‘കോൺ​ഗ്രസിന്‍റെ പ്രഖ്യാപിത ശത്രു സംഘപരിവാർ, ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള സി.പി.എം, ബി.ജെ.പി ശ്രമം തടയും’-വി.ഡി. സതീശൻ

തിരുവനനന്തപുരം: കോൺ​ഗ്രസിന്‍റെ പ്രഖ്യാപിത ശത്രു സംഘപരിവാറാണെന്നും കേരളത്തിലെ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള സി.പി.എം-ബി.ജെ.പി ശ്രമം തടയുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഒരു വിഷയം വീണുകിട്ടാൻ വർഗീയ വാദികൾ കാത്തിരിക്കുകയാണെന്നും ഭിന്നിപ്പുണ്ടാക്കി മുതലെടുക്കാനാണ് അവരുടെ ശ്രമമെന്നും സതീശൻ പറഞ്ഞു. അവർക്ക് ആയുധം കൊടുക്കാൻ ശ്രമിക്കരുത്. വിശ്വാസത്തെ ശാസ്ത്രവുമായി കൂട്ടികെട്ടരുതെന്നും സതീശൻ വ്യക്തമാക്കി. തൃശൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം

ബി.ജെ.പി നേതാക്കള്‍ക്കും കോണ്‍ഗ്രസിനും ഒരേ സ്വരമാണെന്നത് ഒരു ക്ലീഷെയാണെന്ന് വി.ഡി. സതീശൻ പറഞ്ഞു. മിത്ത് വിവാദത്തില്‍ എം.വി. ഗോവിന്ദന്‍റെ തിരുത്ത് സ്വാഗതാര്‍ഹമാണ്​. സ്പീക്കറും തിരുത്തിപ്പറഞ്ഞാല്‍ തീരാവുന്ന പ്രശ്നമേ ഉള്ളൂ. ഇപ്പോഴത്തെ വിവാദം സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള ഗൂഢാലോചനയാന്ന് സംശയിച്ചാലും തെറ്റില്ല. ധ്രുവീകരണം ഉണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് ശ്രമമെന്നും വർഗീയവാദികൾക്ക് ആയുധം കൊടുക്കുന്ന നിലപാട് സി.പി.എമ്മിന്റേതെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.

ഗോള്‍വാള്‍ക്കറിന്റെ വിചാരധാരയെ വിമര്‍ശിച്ചതിന് എനിക്കെതിരെ കണ്ണൂര്‍ കോടതിയില്‍ ആര്‍.എസ്.എസ് കേസ് നല്‍കിയിട്ടുണ്ട്. ഗോവിന്ദന് അറിയില്ലെങ്കില്‍ പറഞ്ഞുതരാം. അതാണ് യാഥാര്‍ഥ്യം. സ്പീക്കറുടെ കൈവെട്ടുമെന്ന് പറഞ്ഞ ബി.ജെ.പി നേതാവിനെതിരെ പോലീസ് കേസെടുത്തോ. എന്തുകൊണ്ടാണ് എടുക്കാത്തത്. നാമജപഘോഷയാത്രക്കെതിരെ കേസുണ്ട്. കൈവെട്ടുമെന്നും മോര്‍ച്ചറിയില്‍ കിടത്തുമെന്ന് പറഞ്ഞതിന്‌ കേസില്ല. എം.വി ഗോവിന്ദന്‍ ഡല്‍ഹിയില്‍ ചെന്നപ്പോള്‍ നിലപാട് തിരുത്തിയത് നല്ലകാര്യമാണ്. ഇതേ നിലപാട് സ്പീക്കര്‍ സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മിത്ത് പരാമര്‍ശം വർഗീയവാദികൾക്ക് ആയുധം നൽകി. സി.പി.എമ്മും ബി.ജെ.പിയും അത് ആളിക്കത്തിച്ചു. വിശ്വാസങ്ങളെ അവരവർക്ക് വിടുക എന്നതാണ് കോൺഗ്രസ് നിലപാട്​. മതപരമായ വിശ്വാസങ്ങളെ ശാസ്ത്രീയവുമായി കൂട്ടിക്കെട്ടേണ്ടതില്ല. അത്ഭുതങ്ങളിൽ എല്ലാ മതങ്ങളും വിശ്വസിക്കുന്നുണ്ട്. വർഗീയ വാദികൾക്ക് ആയുധം കൊടുക്കുന്നവരെ സൂക്ഷിക്കണം. ആയുധം കൊടുത്തവരും അതിനെ ഉപയോഗപ്പെടുത്തുന്നവരും തമ്മിലുള്ള ഗൂഢാലോചനയാണോ ഈ വിവാദം എന്നാണ് സംശയം.


Tags:    
News Summary - the speaker should correct his statement says VD Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.