തിരുവനന്തപുരം: കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടന്നെങ്കിലും എ.ഐ കാമറയുടെ കാര്യക്ഷമത , പിഴവ് സാധ്യത എന്നിവയെ കുറിച്ച് കൈമലർത്തി മോട്ടോർ വാഹന വകുപ്പ്. സാങ്കേതിക കാര്യങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്താതെയാണ് കാമറ പദ്ധതി നടപ്പാക്കിയത്.
ഒരു റോഡിലൂടെ ഒരേ സമയം പത്തോളം വാഹനങ്ങൾ നിയമം ലംഘിച്ചെത്തിയാൽ കാമറ എത്ര കുറ്റം പിടികൂടുമെന്ന് ഇനിയും മോട്ടോർ വാഹനവകുപ്പിനറിയില്ല. പരിശോധിച്ചിട്ടില്ലെന്നാണ് മറുപടി. നിർമാതാക്കൾ നൽകിയ വിശദ കുറിപ്പിലും കാമറകളുടെ കാര്യക്ഷമത എത്രയെന്നില്ല. കറുത്ത സീറ്റിൽ കറുത്ത കുപ്പായമിട്ടയാൾ സീറ്റ് ബെൽറ്റ് ധരിച്ചോ ഇല്ലയോ എന്ന് എങ്ങനെ കണ്ടെത്തുമെന്നതിലെ ആശയക്കുഴപ്പം ഉദാഹരണം. കാര്യക്ഷമത കണ്ടെത്താൻ മോട്ടോർ വാഹനവകുപ്പ് ചെയ്തതും അശാസ്ത്രീയ സമീപനം. കൺട്രോൾ റൂമിൽ രണ്ടോ മൂന്നോ ഉദ്യോഗസ്ഥരെ ദൃശ്യങ്ങൾ പരിശോധിക്കാൻ നിയോഗിക്കുകയായിരുന്നു.
ലൗഡ് സ്പീക്കർ ഓൺ ആക്കിയോ കാറിലെ സ്പീക്കർ വഴി ബന്ധിപ്പിച്ചോ മൊബൈൽ ഫോണിൽ സംസാരിച്ചാൽ എങ്ങനെ പിടികൂടുമെന്നതിലും അവ്യക്തതയേറെ. ഫോൺ കൈയിൽ പിടിച്ച് സംസാരിക്കുന്നത് മാത്രമേ കാമറ തിരിച്ചറിയൂ. സംസാരിക്കാനല്ലാതെ ഫോൺ കൈയിലെടുത്താൽ കാമറ പിടികൂടുമോ എന്നതിലും മോട്ടോർ വാഹനവകുപ്പിന് ഉത്തരമില്ല. ഉദ്യോഗസ്ഥരുടെ സാന്നിധ്യം ആവശ്യമില്ലാതെ തന്നെ ഗതാഗത ലംഘനങ്ങളെല്ലാം പിടികൂടി കൺട്രോൾ റൂമിൽ എത്തിക്കുമെന്നതാണ് പുതിയ ട്രാഫിക് എഫോഴ്സ്മെൻറ് സംവിധാനത്തിന്റെ പ്രത്യേകതയായി മോട്ടോർ വാഹനവകുപ്പ് അവകാശപ്പെട്ടിരുന്നത്. ഇപ്പോൾ അവകാശവാദം വിഴുങ്ങിയെന്നു മാത്രമല്ല, പൊലീസ് കൺട്രോൾ റൂം മാതൃകയിൽ ഉദ്യോഗസ്ഥരെ നിയമിച്ചാണ് കുറ്റങ്ങൾ കണ്ടെത്തി മാന്വലായി കമ്പ്യൂട്ടറിലേക്ക് നൽകി ചെലാൻ തയാറാക്കുന്നത്.നമ്പർ പ്ലേറ്റ് തിരിച്ചറിഞ്ഞ് വാഹന വിവരങ്ങളിലേക്ക് കടക്കാൻ സാധിക്കുന്ന ‘ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെകഗ്നിഷൻ കാമറ പ്രൊസസർ’ മാത്രമാണ് പദ്ധതിയിൽ നിർമിത ബുദ്ധി എന്ന് അവകാശപ്പെടാനാകുന്നത്. ഈ സൗകര്യമാകട്ടെ, നടപ്പാക്കിയിട്ടുമില്ല. 726 കാമറകളിൽ 675 ഉം ഹെൽമറ്റും സീറ്റ് ബെൽറ്റും പിടികൂടാനാണ്. 25 എണ്ണം നോ പാർക്കിങ് മേഖലയിൽ വാഹനം പാർക്ക് ചെയ്യുന്നവരെ കണ്ടെത്താനും. സിഗ്നൽ ലംഘനത്തിന് 18 എണ്ണമാണുള്ളത്. അമിതവേഗം പിടികൂടാൻ വാഹനത്തിൽ ഘടിപ്പിച്ചവയടക്കം എട്ടെണ്ണവും. കാമറകളുടെ കാര്യക്ഷമത വിശദീകരിക്കാത്തതിനാൽ മറ്റ് എ.ഐ കാമറകളുമായി താരതമ്യം ചെയ്യാനും കഴിയുന്നില്ല. 98 ശതമാനം കൃത്യതയുള്ള കാമറയും പ്രൊസസറുമടക്കം 60,000 -75,000 രൂപക്ക് വിപണിയിലുണ്ട്. കെൽട്രോൺ നടപ്പാക്കിയതാകട്ടെ മൂന്നു ലക്ഷം രൂപയുടേതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.