ദേശീയപാതാ വികസനത്തിനുളള പദ്ധതി പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുവാന്‍ സംസ്ഥാനം ഇടപെടും-പി.എ. മുഹമ്മദ് റിയാസ്

തിരുവനന്തപുരം: കൊല്ലം- ആഞ്ഞിലിമൂട്, കോട്ടയം- പൊന്‍കുന്നം , മുണ്ടക്കയം- കുമിളി, ഭരണിക്കാവു മുതല്‍ അടൂര്‍- പ്ലാപ്പള്ളി- മുണ്ടക്കയം, അടിമാലി ജംഗ്ഷന്‍-കുമിളി എന്നിവയുടെ നിർമാണ പദ്ധതികള്‍ വേഗത്തില്‍ ആക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ഇടപെടും. പദ്ധതിക്കുള്ള അംഗീകാരം നേടിയെടുക്കുന്നതിന് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാന്‍ വകുപ്പു സെക്രട്ടറിയെ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ചുമതലപ്പെടുത്തി.

62.1 കിലോമീറ്ററില്‍ കൊല്ലം - ആഞ്ഞിലിമൂട് റോഡ് വികസിപ്പിക്കുന്നതിനാണ് വിഭാവനം ചെയ്യുന്നത് . ഭൂമി ഏറ്റെടുക്കലിന്റെ ഭാഗമായുള്ള 3 എ നോട്ടിഫിക്കേഷനുള്ള പ്രവര്‍ത്തനം തുടരുകയാണ്. 30.3 കിലോ മീറ്റര്‍ വരുന്ന കോട്ടയം- പൊന്‍കുന്നം റോഡ് വികസിപ്പിക്കുന്നതിനുള്ള അലൈന്‍മെന്റ് തയാറാക്കാനുള്ള പ്രവര്‍ത്തനം തുടരുകയാണ്. 55.15 കിലോ മീറ്ററില്‍ മുണ്ടക്കയം- കുമിളി റോഡും, 116.8 കിലോ മീറ്ററില്‍ ഭരണിക്കാവു മുതല്‍ അടൂര്‍-പ്ലാപ്പള്ളി -മുണ്ടക്കയം വരെ വികസിപ്പിക്കുന്നതിനുള്ള അലൈന്‍മെന്റ് അംഗീകരിച്ചിട്ടുണ്ട്.

അടിമാലി ജംഗ്ഷന്‍-കുമിളി വരെ 83.94 കിലോ മീറ്ററില്‍ പുതുക്കിയ അലൈന്‍മെന്റും തയാറാക്കി കഴിഞ്ഞു. ഈ റോഡുകളുടെ പദ്ധതി രേഖ വേഗത്തില്‍ തയാറാക്കുന്നതിന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തില്‍ ഇടപെടാനാണ് തീരുമാനിച്ചത്. ഭരണിക്കാവ്-അടൂര്‍-പത്തനംതിട്ട–മൈലപ്ര റോഡിലേയും കണമല –എരുമേലി റോഡിലേയും പെര്‍ഫോമെന്‍സ് ബേസ്ഡ് മെയിന്റനന്‍സ് കോണ്‍ട്രാക്ട് പ്രവൃത്തിയുടെ വിശദാംശങ്ങളും മന്ത്രി പരിശോധിച്ചു. ശബരിമല തീർഥാടനം ആരംഭിക്കും മുമ്പ് രണ്ടു റോഡുകളും പൂർണ ഗതാഗത യോഗ്യമാക്കുവാന്‍ മന്ത്രി നിർദേശിച്ചു.

ദേശീയപാതാ നിർമാണവുമായി ബന്ധപ്പെട്ട് കേരളത്തിലെ പ്രവർത്തികളെല്ലാം സമയബന്ധിതമായി പൂര്‍ത്തിയാക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. എല്ലാ പ്രവർത്തികളും കൃത്യമായ ഇടവേളകളില്‍ പരിശോധിക്കും. പ്രവർത്തിക്ക് അംഗീകാരം ലഭിക്കുന്നതിന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിയുമായി അടക്കം ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. മന്ത്രിക്കു പുറമെ വകുപ്പു സെക്രട്ടറി കെ. ബിജു, അഡീഷണല്‍ സെക്രട്ടറി എ. ഷിബു, ചീഫ് എഞ്ചിനീയര്‍മാരായ അജിത് രാമചന്ദ്രന്‍, എം. അന്‍സാര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

Tags:    
News Summary - The state will intervene to speed up the project activities for the development of national highways in the state-P.A. Muhammad Riaz

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.