മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും മേഖലാതല അവലോകന യോഗങ്ങള്‍ക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ മേഖലാതല അവലോകന യോഗങ്ങള്‍ക്ക് ചൊവ്വാഴ്ച തുടക്കമാവും. സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുക, വിവിധ പദ്ധതികൾ ആവിഷ്ക്കരിക്കൽ, ജില്ലകളിലെ വിവിധ വികസന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണൽ, ക്രമസമാധാന പ്രശ്‌നങ്ങൾ കണ്ടെത്തൽ എന്നിവയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന യോഗത്തിലൂടെ ലക്ഷ്യമിടുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജനങ്ങളിലേക്കിറങ്ങി മുഖം മിനുക്കാനുള്ള തയ്യാറെടുപ്പിന്‍റെ ഭാഗമായാണ് മേഖലാ അവലോകന യോഗങ്ങളും മണ്ഡലം സദസും സര്‍ക്കാര്‍ നടത്തുന്നത്.

നാല് മേഖലാതല അവലോകന യോഗങ്ങളാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിൽ ആദ്യത്തെ യോഗമാണ് ചൊവ്വാഴ്ച തിരുവനന്തപുരത്ത് നടക്കുക. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളുടെ അവലോകന യോഗം രാവിലെ ആരംഭിച്ച് ഉച്ച വരെ നീളും. മുഖ്യമന്ത്രിയും മന്ത്രിമാരും യോഗത്തില്‍ പങ്കെടുക്കും.

ഉച്ചക്ക് ശേഷം പൊലീസ് ഓഫിസര്‍മാരുടെ യോഗം ചേര്‍ന്ന് ക്രമസമാധാന പ്രശ്‌നങ്ങളും അവലോകനം ചെയ്യും. പാലക്കാട്, മലപ്പുറം, തൃശൂര്‍ ജില്ലകളുടെ മേഖലാതല അവലോകന യോഗം 29ന് തൃശൂരിലാണ് ചേരുന്നത്. എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളുടെ അവലോകന യോഗങ്ങള്‍ ഒക്ടോബര്‍ മൂന്നിന് എറണാകുളത്തും നടക്കും. കാസര്‍കോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളുടെത് ഒക്ടോബര്‍ അഞ്ചിനാണ് നടക്കുക. ഇതിന്റെ തുടര്‍ച്ചയായി നവംബറിലാണ് ജനസമ്പര്‍ക്കം ലക്ഷ്യമിട്ടുള്ള മണ്ഡലം സദസുകള്‍ തീരുമാനിച്ചിട്ടുള്ളത്.

Tags:    
News Summary - The sectoral review meetings of the Chief Minister and Ministers have started today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.