്പോർട്ടിലാണ് സസ്പെൻഷനിൽ ആകുന്നത്. അതും ഒരു വിശദീകരണംപോലും ചോദിക്കാതെ. ആറുമാസത്തിനു ശേഷം സർവിസിൽ തിരിച്ചെടുത്തപ്പോഴും വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ച് അർഹതപ്പെട്ട എ.ഡി.ജി.പി സ്ഥാനവും വൈകിപ്പിച്ചു. ഒടുവിൽ ഇതിനെല്ലാം ഉത്തരവാദികളായവർക്ക് മുകളിലൂടെയാണ് പി. വിജയനെന്ന പൊലീസിലെ ജനകീയൻ കാവ്യനീതിപോലെ താക്കോല് സ്ഥാനമായ രഹസ്യാന്വേഷണവിഭാഗം മേധാവിയാകുന്നത്.
എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതിയുടെ വിവരങ്ങൾ തീവ്രവിരുദ്ധ സ്ക്വാഡിന്റെ ചുമതലയുണ്ടായിരുന്ന വിജയൻ മാധ്യമങ്ങൾക്കു ചോർത്തി നൽകി എന്നാരോപിച്ചാണ് ഐ.ജിയായിരുന്ന വിജയനെ സസ്പെൻഡ് ചെയ്തത്. പ്രതി കേരളം വിട്ടെന്നുറപ്പായപ്പോഴാണ് കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റിലെ കേരള കേഡർ ഐ.ജി അനൂപ് കുരുവിള ജോണിന്റെ സഹായം വിജയൻ തേടിയത്. ഐ.ബി, മഹാരാഷ്ട്ര-കർണാടക ഭീകരവിരുദ്ധ സ്ക്വാഡുകൾ, ഉത്തർപ്രദേശ്, ഡൽഹി പൊലീസ്, ആർ.പി.എഫ് എന്നിവയെ ഏകോപിപ്പിച്ചത് അങ്ങനെയാണ്. പ്രതിയുടെ ഫോട്ടോയും വിഡിയോയും പുറത്തു വിട്ടത് മഹാരാഷ്ട്ര എ.ടി.എസ് ആണെങ്കിലും ആ കുറ്റം വിജയന്റെ പേരിലാക്കി. പ്രതിയെ കേരളത്തിലെത്തിച്ച ഡിവൈ.എസ്.പിയെ എ.ഡി.ജി.പി, ഐ.ജി, എസ്.പി, ഡിവൈ.എസ്.പി എന്നിവർ വിളിച്ചെങ്കിലും കുറ്റക്കാരൻ വിജയൻ മാത്രമായി.
അജിത്തിന് കിട്ടിയ ‘തലോടൽ’ വിജയന് കിട്ടിയില്ല
ആർ.എസ്.എസ് നേതാവുമായുള്ള കൂടിക്കാഴ്ചയുടെ പേരിലും വിജിലൻസ് അന്വേഷണത്തിന്റെ പേരിലും ക്രമസമാധാന ചുമതലയിൽനിന്ന് മാറ്റിയ എം.ആർ. അജിത് കുമാറിന്റെ സ്ഥലമാറ്റ ഉത്തരവിൽ ഒറ്റവരി ‘തലോടൽ’ മാത്രമായിരുന്നെങ്കിൽ പി. വിജയന്റെ സസ്പെൻഷൻ ഓർഡർ കുറ്റപത്രമായിരുന്നു. തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട് എം.ആർ. അജിത് കുമാറിന്റെ വീഴ്ചകൾ അക്കമിട്ട് നിരത്തി സംസ്ഥാന പൊലീസ് മേധാവി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകിയിട്ടും തൃപ്തിയാകാതെ മൂന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ വെച്ച് അന്വേഷിച്ച ആഭ്യന്തരവകുപ്പ്, പി. വിജയനെതിരായ അജിത് കുമാറിന്റെ റിപ്പോർട്ടിൽ ഒരു അന്വേഷണവും നടത്താതെയാണ് അച്ചടക്കനടപടി എടുത്തത്. പി. വിജയനോടുള്ള എം.ആർ. അജിത്കുമാറിന്റെ വ്യക്തിവിരോധമാണ് റിപ്പോർട്ടായി സർക്കാറിന് മുന്നിലെത്തിയതെന്ന് അന്നേ ഐ.പി.എസ് അസോസിയേഷനുള്ളിൽ ചർച്ചയായിരുന്നു. ജനുവരിയിൽ വിജയന് കിട്ടേണ്ട സ്ഥാനക്കയറ്റം തടയാനായിരുന്നു ആറുമാസം സസ്പെൻഷനും വകുപ്പുതല അന്വേഷണവും.
എം.ആർ. അജിത് കുമാറിന്റെ റിപ്പോർട്ടിൽ കഴമ്പില്ലെന്ന് കണ്ട് ചീഫ് സെക്രട്ടറി അധ്യക്ഷനായ സസ്പെൻഷൻ റിവ്യൂ കമ്മിറ്റി രണ്ടുതവണ പി. വിജയനെ തിരിച്ചെടുക്കാൻ ശിപാർശ ചെയ്തെങ്കിലും ഡി.ജി.പി അനുകൂല റിപ്പോർട്ട് നൽകിയില്ല. പിന്നീട്, പി. വേണു ചീഫ് സെക്രട്ടറിയായിരിക്കെയാണ് വിജയന് അനുകൂലമായി റിപ്പോർട്ട് നൽകിയത്. അതിന്റെ അടിസ്ഥാനത്തിൽ നവംബർ 14നാണ് മുഖ്യമന്ത്രി സസ്പെൻഷൻ പിൻവലിച്ചത്. സർവിസിൽ തിരിച്ചെടുത്തിട്ടും ജനുവരിയിൽ ലഭിക്കേണ്ട സ്ഥാനക്കയറ്റം നിഷേധിച്ചു. കുറ്റവാളി അല്ലെന്ന് തെളിഞ്ഞതോടെ മേയ് 10നാണ് എ.ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.