അപകടത്തിൽപ്പെടുന്നവരെ സഹായിക്കുന്നവർക്കെതിരെ കേസെടുക്കുന്ന പ്രവണത ശരിയല്ല- ഹൈകോടതി

കൊച്ചി: റോഡപകടങ്ങളിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നവരെ കേസിൽ പ്രതിയാക്കുന്ന പ്രവണത ശരിയല്ലെന്ന്​ ഹൈകോടതി. കേസെടുക്കുന്ന സാഹചര്യമുണ്ടായാൽ സഹായിക്കാൻ വരുന്നവർ രണ്ടുവട്ടം ആലോചിക്കുന്ന സ്ഥിതി വിശേഷമുണ്ടാകുമെന്നും ജസ്റ്റിസ് സോഫി തോമസ്​ മുന്നറിയിപ്പ്​ നൽകി. കോട്ടയം അതിരമ്പുഴ സ്വദേശിയായ അലക്‌സാണ്ടർ കുര്യൻ ബൈക്കപകടത്തിൽ മരിച്ച സംഭവത്തിൽ കോട്ടയം എം.എ.സി.ടി നഷ്ടപരിഹാരം നിഷേധിച്ചതിനെതിരെ അമ്മയും ഭാര്യയും നൽകിയ ഹരജി തള്ളിയാണ്​ ​കോടതി നിരീക്ഷണം.

2010 മാർച്ച് അഞ്ചിന് കടുത്തുരുത്തിക്ക്​ സമീപം അലരിയിലായിരുന്നു അപകടം. അലക്‌സാണ്ടറുടെ ബൈക്ക് എതിരെവന്ന ഓട്ടോയിലിടിച്ചാണ് അപകടമെന്നും ഇൻഷുറൻസ് കമ്പനി 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നുമാണ് ബന്ധുക്കൾ ട്രൈബ്യൂണലിൽ ആവശ്യപ്പെട്ടത്. എന്നാൽ, തന്‍റെ ഓട്ടോയിലിടിച്ചല്ല അപകടമെന്നും പരിക്കേറ്റ അലക്‌സാണ്ടറെ ആശുപത്രിയിൽ എത്തിച്ച തന്നെ പൊലീസ് അന്യായമായി പ്രതി ചേർത്തതാണെന്നും ഓട്ടോ ഡ്രൈവറായ കടുത്തുരുത്തി സ്വദേശി ബാബുജോസഫ് വാദിച്ചു.

ഓട്ടോഡ്രൈവറെ പൊലീസ് പ്രതിചേർത്തെങ്കിലും പിന്നീട്​ ഇയാൾ നൽകിയ പരാതിയിൽ തുടർ അന്വേഷണം നടത്തി കുറ്റക്കാരനല്ലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ശാസ്ത്രീയ പരിശോധനയിൽ ബൈക്ക് ഓട്ടോയിലിടിച്ചിട്ടില്ലെന്നും അലക്‌സാണ്ടർ ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട്​ തെന്നി വീണാണ് അപകടമെന്നും കണ്ടെത്തി. ഈ സാഹചര്യത്തിൽ നഷ്ടപരിഹാരം നിഷേധിച്ച ട്രൈബ്യൂണൽ ഉത്തരവിൽ അപാകതയില്ലെന്നും​ ഹൈകോടതി വിലയിരുത്തി. 

Tags:    
News Summary - The trend of suing those who help accident victims is not right- High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.