തൃശൂർ: സ്വത്ത് മരവിപ്പിച്ച ഇ.ഡി നടപടിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എ.സി. മൊയ്തീൻ എം.എൽ.എ. തന്റെ 40 ലക്ഷം സ്വത്ത് കണ്ടുകെട്ടിയത് ശരിവെച്ചെന്നത് വസ്തുതവിരുദ്ധമാണെന്നും സ്വത്ത് കണ്ടുകെട്ടിയിട്ടില്ലെന്നും 28 ലക്ഷം നേരത്തേ മരവിപ്പിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. മരവിപ്പിക്കൽ നടപടി നീട്ടിയത് ഇ.ഡിയുടെ അപേക്ഷയിലാണ്. ലോക്സഭ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള നീക്കം രാഷ്ട്രീയവേട്ടയാടലാണ്. താൻ നൽകിയ കണക്കിൽ ഇ.ഡി വിശദീകരണമോ സംശയമോ തേടിയിട്ടില്ല. തന്റെ സമ്പാദ്യം നിയമവിധേയമായതാണ്. ജനപ്രതിനിധിയെന്ന നിലയിൽ തനിക്കും സർക്കാർ ജീവനക്കാരിയെന്ന നിലയിൽ ഭാര്യക്കും ലഭിച്ച പണം മാത്രമാണ് സമ്പാദ്യമെന്നും എ.സി. മൊയ്തീൻ പറഞ്ഞു.
വീട്ടിലെ പരിശോധനയിൽ രേഖകൾ കസ്റ്റഡിയിലെടുക്കുകയോ സ്വത്ത് കണ്ടുകെട്ടുകയോ ഉണ്ടായിട്ടില്ല. ഇക്കാര്യം മഹസറിലുണ്ട്. ഭാര്യയുടേയും മകളുടേയും പേരിലുള്ള നിക്ഷേപങ്ങൾ മരവിപ്പിച്ചെന്ന് ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. പിറ്റേന്ന് ഇ.ഡിയുടെ പത്രപ്രസ്താവനയിൽ തന്റെയും ഭാര്യയുടെയും കൈവശമുള്ള 28 ലക്ഷത്തിന്റെ ഫിക്സ്ഡ് ബാങ്ക് ഡെപ്പോസിറ്റുകൾ കരുവന്നൂർ കേസുമായി ബന്ധപ്പെട്ട് മരവിപ്പിച്ചതായി പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ വിശദീകരണവും ഡെപ്പോസിറ്റുകളുടെ ഉറവിടമടക്കം രേഖകളും ഇ.ഡിക്ക് നൽകിയിരുന്നു. ഡെപ്പോസിറ്റുകളുടെ കൈവശക്കാരായ ഭാര്യയും മകളും എൻഫോഴ്സ്മെന്റ് ഡയറക്ടർക്ക് സെപ്റ്റംബർ എട്ടിന് വിശദീകരണം നൽകുകയും പണത്തിന്റെ ഉറവിട രേഖകളും ഹാജരാക്കുകയും ചെയ്തിരുന്നുവെന്നും എ.സി. മൊയ്തീൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.