‘പോസ്റ്റിന് അയോധ്യ വിഷയവുമായി ബന്ധമില്ല, തെറ്റിദ്ധാരണ വരുന്ന പോസ്റ്റിന് ക്ഷമ ചോദിക്കുന്നു’; വിശദീകരണവുമായി ശിഹാബ് ചോറ്റൂർ

താൻ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റിന് അയോധ്യ വിഷയവുമായി ബന്ധ​മില്ലെന്ന വിശദീകരണവുമായി ശിഹാബ് ചോറ്റൂർ. രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ് പോസ്റ്റിട്ട ശിഹാബ് ചോറ്റൂരിനെതിരെ സമൂഹ മാധ്യമങ്ങളിൽ പരിഹാസം ശക്തമായതോടെ പോസ്റ്റ് പിൻവലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണം. ‘നന്ദി പ്രധാനമന്ത്രി മോദി സാർ, ഇന്ത്യൻ മുസൽമാൻ ആയതിൽ ഞാൻ അഭിമാനിക്കുന്നു’ എന്ന കുറിപ്പോടെയായിരുന്നു മലപ്പുറത്തുനിന്ന് മക്കയിലേക്ക് കാൽനടയായി പോയി ഹജ്ജ് ചെയ്ത് വാർത്തകളിൽ ഇടംപിടിച്ച ശിഹാബിന്റെ പോസ്റ്റ്. ഇതിനൊപ്പം ഇന്ത്യൻ പതാക പിടിച്ചുനിൽക്കുന്ന ചിത്രവും രാമന്റെ വേഷം ധരിച്ച കുട്ടികൾക്കൊപ്പമുള്ള ചിത്രങ്ങളും പങ്കുവെച്ചിരുന്നു.

എന്റെ മുമ്പ് നടന്ന പരിപാടിയുടെ പോസ്റ്റിൽ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ലൈക്ക് ചെയ്യുകയും അത് വൈറലാകുകയും ചെയ്തപ്പോൾ രാജ്യത്തിന്റെ പ്രധാനമന്ത്രി എന്നെപ്പോലെ ഒരു സാധാരണ മനുഷ്യന്റെ പോസ്റ്റിന് ലൈക് ചെയ്തതിൽ അദ്ഭുതം തോന്നിയെന്നും അതിന് നന്ദി പറഞ്ഞുകൊണ്ടാണ് പോസ്റ്റിട്ടതെന്നും ശിഹാബ് ഫേസ്ബുക്കിലെ വിശദീകരണ കുറിപ്പിൽ പറയുന്നു. ഫാഷിസവുമായി ഒരിക്കലും രാജിയാവാനില്ല. ഞാൻ ചിന്തിക്കാത്ത തരത്തിലാണ് സോഷ്യൽ മീഡിയ വാർത്ത വരുന്നത്. സത്യാവസ്ത അറിയാതെ ആണ് പലരും പ്രതികരിക്കുന്നത്. വിശദീകരണം ഇല്ലാതെ തെറ്റിദ്ധാരണ വരുന്ന തരത്തിൽ ഇട്ട പോസ്റ്റിന് ഞാൻ എന്നെ സ്നേഹിക്കുന്ന എല്ലാവരോടും ക്ഷമ ചോദിക്കുന്നെന്നും പോസ്റ്റിലുണ്ട്. ‘അല്ലാഹു നമ്മെ സത്യ വിശ്വാസികളിൽ ഉൾപ്പെടുത്തട്ടെ’ എന്ന പ്രാർഥനയോടെയാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വ്യാപക പരിഹാസങ്ങൾക്കും വിമർശനങ്ങൾക്കും ഇടയാക്കിയതോടെയാണ് ശിഹാബ് പിൻവലിച്ചത്. നിരവധി പേരാണ് പോസ്റ്റിന് താഴെ വിമർശനവുമായി എത്തിയത്. പലരും ഇതിന്റെ സ്ക്രീൻ ഷോട്ടെടുത്ത് സമൂഹ മാധ്യമങ്ങളിലൂടെ രംഗത്തെത്തി. വിശദീകരണ കുറിപ്പിന് താഴെയും പരിഹാസ കമന്റുകൾ നിറയുകയാണ്.

Full View

ശിഹാബ് ചോറ്റൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

അസ്സലാമു അലൈകും

എന്റെ മുമ്പ് നടന്ന ഒരു പരിപാടിയുടെ പോസ്റ്റിൽ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ലൈക്ക് ചെയ്തു. അത് വൈറലാകുകയും പല ദേശീയ പ്രമുഖരും അത് ഷെയർ ചെയ്തു കണ്ടപ്പോൾ രാജ്യത്തിന്റെ pm എന്നെപോലെ ഒരു സാധാരണ മനുഷ്യന്റെ പോസ്റ്റിന് ലൈക് ചെയ്തതിൽ അദ്ഭുതം തോന്നി. അപ്പോൾ അദ്ദേഹത്തിന് നന്ദി പറഞ്ഞുകൊണ്ടാണ് ഞാൻ അൽപം മുമ്പ് പോസ്റ്റിട്ടത്. അത് അയോധ്യ വിഷയവുമായി യാതൊരു ബന്ധവും ഇല്ല. എന്ന് മാത്രമല്ല ഫാഷിസവുമായി ഒരിക്കലും രാജിയാവാനില്ല. ഞാൻ ചിന്തിക്കാത്ത തരത്തിലാണ് സോഷ്യൽ മീഡിയ വാർത്ത വരുന്നത്.

ഈ സത്യാവസ്ത അറിയാതെ ആണ് പലരും പ്രതികരിക്കുന്നത്. അത് അല്ലാഹുവിന് വിടുന്നു. ആത്മാർഥമായി പറയുന്ന ഈ വാക്കുകൾ സ്വീകരിക്കുന്നവർ ദയവ് ചെയ്ത് അത് ഷെയർ ചെയ്യരുതെന്ന് പറയുന്നു. ഹബീബായ നബിയെ സ്നേഹിക്കുന്ന ഒരാൾ എന്ന നിലക്ക് ഒരിക്കലും ഫാഷിസത്തെ ഞാൻ പിന്തുണക്കില്ല. വിശദീകരണം ഇല്ലാതെ തെറ്റിദ്ധാരണ വരുന്ന തരത്തിൽ ഇട്ട പോസ്റ്റിന് ഞാൻ എന്നെ സ്നേഹിക്കുന്ന എല്ലാവരോടും ക്ഷമ ചോദിക്കുന്നു. അല്ലാഹു നമ്മെ സത്യ വിശ്വാസികളിൽ ഉൾപ്പെടുത്തട്ടെ.

Tags:    
News Summary - 'The post has no relation with the Ayodhya issue, apologies for the misleading post'; Shihab Chottur with explanation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.