കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപതയിലെ വൈദികരും സഭ നേതൃത്വവുമായുള്ള തർക്ക പരിഹാരത്തിനായി മാർപാപ്പ നിയോഗിച്ച പൊന്തിഫിക്കൽ ഡെലിഗേറ്റ് ആർച്ച് ബിഷപ് സിറിൽ വാസിൽ ഇന്ന് കൊച്ചിയിൽ എത്തും. നെടുമ്പാശ്ശേരിയിലെത്തുന്ന വത്തിക്കാൻ പ്രതിനിധി എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനത്താണ് ആണ് എത്തുക. ഒരാഴ്ച കൊച്ചിയിൽ തങ്ങുന്ന ആർച്ച് ബിഷപ്പ് സഭയിലെ തർക്ക പരിഹാരങ്ങൾക്കുള്ള തുടർചർച്ചകൾ നടത്തുമെന്നാണ് അറിയുന്നത്.
എറണാകുളം- അങ്കമാലി അതിരൂപതയിൽ മാർപ്പാപ്പ നിർദ്ദേശിച്ച ഏകീകൃത കുർബാന നടത്തുന്നതുമായി ബന്ധപ്പെട്ടായിരിക്കും പ്രധാന ചർച്ച. പുതിയ അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ബോസ്കോ പുത്തൂരുമായും ചർച്ച നടക്കും. തുടർന്ന് വിവിധ വൈദികരെയും വത്തിക്കാൻ പ്രതിനിധി കാണുമെന്നാണ് അറിയുന്നത്. നേരത്തെ ഏകീകൃത കുർബാന നടപ്പാക്കാൻ ബസലിക്ക പള്ളിയിലെത്തിയ ആർച്ച് ബിഷപ്പ് സിറിൽ വാസിലിന് നേരെ വലിയ പ്രതിഷേധം ഉണ്ടായിരുന്നു. ഈ സാഹചര്യത്തിൽ പുതിയ നീക്കത്തിന് പ്രസക്തിയേറെയാണ്. പ്രശ്നപരിഹാരത്തിന് വഴിതെളിയുമെന്ന പ്രതീക്ഷയാണ് പൊതുവെയുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.