തിരുവനന്തപുരം: റവന്യൂ സർട്ടിഫിക്കറ്റുകൾക്ക് പകരം ബദൽരേഖകൾ സ്വീകരിക്കാമെന്ന് സർക്കാർ മാർഗനിർദേശം ഉണ്ടെങ്കിലും, സേവനവകുപ്പ് എന്ന നിലയിൽ ജനങ്ങൾ ആവശ്യപ്പെടുന്ന സർട്ടിഫിക്കറ്റുകൾ നൽകാൻ റവന്യൂ ഉദ്യോഗസ്ഥർ ബാധ്യസ്ഥരാണെന്ന് റവന്യൂ വകുപ്പ് സർക്കുലർ. സർക്കാർ സേവനങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കുമ്പോൾ ഒഴിവാക്കാവുന്ന സർട്ടിഫിക്കറ്റുകളും ഗെസറ്റഡ് ഉദ്യോഗസ്ഥൻ, നോട്ടറി എന്നിവരുടെ സാക്ഷ്യപ്പെടുത്തലും കഴിയുന്നത്ര ഒഴിവാക്കാനും നടപടികൾ ലഘൂകരിക്കാനുമാണ് കഴിഞ്ഞമാസം സർക്കാർ മാർഗനിർദേശം പുറപ്പെടുവിച്ചത്.
എന്നാൽ പലയിടത്തും റവന്യൂ സർട്ടിഫിക്കറ്റുകൾ ഇപ്പോഴും ആവശ്യപ്പെടുന്നുണ്ട്. വില്ലേജ് ഓഫിസറുടെ നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരം ജനന സർട്ടിഫിക്കറ്റ്, അഞ്ചുവർഷം കേരളത്തിൽ പഠിച്ചതിന്റെ രേഖ, സത്യപ്രസ്താവന എന്നിവയുണ്ടെങ്കിൽ നേറ്റീവായി പരിഗണിക്കും. ജാതി സർട്ടിഫിക്കറ്റിന് പകരം അപേക്ഷകന്റെ എസ്.എസ്.എൽ.സി രേഖ, മാതാപിതാക്കൾ വ്യത്യസ്ത ജാതിയിൽപെട്ടവരാണെങ്കിൽ അവരുടെ വിദ്യാഭ്യാസരേഖ എന്നിവ പരിഗണിക്കാം.
ഗെസറ്റഡ് ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തുന്ന അപേക്ഷകരുടെ സത്യപ്രസ്താവന വൺ ആൻഡ് സെയിം സർട്ടിഫിക്കറ്റിന് പകരം ഉപയോഗിക്കാം.
അതിലേക്കായി വകുപ്പുകൾ അവരുടെ സേവനങ്ങളുമായി ബന്ധപ്പെട്ട ചട്ടങ്ങൾ, മാന്വലുകൾ, ഉത്തരവുകൾ എന്നിവ ഭേദഗതി വരുത്തണമെന്നും സർക്കാർ നിർദേശിച്ചിരുന്നു. എന്നാൽ ആരും അത് കൃത്യമായി പാലിച്ചിട്ടില്ല. സർക്കാർ നിർദേശങ്ങൾക്ക് വിരുദ്ധമായി പല സ്ഥാപനങ്ങളിലും വകുപ്പുകളിലും ഇപ്പോഴും റവന്യൂ വകുപ്പ് അനുവദിക്കുന്ന സാക്ഷ്യപത്രങ്ങൾ അപേക്ഷകരോട് ആവശ്യപ്പെടുന്ന സാഹചര്യത്തിലാണ് സർക്കുലർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.