കണ്ണൂർ: റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന എക്സിക്യൂട്ടീവ് എക്സ്പ്രസിൽ തീയിടാൻ കാരണം സ്റ്റേഷൻ പരിസരത്ത് ഭിക്ഷയെടുക്കാൻ സമ്മതിക്കാത്തതിൽ സുരക്ഷാ ഉദ്യോഗസ്ഥരോടുള്ള വിരോധമെന്ന് പ്രതിയുടെ മൊഴി. സംഭവത്തിൽ പ്രതിയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. തീയിട്ടത് കൊൽക്കത്ത സ്വദേശി പുഷൻജിത് സിദ്ഗറാണെന്ന് പൊലീസ് പറഞ്ഞു.
കസ്റ്റഡിയിലുള്ളയാൾ തീവെപ്പിന് തൊട്ട് മുമ്പ് ട്രാക്ക് പരിസരത്ത് ഉണ്ടായിരുന്നതായി സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു. ബി.പി.സി.എല്‍ ഗോഡൗണിലെ ജീവനക്കാരന്‍റെ മൊഴിയും പ്രതിയിലേക്ക് എത്തിച്ചു. വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെയാണ് ട്രെയിനിന്റെ ബോഗിക്ക് തീയിട്ടത്. ബുധനാഴ്ച രാത്രി 11ഓടെ കണ്ണൂരിൽ യാത്ര അവസാനിപ്പിച്ച ശേഷം മൂന്നാം പ്ലാറ്റ്ഫോമിന് സമീപം എട്ടാം യാർഡിൽ നിർത്തിയിട്ട ട്രെയിനിന്റെ പിന്നിൽനിന്ന് മൂന്നാമത്തെ ജനറൽ കോച്ചിനാണ് തീയിട്ടത്. മറ്റു കോച്ചുകൾ പെട്ടെന്ന് വേർപെടുത്തിയതിനാൽ തീപടരുന്നത് തടയാനായി. പുലർച്ചെ രണ്ടരയോടെ തീയണച്ചു. ട്രെയിനിന്റെ ശുചിമുറിയുടെ ചില്ലുകൾ തകർത്ത നിലയിലാണ്. ക്ലോസറ്റിൽനിന്ന് വലിയ കല്ല് കണ്ടെത്തിയിരുന്നു.
അതേസമയം ബോഗിക്ക് തീ വെച്ചത് ഇന്ധനം ഉപയോഗിച്ചാണോ എന്നത് ഫോറൻസിക് പരിശോധനയിൽ വ്യക്തമായിട്ടില്ല. ഇക്കാര്യം ഉറപ്പിക്കാൻ ഇന്നലെ വൈകീട്ട് വീണ്ടും ബോഗിയിൽ പരിശോധന നടത്തിയിരുന്നു. ഇതിന്ടെ ഫലം കൂടി ലഭിച്ചാലേ കൂടുതൽ നടപടി ഉണ്ടാകൂ. കസ്റ്റഡിയിലുള്ളയാൾ മുമ്പ് റെയില്‍വേ ട്രാക്കിന് സമീപത്തെ കുറ്റിക്കാടിന് തീയിട്ടയാളാണ്. സംഭവത്തില്‍ അന്ന് റെയില്‍വേ അധികൃതര്‍ പൊലീസില്‍ പരാതി അറിയിച്ചിരുന്നെങ്കിലും കാര്യമായ നടപടിയുണ്ടായില്ല. കുറ്റിക്കാട്ടിന് തീയിട്ട ശേഷം ട്രാക്കിലേക്ക് കടന്ന് ഉടുമുണ്ട് കത്തിച്ചെറിഞ്ഞാണ് ഇയാള്‍ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടത്. ഇയാള്‍ക്ക് മാനസിക പ്രശ്നങ്ങളുണ്ടാകാമെന്ന് പറഞ്ഞ് പൊലീസ് അന്ന് നടപടി സ്വീകരിച്ചില്ലെന്നാണ് ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.