കോന്നി: കഴിഞ്ഞ നാലരവർഷക്കാലമായി കോന്നിയിൽ സേവനമനുഷ്ഠിച്ച കോന്നി ഡി.എഫ്.ഒ ശ്യാം മോഹൻലാൽ വനംവകുപ്പിന്‍റെ ആസ്ഥാന മന്ദിരത്തിലേക്ക് മാറ്റംകിട്ടി പടിയിറങ്ങുമ്പോൾ അദ്ദേഹത്തിന്‍റെ കാലയളവിൽ കോന്നി വനം ഡിവിഷന് ലഭിച്ചത് ശ്രദ്ധേയമായ വികസനം. ജില്ലയിലെ ഗോത്രവർഗ പ്രദേശങ്ങളിൽ പ്രധാനപ്പെട്ടതായ ആവണിപ്പാറ ഗിരിവർഗ കോളനിയിൽ വെളിച്ചമെത്തി എന്ന ചരിത്രനേട്ടത്തിന് ചുക്കാൻപിടിച്ചത് ഡി.എഫ്.ഒ ശ്യാം മോഹൻലാലായിരുന്നു. 2019ലാണ് ആവണിപ്പാറ ഗിരിവർഗ കോളനിയിൽ വെളിച്ചം എത്തുന്നത്.
കൂടാതെ മുൻ വനംവകുപ്പ് മന്ത്രി അഡ്വ. കെ. രാജുവിന്‍റെ നിർദേശപ്രകാരം അച്ചൻകോവിൽ അലിമുക്ക് റോഡ് വനാവകാശ നിയമം അനുസരിച്ച് ടാർ ചെയ്ത് നവീകരിച്ചതും അദ്ദേഹത്തിന്‍റെ മികച്ച നേട്ടങ്ങളിൽ ഒന്നായിരുന്നു. ശല്യക്കാരായ കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാം എന്ന ഉത്തരവ് സംസ്ഥാനത്ത് ആദ്യമായി നടപ്പിൽവരുത്തിയതും കോന്നിയിലാണ്. ഡി.എഫ്.ഒയുടെ ഉത്തരവ് പ്രകാരം ആരുവാപ്പുലം പഞ്ചായത്തിലെ കല്ലേലിയിലാണ് കോന്നി റേഞ്ച് ഓഫിസറായിരുന്ന സലിൽ ജോസ് ആദ്യത്തെ ശല്യക്കാരായ കാട്ടുപന്നിയെ വെടിവെച്ച് കൊന്നത്.
കാലപ്പഴക്കം ചെന്നതും ചോർന്നൊലിക്കുന്നതുമായ ഫോറസ് സ്റ്റേഷൻ കെട്ടിടങ്ങൾ ഉണ്ടായിരുന്ന കോന്നി വനംഡിവിഷനിൽ അഞ്ച് മാതൃക ഫോറസ്റ്റ് സ്റ്റേഷൻ ഉദ്ഘടനം ചെയ്യപ്പെടുകയും ആറാമത്തെ ഫോറസ്റ്റ് സ്റ്റേഷൻ കെട്ടിടം നിർമാണം നടന്നുവരുന്നതും അദ്ദേഹത്തിന്‍റെ ശ്രമഫലമാണ്. കേരളം നേരിട്ട രണ്ട് മഹാപ്രളയങ്ങളെ അതിജീവിക്കുവാൻ അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിലെ കുട്ടവഞ്ചികൾ പ്രയോജനപ്പെടുത്തിയതും പ്രധാന സംഭവങ്ങളിൽ ഒന്നായിരുന്നു.
ഏറ്റവും ഒടുവിൽ അദ്ദേഹം കോന്നി വനംഡിവിഷന്‍റെ പടിയിറങ്ങുമ്പോൾ ആവണിപ്പാറ ഗിരിവർഗ കോളനിയിലേക്ക് നടപ്പാലം സ്ഥാപിക്കുന്നതിനുള്ള അനുമതി ഫയലിൽ വനാവകാശ നിയമപ്രകാരം ഒപ്പുവെച്ചാണ് തിരുവനന്തപുരം ഹെഡ് ഓഫിസിലേക്ക് മടങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.