നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം യു.ഡി.എഫുമായി ഇടഞ്ഞു നിന്നിരുന്ന ആർ.എസ്.പിയുമായി കോൺഗ്രസ് നേതാക്കൾ നടത്തിയ ചർച്ചയിൽ മഞ്ഞുരുക്കം. ഇന്ന് നടക്കുന്ന യു.ഡി.എഫ് യോഗത്തിൽ പങ്കെടുക്കുമെന്ന് ആർ.എസ്.പി നേതാക്കൾ അറിയിച്ചു.
നിയമസഭ തെരഞ്ഞെടുപ്പിൽ ആർ.എസ്.പി ജയിക്കാനായിരുന്നില്ല. യു.ഡി.എഫിലെ പ്രശ്നങ്ങൾ തോൽവിക്ക് കാരണമായി എന്നു വിലയിരുത്തിയ ആർ.എസ്.പി കോൺഗ്രസുമായി ഉഭയകക്ഷി ചർച്ച വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ചർച്ച വേണമെന്ന ആവശ്യത്തോട് ആദ്യഘട്ടത്തിൽ കോൺഗ്രസ് പ്രതികരിക്കാതിരുന്നതോടെ യു.ഡി.എഫ് യോഗത്തിൽ നിന്ന് വിട്ടുനിൽക്കാൻ ആർ.എസ്.പി തീരുമാനിച്ചിരുന്നു. എന്നാൽ, യു.ഡി.എഫ് യോഗത്തിന്‍റെ തൊട്ടുമുമ്പ് കോൺഗ്രസ് നേതാക്കൾ നടത്തിയ ചർച്ചയിൽ പ്രശ്നപരിഹാരമുണ്ടാകുകയായിരുന്നു.
തെരഞ്ഞെടുപ്പിലെ തോൽവിക്ക് ഏതെങ്കിലും കോൺഗ്രസ് നേതാവ് കാരണമായിട്ടുണ്ടെങ്കിൽ നടപടി നേരിേടണ്ടി വരുമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ പറഞ്ഞു. കോൺഗ്രസിന്‍റെ പുന:സംഘടനയിൽ അത്തരം നേതാക്കളെ ഒഴിവാക്കുമെന്നും സുധാകരൻ പറഞ്ഞു.
ആർ.എസ്.പി ഉന്നയിച്ച വിഷയങ്ങളിൽ ഹ്രസ്വകാലാടിസ്ഥാനത്തിലും ദീർഘകാലാടിസ്ഥാനത്തിലും കൈകൊള്ളേണ്ട നടപടി സംബന്ധിച്ച് ധാരണയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. പ്രശ്നപരിഹാരമുണ്ടാകുമെന്ന ഉറപ്പ് ലഭിച്ചിട്ടുണ്ടെന്ന് ആർ.എസ്.പി നേതാക്കളും പ്രതികരിച്ചു.
പ്രാദേശിക തലത്തിൽ തദ്ദേശസ്ഥാപനങ്ങളിലടക്കം ആർ.എസ്.പി-കോൺഗ്രസ് പ്രശ്നങ്ങളുണ്ട്. ഇവ പരിഹരിക്കാനും ചർച്ചയിൽ ധാരണയായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.