കൊച്ചി: നടി ആക്രമിക്കപ്പെട്ടതിന്‍റെ ദൃശ്യങ്ങൾ ദിലീപ് മറ്റെവിടേക്കെങ്കിലും മാറ്റിയോ എന്ന് അറിയില്ലെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ. ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് കണ്ടെടുക്കേണ്ടത് അനിവാര്യമാണ്. തന്‍റെ മൊഴി മുഖവിലക്കെടുത്തത് കൊണ്ടാണ് ദിലീപിന്‍റെ വീട്ടിൽ ക്രൈംബ്രാഞ്ച് പരിശോധന നടത്തുന്നതെന്നും ബാലചന്ദ്രകുമാർ മാധ്യമങ്ങളോട് പറഞ്ഞു.
ദിലീപിന്റെയും സഹോദരൻ അനൂപിന്റെയും വീടുകളിലും ഒാഫീസിലുമാണ് ക്രൈംബ്രാഞ്ച് പ്രത്യേക സംഘം റെയ്ഡ് നടക്കുന്നത്. ദിലീപിന്‍റെ ആലുവ തോട്ടക്കാട്ടുകരയിലുള്ള പത്മസരോവരം വീട്ടിലാണ് റെയ്ഡ് പുരോഗമിക്കുന്നത്.
നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ദിലീപ് പദ്ധതിയിട്ടുവെന്ന കേസിൽ സാക്ഷിയായ ബാലചന്ദ്രകുമാർ നിർണായക തെളിവുകൾ ചൊവ്വാഴ്ച ക്രൈംബ്രാഞ്ച് സംഘത്തിന് കൈമാറിയിരുന്നു. ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ ഉള്ളവയാണ് കൈമാറിയത്.
നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാനും വിചാരണ തടസപ്പെടുത്താനും ദിലീപ് ഉൾപ്പെടെയുള്ളവർ ശ്രമിക്കുന്നതിന്റെ ശബ്ദരേഖകൾ ബാലചന്ദ്രകുമാർ അടുത്തിടെ പുറത്തുവിട്ടിരുന്നു. കേസിൽ പ്രോസിക്യൂഷന് സഹായകരമാകുന്ന തെളിവുകളാണ് ഇതെന്നാണ് കണക്കുകൂട്ടൽ.
വെളിപ്പെടുത്തലിനെ തുടർന്ന് ഡിവൈ.എസ്.പി ബൈജു പൗലോസ് തലവനായ അന്വേഷണ സംഘമാണ് ബാലചന്ദ്രകുമാറിൽ നിന്ന് മൊഴിയെടുത്തത്. എ.ഡി.ജി.പി എസ്. ശ്രീജിത്തിനാണ് അന്വേഷണച്ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.