സാങ്കേതിക സർവകലാശാല ഐ.ടി മേധാവിയെ മാറ്റിയ വൈസ് ചാൻസലറുടെ നടപടി തടഞ്ഞു

തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിലെ ഐ.ടി വിഭാഗം മേധാവി ടി. ബിജുമോനെ മാറ്റി പകരം താൽക്കാലിക ജീവനക്കാരിയെ നിയമിച്ച വൈസ് ചാൻസലർ ഡോ. സിസ തോമസിന്റെ ഉത്തരവ് ബോർഡ്‌ ഓഫ് ഗവർണേഴ്സ് താൽക്കാലികമായി തടഞ്ഞു. വൈസ് ചാൻസലറുടെ വിയോജിപ്പോടെയാണ് തീരുമാനം. അസീം റഷീദ് അവതരിപ്പിച്ച അടിയന്തര പ്രമേയത്തെ ബോർഡ് അംഗങ്ങളായ എം.എൽ.എമാരും കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലറും വ്യവസായ പ്രതിനിധികളും ഐ.ഐ.ടി/എൻ.ഐ.ടി പ്രഫസർമാരുമടക്കമുള്ള മുഴുവൻ അംഗങ്ങളും പിന്തുണച്ചു.

സർവകലാശാല സെർവറിലെ വിദ്യാർഥികളുടെ വ്യക്തി വിവരങ്ങളടക്കമുള്ള ഡാറ്റയുടെ സുരക്ഷിതത്വം സ്ഥിരം ഉദ്യോഗസ്ഥനിൽനിന്ന് മാറ്റുന്നതിൽ രൂക്ഷമായ എതിർപ്പാണ് അംഗങ്ങൾ ഉയർത്തിയത്. സർവകലാശാല ഉദ്യോഗസ്ഥ പുനർവിന്യാസം സംബന്ധിച്ച് വൈസ് ചാൻസലർ ഉന്നയിച്ച ആവശ്യങ്ങൾ പരിശോധിക്കാൻ ഡോ. സതീഷ് കുമാർ, ജി. സഞ്ജീവ്, അസീം റഷീദ് എന്നിവരുൾപ്പെട്ട സമിതിയെ ചുമതലപ്പെടുത്തി.

ആർത്തവ കാലത്ത് പെൺകുട്ടികൾക്ക് അധികഅവധി അനുവദിക്കണമെന്ന സർവകലാശാല യൂനിയന്റെ നിവേദനം പ്രമേയമായി സ്റ്റുഡന്റ് അഫയേഴ്സ് സ്റ്റാൻഡിങ് കമ്മിറ്റി കൺവീനർ ജി. സഞ്ജീവ് അവതരിപ്പിച്ചത് ഏകകണ്ഠമായി അംഗീകരിച്ചു.

Tags:    
News Summary - The Technical University blocked the action of the Vice-Chancellor who replaced the Head of IT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.