കുമ്പള (കാസർകോട്): ബംബ്രാണയിൽ എസ്.ഡി.പി.ഐ നേതാവിന്‍റെ കടക്ക് തീയിട്ടു. ബ്രാഞ്ച് പ്രസിഡൻറ് നാസർ ബംബ്രാണയുടെ പലചരക്ക് കടക്കാണ് തീയിട്ടത്. കഴിഞ്ഞ ദിവസം സി.പി.എം നേതാവ് കെ.കെ. അബ്ദുല്ലക്കുകുഞ്ഞിയുടെ വീട് ഒരു സംഘം മണ്ണുമാന്തി യന്ത്രമുപയോഗിച്ച് നിരപ്പാക്കിയിരുന്നു. ഇതിന്‍റെ തുടർച്ചയാണ് കടക്ക് തീയിട്ട സംഭവം എന്ന് കരുതുന്നു. പിന്നിൽ സി.പി.എമ്മാണെന്ന് എസ്.ഡി.പി.ഐ നേതാക്കൾ ആരോപിച്ചു.
സി.പി.എം നേതാവിന്‍റെ സ്ഥലവിഷയത്തിൽ എസ്.ഡി.പി.ഐയെ വലിച്ചിഴക്കുകയും പാർട്ടി ബ്രാഞ്ച് പ്രസിഡൻറിന്‍റെ കടക്ക് നേരെ ഇരുട്ടിന്‍റെ മറപിടിച്ചു കൊണ്ട് സി.പി.എം ക്രിമിനൽ സംഘം തീ വെക്കുകയും ചെയ്ത സംഭവത്തിൽ ശക്തമായി പ്രതിഷേധിക്കുന്നതായി ജില്ല വൈസ് പ്രസിഡൻറ് ഇഖ്ബാൽ ഹൊസങ്കടി പറഞ്ഞു.
ക്രിമിനൽ സംഘത്തെ നിലക്കുനിർത്താൻ നിയമപാലകർ മുന്നോട്ടുവരണം. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. സി.പി.എമ്മിൻറെ ഗുണ്ടായിസമാണ് ബംബ്രാണയിൽ നടന്നതെന്നും ഹൈകോടതി ഉത്തരവുണ്ടായ സ്വന്തം സ്ഥലത്തേക്ക് പോയതിനെയാണ് സി.പി.എം നേതാക്കളുടെ നേതൃത്വത്തിൽ കുഴപ്പങ്ങൾ സൃഷ്ടിച്ച് കൊടികുത്തിയതെന്നും അദ്ദേഹം പറഞ്ഞു. സി.പി.എമ്മുകാർ കത്തിച്ച കട നേതാക്കളായ ഇഖ്ബാൽ ഹൊസങ്കടി, അൻസാർ ഹൊസങ്കടി, മുബാറക് എന്നിവർ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.