കൊച്ചി: സംസ്ഥാനത്തെ തോട്ടം മേഖലയിൽ 3300 ഏക്കർ ഭൂമിക്കുകൂടി ഉടമസ്ഥാവകാശം ഉന്നയിച്ച് സംസ്ഥാന സർക്കാർ മുൻസിഫ് കോടതികളിൽ കേസ് ഫയൽ ചെയ്തു. ഇടുക്കി ജില്ലയിലെ സൂര്യനെല്ലി എസ്റ്റേറ്റുകളിലും തിരുവനന്തപുരത്തെ വിവാദമായ മെർക്കിസ്റ്റൺ എസ്റ്റേറ്റിലുമാണ് അവകാശവാദം ഉന്നയിച്ചത്. മെർക്കിസ്റ്റൺ എസ്റ്റേറ്റിന്റെ കൈവശക്കാർ പ്രമുഖ വ്യവസായി സേവി മനോമാത്യു അടക്കമുള്ളവരാണ്. കേസ് സ്വീകരിച്ച കോടതി കൈവശക്കാർ ഭൂമിയിൽ പ്രവേശിക്കുന്നത് തടഞ്ഞ് ഉത്തരവിട്ടു.
സൂര്യനെല്ലി എസ്റ്റേറ്റുകൾ വിൽക്കുകയോ, കൈമാറുകയോ, കടപ്പെടുത്തുകയോ ഇല്ലെന്ന ഹാരിസൺസ് മലയാളം കമ്പനിയുടെ ഉറപ്പ് സ്വീകരിച്ച കോടതി, എസ്റ്റേറ്റിന്റെ ദൈനംദിന പ്രവർത്തനങ്ങൾ നടത്താൻ അനുമതി നൽകി. സൂര്യനെല്ലി എസ്റ്റേറ്റുകൾക്കെതിരായ കേസ് ദേവികുളം മുൻസിഫ് കോടതിയിലും മെർക്കിസ്റ്റണ്‍ എതിരായ കേസ് നെടുമങ്ങാട് മുൻസിഫ് കോടതിയിലുമാണ് ഫയൽ ചെയ്തത്. തോട്ടം മേഖലയിലെ ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച് സർക്കാറിന് തർക്കമുണ്ടെങ്കിൽ അതത് മുൻസിഫ് കോടതികളെ സമീപിക്കാൻ ഹൈകോടതി ഉത്തരവിട്ടിരുന്നു. ഇതനുസരിച്ചാണ് ഇപ്പോൾ കേസുകൾ നൽകിവരുന്നത്.
25 ബ്ലോക്കുകളിലായി 2500 ഏക്കർ വരുന്നതാണ് സൂര്യനെല്ലി എസ്റ്റേറ്റുകൾ. 800 ഏക്കർ വരുന്നതാണ് മെർക്കിസ്റ്റൺ എസ്റ്റേറ്റ്. പൊന്മുടിയിലെ മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റിലെ 87 ഏക്കര്‍ പരിസ്ഥിതി ദുര്‍ബലപ്രദേശമായ വനഭൂമി വ്യാജരേഖ ചമച്ച് ഐ.എസ്.ആര്.ഒക്ക് കൈമാറിയത് വിവാദമായിരുന്നു.
സൂര്യനെല്ലി എസ്റ്റേറ്റുകൾ തിരുവിതാംകൂർ രാജാവ് 1800കളുടെ അവസാനഘട്ടത്തിൽ ഇംഗ്ലീഷ് കമ്പനിയായ മലയാളം പ്ലാന്റേഷന് തേയില, കാപ്പി കൃഷിചെയ്യാൻ ഗ്രാന്റായി നൽകിയതാണ് എന്നാണ് രേഖകളിലുള്ളത്. ഭൂമി ആർക്കും കൈമാറാൻ പാടില്ലെന്നും കൈമാറുകയാണെങ്കിൽ അത് മുൻകൂട്ടി സർക്കാറിനെ അറിയിച്ചിരിക്കണം, അത് വിൽപനയല്ലെന്നും കൃഷിക്കുവേണ്ടി നൽകിയതാണെന്നും ഉടമസ്ഥത അവകാശം സർക്കാറിനാണെന്നുമാണ് സർക്കാർ വാദം. മെർക്കിസ്റ്റൺ എസ്റ്റേറ്റിന്റെ ഉടമസ്ഥത തെളിയിക്കാൻ കൈവശക്കാർ കാര്യമായ രേഖകൾ ഹാജരാക്കാതിരുന്നതിനെ തുടർന്നാണ് കൈവശക്കാർ ഭൂമിയിൽ പ്രവേശിക്കുന്നത് തടഞ്ഞ് കോടതി ഉത്തരവിട്ടത്.
ഹൈകോടതി ഉത്തരവ് പ്രകാരം 2019 ജൂൺ ആറിനാണ് മുൻസിഫ് കോടതികളിൽ കേസ് ഫയൽ ചെയ്യാൻ നിർദേശിച്ച് ജി.ഒ.എം.സ് 172/2019/ആർ.ഡി നമ്പർ ഉത്തരവ് സർക്കാർ ഇറക്കിയത്. ഇതനുസരിച്ച് കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലായി ഒമ്പത് കേസുകൾ ഫയൽ ചെയ്തിരുന്നു. 26,000 ഏക്കർ ഭൂമിയാണ് ഈ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളത്. സംസ്ഥാനത്തെ 13 ജില്ലകളിലായി 150ലേറെ കേസുകളാണ് ഫയൽ ചെയ്യേണ്ടതെന്നാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.