സിദ്ധാർഥനെ ആക്രമിച്ച വിദ്യാർഥികൾക്ക് മൂന്നു വർഷം പഠന വിലക്ക്

കൽപറ്റ: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥനെ ആൾക്കൂട്ട വിചാരണക്കും മർദനത്തിനും ഇരയാക്കിയ വിദ്യാർഥികൾക്കെതിരെ നടപടിയുമായി കോളജ് അധികൃതർ. സിദ്ധാർഥനെ ആക്രമിച്ച വിദ്യാർഥികൾക്ക് മൂന്നു വർഷം പഠന വിലക്ക് ഏർപ്പെടുത്തി. കോളജിൽ ഇന്ന് ചേർന്ന ആന്‍റി റാഗിങ് കമ്മിറ്റിയുടേതാണ് തീരുമാനം.

സിദ്ധാർഥൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കസ്റ്റഡിയിലായ മൂന്നു എസ്.എഫ്.ഐ നേതാക്കളുടെ അറസ്റ്റ് ഇന്ന് പൊലീസ് രേഖപ്പെടുത്തിയിരുന്നു. പൂക്കോട് സർവകലാശാല കോളജ് യൂനിയൻ പ്രസിഡന്റ് മാനന്തവാടി കണിയാരം കേളോത്ത് വീട്ടിൽ അരുൺ (23), എസ്.എഫ്.ഐ യൂനിറ്റ് സെക്രട്ടറി മാനന്തവാടി ക്ലബ് കുന്നിൽ ഏരി വീട്ടിൽ അമൽ ഇഹ്സാൻ (23)കോളജ് യൂനിയൻ അംഗം തിരുവനന്തപുരം വർക്കല ആസിഫ് മൻസിലിൽ എൻ. ആസിഫ് ഖാൻ(23) എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.

യൂണിയൻ അംഗം ആസിഫ് ഖാനെ വർക്കലയിൽ നിന്നാണ് പൊലീസ് ഇന്ന് കസ്റ്റഡിയിലെടുത്തത്. കെ. അരുൺ, അമൽ ഇഹ്സാൻ എന്നിവർ ഇന്നലെ പൊലീസിൽ കീഴടങ്ങിയിരുന്നു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം പത്തായി. കേസിൽ ഇനി എട്ടു പേരാണ് പിടിയിലാകാനുള്ളത്.

പൊലീസ് പട്ടിക പ്രകാരം 18 പേരാണ് കേസിലെ പ്രതികൾ. എന്നാൽ, 25ലധികം പേർ കൂടിനിന്ന് മൂന്നു മണിക്കൂർ നേരം സിദ്ധാർഥിനെ ക്രൂരമായി മർദിച്ചെന്നാണ് വിദ്യാർഥികൾ പറയുന്നത്. മറ്റു പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസ് ഇറക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

അതിനിടെ, സിദ്ധാർഥന്‍റെ മരണവുമായി ബന്ധപ്പെട്ട് ആറു വിദ്യാർഥികളെ കൂടി ഇന്ന് സസ്‌പെൻഡ് ചെയ്തു. അറസ്റ്റിലായ ബിൽഗേറ്റ് ജോഷ്വാ, എസ്. അഭിഷേക് (കോളജ് യൂനിയൻ സെക്രട്ടറി), ഡി. ആകാശ്, ഡോൺസ് ഡായി, രഹൻ ബിനോയ്, ആർ.ഡി. ശ്രീഹരി എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. 12 വിദ്യാർഥികളെ ഫെബ്രുവരി 22ന് സസ്‌പെൻഡ് ചെയ്തിരുന്നു. ഇതോടെ കേസിൽ പ്രതി ചേർത്ത 18 പേരെയും സസ്പെൻഡ് ചെയ്തു.

ഫെബ്രുവരി 18നാണ് ബി.വി.എസ്‍സി രണ്ടാംവര്‍ഷ വിദ്യാർഥിയായ സിദ്ധാർഥനെ (21) വെറ്ററിനറി സര്‍വകലാശാലയിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രണയദിനത്തില്‍ കോളജിൽ വിദ്യാർഥിനികൾക്കൊപ്പം നൃത്തം ചെയ്തതിനെ തുടർന്നുണ്ടായ തര്‍ക്കത്തിൽ സിദ്ധാര്‍ഥന് ക്രൂരമര്‍ദനവും ആള്‍ക്കൂട്ട വിചാരണയും നേരിടേണ്ടി വന്നിരുന്നു.

മൂന്നു ദിവസം ഭക്ഷണം പോലും നല്‍കാതെ തുടര്‍ച്ചയായി മര്‍ദിച്ചു. നിലത്തിട്ട് നെഞ്ചിലും വയറ്റിലുമെല്ലാം ചവിട്ടിയതിന്റെയും ദേഹത്ത് ബെല്‍റ്റ് കൊണ്ടടിച്ചതിന്‍റെയും അടയാളങ്ങളുണ്ടായിരുന്നു. ഇലട്രിക് വയർ കൊണ്ട് കഴുത്തില്‍ കുരുക്കിട്ടതായും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു.

Tags:    
News Summary - The students who attacked Siddhartha were banned from studying for three years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.