കൊച്ചി : സിൽവർ ലൈൻ പദ്ധതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് പദ്ധതിയുടെ അലൈൻമെന്റിൽ താമസിക്കുന്ന 25,000 പേർ ഒപ്പിട്ട നിവേദനം കേന്ദ്ര റെയിൽവേ മന്ത്രിക്ക് സമർപ്പിക്കാൻ സംസ്ഥാന കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി. ഇതിനായി സംസ്ഥാനത്തെ വിവിധ ജില്ലകളിൽനിന്ന് ശേഖരിച്ച നിവേദനങ്ങൾ സംസ്ഥാന ചെയർമാന് കൈമാറി. പദ്ധതിയെ എതിർക്കുന്ന കേരളത്തിലെ എം.പിമാരുടെ സാന്നിധ്യത്തിൽ സമരസമിതിയുടെ നിവേദക സംഘം കേന്ദ്രമന്ത്രിയെ കാണാനും തീരുമാനിച്ചു.
എറണാകുളം അധ്യാപക ഭവനിൽ ചേർന്ന് യോഗം മുൻ എം.എൽ.എ ജോസഫ് എം പുതുശ്ശേരി ഉദ്ഘാടനം ചെയ്തു. ജനവിധിയിൽ നിന്ന് പാഠം ഉൾക്കൊള്ളാൻ സർക്കാർ തയാറായില്ലെങ്കിൽ ജനകീയ സമിതിയുടെ നേതൃത്വത്തിൽ കൂടുതൽ ശക്തമായ സമരവുമായി മുന്നോട്ടു പോകും എന്ന് അദ്ദേഹം പറഞ്ഞു.
സിൽവർ ലൈൻ പദ്ധതിക്ക് അനുമതി നൽകണം എന്നാവശ്യപ്പെട്ട് സംസ്ഥാന ധനകാര്യ മന്ത്രി കേന്ദ്ര ധനകാര്യ മന്ത്രിയെ സന്ദർശിച്ചതിന്റെ പശ്ചാത്തലത്തിൽ ചേർന്ന അടിയന്തരയോഗമാണ് തീരുമാനം എടുത്തത്. ഇക്കഴിഞ്ഞ പാർലമെൻറ് തെരഞ്ഞെടുപ്പിൽ സിൽവർ ലൈൻ പദ്ധതിയുടെ നടത്തിപ്പുകാർക്കെതിരെ നടത്തിയതുപോലെ ശക്തമായ പ്രചരണം നടത്തി, വരുന്ന തദ്ദേശ-അസംബ്ലി തെരഞ്ഞെടുപ്പുകളിൽ സമിതി ഇടപെടും.
തെരഞ്ഞെടുപ്പിൽ സംസ്ഥാന സർക്കാർ നയങ്ങൾക്കെതിരായ ജനവികാരം വ്യക്തമായി പ്രതിഫലിക്കുകയും പദ്ധതിയുടെ നടത്തിപ്പുകാരായ ഇടതുപക്ഷ മുന്നണി ശക്തമായി തിരിച്ചടി നേരിടുകയും ചെയ്തിട്ടും പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള ശ്രമം തുടരുന്നതിനാൽ സമരസമിതിയും കൂടുതൽ ശക്തമായ പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയാണ് എന്ന് സംസ്ഥാന ചെയർമാൻ എം.പി ബാബുരാജ്, ജനറൽ കൺവീനർ എസ്. രാജീവൻ എന്നിവർ പറഞ്ഞു.
സംസ്ഥാന ചെയർമാൻ എം.പി. ബാബുരാജ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരികളായ എം.ടി. തോമസ്, കെ. ശൈവപ്രസാദ്, അഡ്വ. ജോൺ ജോസഫ്, സംസ്ഥാന നേതാക്കളായ ചന്ദ്രാംഗദൻ മാടായി, അബൂബക്കർ ചെങ്ങാട്, വി.ജെ. ലാലി, ദീപാനന്ദൻ, പി.എം. ശ്രീകുമാർ, ബാബു കുട്ടൻചിറ, ബി. രാമചന്ദ്രൻ, എ. ഷൈജു, സി.കെ. ശിവദാസൻ, നസീറ സുലൈമാൻ, എ.ഒ. പൗലോ, എൻ.എ. രാജൻ, മൻസൂർ അലി, മധു ചെങ്ങന്നൂർ, സുരേഷ് അരിയെടത്ത്, ശരണ്യാ രാജ്, ഫാത്തിമ അബ്ബാസ്, കെ.പി. സാൽവിൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.