കണ്ണൂർ: സ്‌പൈനൽ മസ്കുലാർ അട്രോഫിയെന്ന ജനിതകരോഗം ബാധിച്ച മാട്ടൂലിലെ ഒന്നരവയസ്സുകാരൻ മുഹമ്മദിന് ലഭിച്ച സഹായനിധിയിൽ അവശേഷിക്കുന്ന തുക സർക്കാറിന് കൈമാറും. കുട്ടിയുടെ ചികിത്സക്ക് ആവശ്യമായ തുക വകയിരുത്തിയ ശേഷമാണ് ബാക്കി തുക കൈമാറുക.
ഇതുസംബന്ധിച്ച് ചികിത്സ സഹായ കമ്മിറ്റി ഭാരവാഹിയായ എം. വിജിൻ എം.എൽ.എ മുഖ്യമന്ത്രിയുമായി ചർച്ച നടത്തി. സാമൂഹികസുരക്ഷ മിഷനിലേക്കാവും പണം കൈമാറുക. സമാനമായ അസുഖമുള്ള കുട്ടികൾക്ക് ചികിത്സ സഹായം നൽകുന്ന അക്കൗണ്ടിലേക്കാവും ഈ തുക നിക്ഷേപിക്കുക. ഇതേ അസുഖം ബാധിച്ച ജില്ലയിലെ കുട്ടികൾക്ക് മുൻഗണന നൽകണമെന്ന അഭ്യർഥനയും സർക്കാറിന് കൈമാറിയിട്ടുണ്ട്.
ശനിയാഴ്ച നടക്കുന്ന ചികിത്സ സഹായ കമ്മിറ്റി യോഗത്തിൽ, സർക്കാറിലേക്ക് കൈമാറുന്ന തുക സംബന്ധിച്ച് ധാരണയിലെത്തുമെന്ന് എം.എൽ.എ പറഞ്ഞു. മുഹമ്മദിെൻറ ചികിത്സക്കാവശ്യമായ മരുന്നിനായി 18 കോടി രൂപയായിരുന്നു ആവശ്യമായത്.
എന്നാൽ, കവിഞ്ഞൊഴുകിയ മലയാളികളുടെ സ്നേഹത്തിൽ 46.78 കോടി രൂപയാണ് അക്കൗണ്ടിലെത്തിയത്. മരുന്നിെൻറ നികുതി ഒഴിവാക്കിക്കൊണ്ട് കഴിഞ്ഞദിവസം കേന്ദ്രസർക്കാർ ഉത്തരവ് ഇറക്കിയിരുന്നു.
18 കോടി രൂപയുടെ മരുന്നിന് ഏകദേശം ആറരക്കോടി രൂപയാണ് നികുതിയിനത്തിൽ കുറവുവരുക. നടപടികൾ പൂർത്തിയായ മുറക്ക് ഒരാഴ്ചക്കുള്ളിൽ മരുന്ന് എത്തിക്കാനാവുമെന്നാണ് ചികിത്സ സഹായ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചത്.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ചികിത്സ സഹായ കമ്മിറ്റി ചെയർമാൻ ഫാരിഷ ടീച്ചർ, കൺവീനർ അബ്ബാസ് ഹാജി, അജിത്ത് മാട്ടൂൽ, പ്രകാശൻ, അബ്ദുൽ കലാം, ബി.നസീർ എന്നിവർ എം.എൽ.എക്ക് ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.