തിരുവനന്തപുരം: കേരള പൊലീസിൽ വനിത പ്രാതിനിധ്യം 15 ശതമാനം ആക്കുമെന്ന ഒന്നാം പിണറായി സർക്കാറിെൻറ വാഗ്ദാനം ജലരേഖയായി. സാമ്പത്തികപ്രതിസന്ധി ചൂണ്ടിക്കാട്ടി നിലവിലെ പി.എസ്.സി റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനങ്ങൾക്ക് സർക്കാർ വഴിയടച്ചതോടെ ആയിരക്കണക്കിന് വനിതകളാണ് പ്രതീക്ഷയുടെ പടിക്ക് പുറത്തായത്. ഒമ്പത് ശതമാനത്തിൽ താഴെ മാത്രമാണ് സംസ്ഥാനത്ത് വനിത പൊലീസ് സാന്നിധ്യം. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അക്രമങ്ങൾ വർധിക്കുമ്പോഴും സേനയിൽ വനിതകളുടെ അംഗബലം വർധിപ്പിക്കാത്തത് ഭൂരിഭാഗം പൊലീസ് സ്റ്റേഷനുകളുടെയും പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്.
കഴിഞ്ഞ ഒന്നരവർഷത്തിനിടെ കേരളത്തിൽ 1770 കുട്ടികൾ ബലാത്സംഗത്തിനിരയായതായാണ് പൊലീസ് ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകൾ. പോക്സോ ആക്ട് പ്രകാരം പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തേണ്ടത് വനിത എസ്.ഐ റാങ്കിലുള്ള ഉദ്യോഗസ്ഥയായിരിക്കണം. എന്നാൽ ഭൂരിഭാഗം സ്റ്റേഷനുകളിലും വനിത എസ്.ഐമാരില്ലാത്തതിനാൽ വനിത സിവിൽ പൊലീസ് ഓഫിസർമാരെക്കൊണ്ടാണ് മൊഴി എടുക്കുക. പലയിടത്തും മതിയായ വനിത പൊലീസുകാരും ഇല്ല.
2016 ലെ എൽ.ഡി.എഫ് പ്രകടനപത്രികയിലെ 543ാം പോയൻറിലാണ് പൊലീസ് സേനയിലെ വനിതകളുടെ പ്രാതിനിധ്യം 15 ശതമാനമാക്കുമെന്ന വാഗ്ദാനമുണ്ടായിരുന്നത്. 380 പേരുടെ സ്ഥിരം അംഗബലമുള്ള വനിത ബറ്റാലിയൻ ഒഴിച്ചാൽ തുടർനടപടികളൊന്നുമുണ്ടായില്ല. വനിതകളുടെ അംഗബലം വർധിപ്പിക്കണമെന്ന ആവശ്യവുമായി ഇരുപതിലേറെ നിർദേശങ്ങളാണ് പൊലീസ് ആസ്ഥാനത്തുനിന്ന് ആഭ്യന്തരവകുപ്പിലെത്തിയത്. എന്നാൽ സാമ്പത്തികപ്രയാസങ്ങൾ ചൂണ്ടിക്കാട്ടി ഇവയൊക്കെ ധനവകുപ്പ് മാറ്റിവെക്കുകയായിരുന്നു. നിലവിലെ വനിത സിവിൽ പൊലീസ് ഓഫിസർ റാങ്കിെൻറ കാലാവധി ആഗസ്റ്റ് മൂന്നിന് അവസാനിക്കും. ഇതുവരെ റാങ്ക് ലിസ്റ്റിൽ നിന്ന് പകുതിപേർക്ക് പോലും നിയമനം ലഭിച്ചിട്ടില്ല. മുൻ റാങ്ക് ലിസ്റ്റിൽ നിന്ന് 924 നിയമനശിപാർശകൾ നടന്നെങ്കിൽ പുതിയ ലിസ്റ്റിൽ 671 പേർക്ക് (32ശതമാനം) മാത്രമാണ് നിയമനശിപാർശ ലഭിച്ചത്. 1401 പേരാണ് മെയിൻ, സപ്ലിമെൻററി ലിസ്റ്റുകളിലായി നിയമനം കാത്തുകിടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.