കൊച്ചി: നയതന്ത്ര ബാഗേജ് സ്വർണക്കടത്ത്, കറൻസി കടത്ത് കേസിൽ മുഖ്യമന്ത്രിയടക്കം ഉന്നതർക്കുള്ള പങ്ക് അന്വേഷിക്കാൻ ഇ.ഡിക്കും കസ്റ്റംസിനും നിർദേശം നൽകണമെന്നാവശ്യപ്പെടുന്ന ഹരജി വിധി പറയാൻ മാറ്റി. മുഖ്യമന്ത്രി പിണറായി വിജയൻ, മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങൾ, മുൻ സ്പീക്കർ ശ്രീരാമകൃഷ്ണൻ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർക്ക് കേസുകളിൽ പങ്കുണ്ടെന്ന് കേസിലെ പ്രതികളായ സ്വപ്ന സുരേഷും സരിത്തും പലതവണ വ്യക്തമാക്കിയിട്ടും കേന്ദ്ര ഏജൻസികളായ കസ്റ്റംസും ഇ.ഡിയുമടക്കം വേണ്ടരീതിയിൽ അന്വേഷണം നടത്തിയില്ലെന്ന് ആരോപിച്ച് കോട്ടയം പാലാ സ്വദേശി അജി കൃഷ്ണൻ നൽകിയ ഹരജിയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് പരിഗണിച്ചത്.
അതേസമയം, ഹരജി നിയമപരമായി നിലനിൽക്കില്ലെന്നായിരുന്നു സർക്കാറിനു വേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറലിന്റെ വാദം. സ്വർണക്കടത്ത് കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം സ്വപ്ന സുരേഷിന് എച്ച്.ആർ.ഡി.എസിൽ ജോലി ലഭിച്ചിരുന്നെന്നും ഈ സംഘടനയുടെ നേതൃത്വത്തിലുള്ള വ്യക്തിയാണ് താനെന്ന കാര്യം മറച്ചുവെച്ചാണ് ഹരജിക്കാരൻ ഹൈകോടതിയെ സമീപിച്ചതെന്നും എ.ജി വ്യക്തമാക്കി. ഹരജിയിലുന്നയിച്ചിട്ടുള്ള വിഷയം നേരത്തേ പരിഗണിച്ചതാണെന്നും വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.