തിരുവനന്തപുരം: മുഴുവന്‍ ഭൂമിയും ഡിജിറ്റലായി അളന്ന് റെക്കോഡുകള്‍ തയാറാക്കാൻ റവന്യൂവകുപ്പ് ആരംഭിച്ച ഡിജിറ്റല്‍ റീ സർവേ മുടന്തുന്നു. ആറുമാസം കൊണ്ട് 200 വില്ലേജുകളിൽ പൂർത്തിയാക്കാൻ ലക്ഷ്യമിട്ട റീസർവേ എട്ടുമാസം പിന്നിട്ടപ്പോൾ ഇതുവരെ പൂർണമായത് 15 വില്ലേജുകളിൽ മാത്രം. റീസർവേ നടപടികൾക്കായി ഭീമമായ തുക നൽകി വാങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഗുണനിലവാരമില്ലായ്മയാണ് തിരിച്ചടിയായതെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.
2.82 ലക്ഷം രൂപ വിലയുള്ള 12,000 ടാബ്ലറ്റുകളാണ് സർവേക്കായി വാങ്ങിയത്. ഇതുൾപ്പെടെ ഉപകരണങ്ങൾ വാങ്ങാൻ 343.64 കോടി രൂപക്കാണ് സ്വകാര്യ കമ്പനിക്ക് കരാർ നൽകിയത്. 700 വീതം റോേബാട്ടിക് ടോട്ടൽ സ്റ്റേഷൻ മെഷീൻ (ആർ.ടി.കെ), 1000 റിയൽ ടൈം കൈനറ്റിക് റോവർ മെഷീൻ (ആർ.ഇ.ടി.എസ്), 1700 റഗ്ഡ് ടാബ്ലറ്റ് കമ്പ്യൂട്ടറുകൾ എന്നിവക്കായിരുന്നു കരാർ. വൻ തുക നൽകി വാങ്ങിയ സർവേ ഉപകരണങ്ങളുടെ ചാർജർ ഉൾപ്പെടെ പലതവണ കേടായി.
ഇതിനിടെ, ടെൻഡർ നടപടികളെക്കുറിച്ച് റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് സർവേ ഡയറക്ടർ നൽകിയ റിപ്പോർട്ടിൽ പൊരുത്തക്കേടുകളുണ്ടെന്ന ആരോപണവും ശക്തമാണ്. ഡിജിറ്റൽ റീസർവേക്കായി സർക്കാർ അംഗീകരിച്ച 807.98 കോടി രൂപയുടെ പദ്ധതിക്ക് റീബിൽഡ് കേരളയിൽ നിന്നാണ് തുക നൽകുന്നത്. എന്നാൽ ഉപകരണങ്ങൾക്ക് പ്രശ്നങ്ങളില്ലെന്നും വിവിധ വകുപ്പുകളും ഏജൻസികളും ഉൾപ്പെട്ട സാങ്കേതിക സമിതിയുടെ മേൽനോട്ടത്തിലാണ് ടെൻഡറിന്റെ ഓരോ ഘട്ടവും പൂർത്തിയാക്കിയതെന്നും അധികൃതർ വിശദീകരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.