കൊച്ചി: നിത്യോപയോഗ സാധനവില പതിന്മടങ്ങ് വർധിച്ചിട്ടും ഉച്ചക്കഞ്ഞിക്കുള്ള സർക്കാർ നിരക്കിൽ മാറ്റമില്ല. ഏഴുവർഷം മുമ്പ് അംഗീകരിച്ച നിരക്കിലാണ് ഇപ്പോഴും ഉച്ചക്കഞ്ഞി ഫണ്ട്. ഇതോടെ പലയിടങ്ങളിലും നടത്തിപ്പ് പ്രതിസന്ധിയിലാണ്. സ്കൂൾ വിദ്യാർഥികൾക്ക് ഉച്ചക്കഞ്ഞിക്കുള്ള നിരക്ക് അവസാനമായി നിശ്ചയിച്ചത് 2016ലാണ്. 150 വരെ കുട്ടികൾക്ക് ഒരു വിദ്യാർഥിക്ക് എട്ടും 150 - 500 കുട്ടികൾക്ക് ഒരു കുട്ടിക്ക് ഏഴും 500ന് മുകളിലുള്ള ഓരോ കുട്ടിക്കും ആറും രൂപയെന്ന നിലയിലാണ് സ്കൂളുകൾക്ക് സർക്കാർ ഫണ്ട് നിശ്ചയിച്ചത്. അരി സർക്കാർ നൽകും. പലചരക്ക്, പാചക വാതകം, പച്ചക്കറി തുടങ്ങിയവയെല്ലാം ഈ തുകയിൽനിന്ന് കണ്ടെത്തണം.
ഇതാണ് പ്രധാനാധ്യാപകർക്കും നടത്തിപ്പുകാർക്കും തലവേദനയാകുന്നത്. പുറമെ ന്യുട്രീഷൻ പദ്ധതിയിൽപെടുത്തി ഒരു വിദ്യാർഥിക്ക് ആഴ്ചയിൽ രണ്ടുദിവസം 150 മില്ലി വീതം പാലും ഒരു മുട്ടയും നൽകണം. ഇതോടൊപ്പം പയർ, കടല അടക്കമുള്ള ഇനങ്ങളും വിദ്യാർഥികൾക്ക് നൽകാനും ഈ തുകയാണ് വിനിയോഗിക്കേണ്ടത്. 150 കുട്ടികളിൽ താഴെയുള്ള സ്കൂളിൽ ഒരു കുട്ടിക്ക് 40 രൂപയാണ് ഒരാഴ്ചത്തേക്ക് ലഭിക്കുക. പാലിനും മുട്ടക്കും മാത്രം 23 രൂപ ചെലവ് വരുമെന്ന് അധ്യാപകർ പറയുന്നു.
ബാക്കി 17 രൂപയിൽനിന്നാണ് ഒരു കുട്ടിക്ക് ഒരാഴ്ചത്തേക്കുള്ള വക കണ്ടെത്തേണ്ടത്. വലിയതോതിൽ കുട്ടികളുള്ള സ്കൂളിൽ മുഴുവൻ കുട്ടികളും ഉച്ചക്കഞ്ഞി കഴിക്കാത്തതിനാൽ അനുവദിക്കുന്ന തുക മറ്റ് കുട്ടികൾക്കായി ഉപയോഗിക്കാമെന്നതിനാൽ വലിയ പ്രതിസന്ധിയില്ല.
പല സർക്കാർ പ്രൈമറി വിദ്യാലയങ്ങളിലും വിദ്യാർഥികളുടെ എണ്ണം 150ൽ താഴെയാണെന്നിരിക്കെ ഇത്തരം സ്കൂളുകളെയാണ് ഈ നിരക്ക് പ്രതികൂലമായി ബാധിക്കുന്നതെന്ന് അധ്യാപകർ ചൂണ്ടിക്കാട്ടുന്നു. വിദ്യാർഥിക്ഷാമം പരിഹരിക്കാൻ സൗജന്യ ഭക്ഷണവും വാഹനവും അടക്കം വാഗ്ദാനം ചെയ്താണ് വിദ്യാർഥികളെ ചേർക്കുന്നത്. പലപ്പോഴും സ്പെഷൽ ഇനങ്ങളും ഉച്ചഭക്ഷണത്തോടൊപ്പം നൽകുന്നുണ്ട്.
അവസാനം നിരക്ക് നിശ്ചയിക്കുമ്പോൾ പാചകവാതക വില 500ൽ താഴെയായിരുന്നെങ്കിൽ ഇപ്പോഴത് 1200 രൂപയാണെന്ന് അധ്യാപകർ ചൂണ്ടിക്കാട്ടുന്നു. ഈ മാറ്റം മുഴുവൻ സാധനങ്ങളുടെയും വിലയിൽ വന്നിട്ടുണ്ട്. ഉച്ചക്കഞ്ഞി നിരക്ക് വർധിപ്പിക്കുമെന്ന് നേരത്തേ സർക്കാർ പറഞ്ഞിരുന്നെങ്കിലും ഇപ്പോൾ മൗനം പാലിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.