കാസർകോട്: ഒന്നരമാസത്തോളം നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ കാസർകോട് ജനറൽ ആശുപത്രിയിൽ രാത്രികാല പോസ്റ്റ്മോർട്ടം പുനരാരംഭിക്കുന്നു. ആവശ്യമായ ഡോക്ടർമാരില്ലെന്ന് ചൂണ്ടിക്കാട്ടി ഡോക്ടർമാരുടെ സംഘടന കെ.ജി.എം.ഒ.എയാണ് രാത്രി പോസ്റ്റ്മോർട്ടം നടപടികൾ നിർത്തിവെച്ചത്.
വിവിധ സംഘടനകളും എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ ഉൾപ്പെടെയുള്ളവരും പ്രതിഷേധവുമായി രംഗത്തെത്തിയെങ്കിലും പോസ്റ്റ്മോർട്ടം പുനരാരംഭിച്ചില്ല. ഒടുവിൽ ജില്ലയിലെതന്നെ ടാറ്റ ആശുപത്രിയിൽനിന്ന് ഫോറൻസിക് സർജനെ നിയമിച്ചതോടെയാണ് പ്രതിസന്ധി മാറിയത്.
ചട്ടഞ്ചാൽ ടാറ്റ ആശുപത്രിയിലെ ഡോ. റെയ്ച്ചൽ ജോണിയെയാണ് ജനറൽ ആശുപത്രിയിൽ ഫോറൻസിക് സർജനായി നിയമിച്ചത്. നിലവിൽ ഒരു ഫോറൻസിക് സർജനാണ് ജനറൽ ആശുപത്രിയിലുള്ളത്. രാപ്പകൽ പോസ്റ്റ്മോർട്ടം ചെയ്യാൻ ഒരാളെ കൊണ്ട് കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി ആഗസ്റ്റ് 16നാണ് രാത്രി പോസ്റ്റ്മോർട്ടം നിർത്തിയത്.
എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ ഹൈകോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് സമ്പാദിച്ചശേഷമാണ് ജനറൽ ആശുപത്രിയിൽ രാത്രി പോസ്റ്റ്മോർട്ടം തുടങ്ങിയത്.
മാസങ്ങളോളം രാത്രി പോസ്റ്റുമോർട്ടം തുടർന്നെങ്കിലും സൗകര്യങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടി പിന്നീട് നിർത്തി. ഒരു ഫോറൻസിക് സർജൻ കൂടി വേണമെന്ന് ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എ ഉന്നയിച്ചു. നിലവിലെ സൗകര്യങ്ങളുമായി പോസ്റ്റ്മോർട്ടം തുടരാൻ നിർദേശം നൽകിയെന്ന് ആരോഗ്യമന്ത്രി സ്ഥലം എം.എൽ.എയെ രേഖാമൂലം അറിയിച്ചിരുന്നുവെങ്കിലും ഫലമുണ്ടായില്ല.
ജനറൽ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് കൂടിയായ ഡോ. ജമാൽ അഹമ്മദ് ഉൾപ്പെടെയുള്ള സംസ്ഥാന നേതാക്കൾ കഴിഞ്ഞയാഴ്ച തിരുവനന്തപുരത്ത് ചെന്ന് ആരോഗ്യ സെക്രട്ടറിയെ കണ്ട് കത്ത് നൽകിയിരുന്നു. ഇതോടെയാണ് ടാറ്റ ആശുപത്രിയിലെ അസി. സർജനെ ജനറൽ ആശുപത്രിയിൽ നിയമിച്ച് ഉത്തരവിറങ്ങിയത്.
പുതിയ നിയമനം നടത്തിയതോടെ രാത്രികാല പോസ്റ്റ്മോർട്ടം നിർത്തിയുള്ള സമരം പിൻവലിച്ചതായി കെ.ജി.എം.ഒ.എ ജില്ല പ്രസിഡന്റ് ഡോ. സി.എം. കായിത്തിയും സെക്രട്ടറി ഡോ. രാജു മാത്യു സിറിയക്കും അറിയിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.