തിരുവനന്തപുരം: കൈമടക്കിന് വഴിയൊരുക്കാൻ സ്മാർട്ട് ലൈസൻസ് കാർഡിനുള്ള ഓൺലൈൻ അപേക്ഷ സംവിധാനം അട്ടിമറിച്ചു. നിലവിലെ ലാമിനേറ്റ് ചെയ്ത ലൈസൻസ് കാർഡുകൾ പുതിയ പി.വി.സി പെറ്റ് ജി കാർഡിലേക്ക് മാറ്റുന്നതിന് ഓൺലൈൻ സംവിധാനത്തിലൂടെ അപേക്ഷിക്കാമെന്നായിരുന്നു ഗതാഗത മന്ത്രിയുടെ പ്രഖ്യാപനം. എന്നാൽ ഇടനിലക്കാർക്ക് സൗകര്യമൊരുക്കും വിധത്തിൽ അപേക്ഷകൾ നേരിട്ടെത്തിക്കണമെന്നാണ് മോട്ടോർവാഹന വകുപ്പിന്റെ പുതിയ നിർദേശം. ഓൺലൈൻ അപേക്ഷകളിൽ മുൻഗണനാ ക്രമം നിർബന്ധമാണ്. ആദ്യം കിട്ടിയ അപേക്ഷയേ ആദ്യം തീർപ്പാക്കാനാകൂ. അതേസമയം ഓൺലൈൻ സംവിധാനം എടുത്തുമാറ്റുന്നതോടെ ഇഷ്ടക്കാരുടെ അപേക്ഷകൾ ആദ്യം തീർപ്പാക്കാനാകും. കൈമടക്കുകാർക്ക് മുൻഗണന കിട്ടുകയും ചെയ്യും. 1.27 കോടി ഡ്രൈവിങ് ലൈസൻസുകളാണ് നിലവിൽ കേരളത്തിലുള്ളത്.
200 രൂപ ഫീസും 45 രൂപ പോസ്റ്റല്‍ ചാര്‍ജും ഉള്‍പ്പെടെ 245 രൂപ അടച്ച് ലൈസൻസ് കാർഡ് പുതുക്കാമെന്നിരിക്കെ ഓൺലൈൻ സംവിധാനം മാറ്റിയതോടെ പലയിടങ്ങളിലും 50 ഉം 100 ഉം രൂപ ഇടനിലക്കാർ അധികമായി ഈടാക്കാൻ തുടങ്ങിയിട്ടുണ്ട്. 245 രൂപക്ക് സ്മാർട്ട് കാർഡിലേക്ക് മാറാനുള്ള സൗകര്യം ഒരു വർഷത്തേക്കാണ് സർക്കാർ പ്രഖ്യാപിച്ചത്. അത് കഴിഞ്ഞാൽ ഡ്യൂപ്ലിക്കേറ്റ് കാർഡ് നിരക്കായ 1200 രൂപയും തപാൽ ചാർജും നൽകണം.
കുറഞ്ഞ നിരക്കിനുള്ള സമയപരിധി കുറവായതിനാൽ ലൈസൻസ് പുതുക്കലിന് ആളുകൾ കൂട്ടത്തോടെ അപേക്ഷ നൽകി. ഇതോടെ ഓഫിസുകളിൽ ഓൺലൈൻ അപേക്ഷകൾ കെട്ടിക്കിടക്കാൻ തുടങ്ങി. സ്മാർട്ട് കാർഡിലേക്ക് മാറ്റൽ അടിയന്തര ആവശ്യമല്ലെന്നും കാലാവധി കഴിഞ്ഞവർക്കും വിവരങ്ങൾ തിരുത്തുന്നവർക്കുമടക്കം അടിയന്തര ആവശ്യക്കാർക്ക് ഇതുമൂലം കാലതാമസമുണ്ടാകുന്നുവെന്നും ചൂണ്ടിക്കാട്ടിയുള്ള ഉദ്യോഗസ്ഥരുടെ സമ്മർദമാണ് ഓൺലൈൻ സംവിധാനം ഒഴിവാക്കാൻ കാരണം.
നിലവിൽ നേരിട്ട് ലഭിക്കുന്ന അപേക്ഷകൾ മാത്രമാണ് ആർ.ടി.ഒ ഓഫിസുകളിൽ പരിഗണിക്കുന്നതും തീർപ്പാക്കുന്നതും. ഓൺലൈൻ അപേക്ഷകൾ ഒഴിവാക്കിയ കാര്യം ആദ്യം തന്നെ ഓൺലൈനിൽ അപേക്ഷിച്ചവരെ അറിയിച്ചിട്ടില്ല. ഇവർ തപാലിൽ സ്മാർട്ട് കാർഡ് പ്രതീക്ഷിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.