നിർമിത ബുദ്ധിയുടെ കാലത്തിനനുസരിച്ച് വിദ്യാർഥികൾ സുസജ്ജരാകണമെന്ന് സ്പീക്കർ

കൊച്ചി: നിർമിത ബുദ്ധിയുടെ ആധുനിക കാലത്തിന് അനുസരിച്ച് വിദ്യാർത്ഥികൾ സുസജ്ജമാകുന്നതിനൊപ്പം മൂല്യങ്ങൾ സൂക്ഷിക്കുന്ന നല്ല മനുഷ്യരാകണമെന്നും നിയമസഭ സ്പീക്കർ എ.എൻ ഷംസീർ. കെ.എൻ ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ആവിഷ്‌കരിച്ച വൈപ്പിൻ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഏർപ്പെടുത്തിയ വിദ്യാഭ്യാസ അവാർഡ് സമർപ്പണ സമ്മേളനം ഓച്ചന്തുരുത്ത് സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ചാറ്റ് ജി.പി.ടി എന്തെന്ന് അറിയാതെ, തെറി പറയുന്ന യൂട്യൂബർമാരെ അറിയുന്ന പ്രതിലോമ പ്രവണതക്ക് അറുതി വരുത്തണം. പുതിയ കാലഘട്ടത്തിനനുസരിച്ച് മാറുന്ന ശാസ്ത്ര സാങ്കേതിക വിദ്യക്കൊത്ത് വിദ്യാർത്ഥികളും സമൂഹവും സുസജ്ജമാകണം. നിർമ്മിത ബുദ്ധിയുടെ കാലത്തിനനുസരിച്ച് നമ്മളും മാറണം. പുതിയ മേഖലകളിലേക്ക് സഞ്ചരിക്കാൻ സഹായകമായ വിദ്യാഭ്യാസ പാതകൾ തേടണം.

കേരളത്തിന്റെ വിദ്യാഭ്യാസമേഖല രാജ്യത്തിനു മാത്രമല്ല ലോകത്തിനു തന്നെ മാതൃകയാണ്. 10, 12 ക്ലാസുകളിലെ വിജയശതമാനവും നമ്മുടെ വിഭവശേഷി നൈപുണ്യവും അതാണ് തെളിയിക്കുന്നതെന്നും സ്പീക്കർ പറഞ്ഞു. 

ചടങ്ങിൽ കെ.എൻ ഉണ്ണിക്കൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. പത്ത്, പ്ലസ്‌ടു പരീക്ഷകളിൽ മുഴുവൻ എ പ്ലസോടെ ഇക്കൊല്ലം ഉന്നത വിജയം നേടിയ 470 കുട്ടികളെ അവാർഡ് നൽകി ആദരിച്ചു. ഭരണഘടന നിർമ്മാണ സഭയിലെ ഏക ദളിത് വനിത ദാക്ഷായണി വേലായുധന്റെ ജന്മദിനാഘോഷത്തോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സരത്തിൽ വിജയിച്ചവർക്കുള്ള പുരസ്‌കാരങ്ങളും സമ്മേളനത്തിൽ സമർപ്പിച്ചു.

ഡൽഹിയിൽ കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി തോമസ്,, മുൻ എം.എൽ.എ എം.എം മോനായി, ഡി.ഡി.ഇ ഹണി.ജി. അലക്‌സാണ്ടർ, ജില്ല പട്ടിക ജാതി വികസന ഓഫീസർ കെ.സന്ധ്യ, റോട്ടറി ഡിസ്‌ട്രിക്‌ട് ഗവർണർ ടി.ആർ വിജയകുമാർ എന്നിവർ വിശിഷ്‌ടാതിഥികളായി. 

Tags:    
News Summary - The speaker said that students should be well prepared for the era of artificial intelligence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.